മുഹമ്മദ്
കാസർഗോഡ്: മാല പൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പതിനഞ്ച് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലിസ് എറണാകുളത്തുനിന്ന് സാഹസികമായി പിടികൂടി.
കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്താണ് എറണാകുളം കളമശേരിയിൽ നിന്ന് അന്വേഷണ സംഘത്തിന്‍റെ വലയിലായത്. 2011 മേയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബേഡകം ചെമ്പക്കാട് വച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് ബൈക്കിലെത്തിയ പ്രതി രണ്ടേമുക്കാൽ പവൻ വരുന്ന സ്വർണ താലിമാല കവർന്നു. മാല പിടിച്ചുപറിക്കുന്നതിനിടയിലുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു.
തുടർന്ന് ബേഡകം പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന ഇയാളെ കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിക്കെതിരെ കാസർഗോഡ് പൊലിസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കളമശേരിയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Theft Chain Arrested Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash