രാജീവ് ചന്ദ്രശേഖർ എംഎൽഎ
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും ഡൽഹിയിലും കേരളത്തിലും വ്യത്യസ്ത നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ഡൽഹിയിൽ രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും സ്ത്രീകളുടെയും യുവാക്കളുടെയും അവകാശങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നു.
അതേസമയം, കേരളത്തിൽ അദ്ദേഹത്തിന്റെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ മറ്റൊന്നാണ്. കേരളത്തിൽ അദ്ദേഹവും കോൺഗ്രസും ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുമ്പോൾ തന്നെ ഭരണഘടനയ്ക്കെതിരായ നിലപാട് പുലർത്തുന്ന, മതേതരത്വത്തിന് തീർത്തും വിരുദ്ധമായതും ബംഗ്ലാദേശിലുണ്ടായ അരാജകത്വത്തിന് പിന്നിൽ പ്രവർത്തിച്ചതുമായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ രാഷ്ട്രീയ സഖ്യത്തിലാണ്.
തങ്ങളുടെ ഏക ലക്ഷ്യം "മതം, മതം, മതം' മാത്രമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലെ മന്ത്രിമാർ എന്നത് മറക്കരുത്.
ദില്ലിയിൽ അദ്ദേഹം ഇന്ത്യയിലെ യുവാക്കളുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ കേരളത്തിൽ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുള്ള പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് വിസമ്മതിക്കുന്നു.
മറ്റെല്ലായിടങ്ങളിലും അദ്ദേഹം ഭരണഘടനയെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ കേരളത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാനും അവരെ വീടുകൾക്കുള്ളിൽ ഒതുക്കിനിർത്താനും ആഗ്രഹിക്കുന്നവരുമായാണ് രാഹുലിന്റെ രാഷ്ട്രീയ സഖ്യം. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും രാജീവ് പറഞ്ഞു.
Tags : Rahul Gandhi BJP State President Rajeev Chandrasekhar against Congress