ടോമിൻ ജെ. തച്ചങ്കരി
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രാ അനുമതി തേടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഗുരുതരമായ രോഗമാണെന്ന് പറയുന്നയാൾ എങ്ങനെയാണ് വിദേശത്ത് പോയി ജോലി ചെയ്യുന്നതെന്ന് കോടതി ചോദിച്ചു.
ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്ന് ഓർമ്മിപ്പിച്ച കോടതി, കോടതിയെ കബളിപ്പിക്കാൻ നോക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. കേസ് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ശിക്ഷിക്കപ്പെട്ടതിനു ശേഷം അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്നാണ് ജസ്റ്റീസ് എ. ബദറുദ്ദീൻ കഴിഞ്ഞദിവസവും വിമർശിച്ചത്. 'ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം' കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നും കോടതി പറഞ്ഞിരുന്നു.
2003 മുതൽ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17നാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിയെ നാല് വർഷം കഠിന തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തുടർന്ന് ഒക്ടോബർ 15ന് അപ്പീൽ തീർപ്പാകുന്നതുവരെ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് ജോലി ആവശ്യത്തിനായി വിദേശത്ത് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി കോടതിയെ സമീപിച്ചത്.
Tags : TominJThachankary HighCourts ForeignTravel Criticism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash