പി.പി. ദിവ്യ (File Photo)
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ സിൽക്കിൽ (സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ്) നിന്ന് വിജിലൻസ് സംഘം സുപ്രധാന രേഖകൾ പിടിച്ചെടുത്തു.
കണ്ണൂരിലെ ഓഫിസിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ അഞ്ചു ഫയലുകൾ പിടിച്ചെടുത്തതായാണ് സൂചന. സിൽക്ക് മുഖേനയാണ് കാർട്ടൺ ഇന്ത്യക്ക് ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.
കാർട്ടൺ ഇന്ത്യ കമ്പനി ഏറ്റെടുത്ത് നടപ്പാക്കിയ 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളടക്കം വിവിധ രേഖകൾ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അഴിമതി ആരോപണം ഉയർന്ന ഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് കരാറു നൽകിയതെന്നായിരുന്നു ജില്ലാ പഞ്ചായത്ത് അധികൃതരുടെ വാദം.
കാർട്ടണ്‍ ഇന്ത്യക്ക് ഉപകരാർ നൽകിയത് സില്‍ക്കാണ്. സിൽക്കിന് നൽകിയ കരാറുകളിൽ ഭൂരിഭാഗവും എങ്ങനെ കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ കൈവശം എത്തിയെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.
ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് പിടിച്ചെടുത്ത ഫയലുകൾ പരിശോധിക്കുന്നതിനായി വിദഗ്ധരുടെ സേവനവും വിജിലൻസ് തേടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ നിന്നും സിൽക്കിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചുവരികയാണെന്നും അതിനുശേഷമാകും തുടർനടപടികളിലേക്ക് നീങ്ങുകയെന്നും വിജിലൻസ് സംഘം പറഞ്ഞു.