കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ മറുപടി രേഖാമൂലം സമര്‍പ്പിക്കാനായി സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയത്.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഡിജിപിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും നിയമപുസ്തകത്തില്‍ യാതൊരുവിധ വിവേചനവുമില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു.
ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാല്‍ ഗുരുതര കുറ്റകൃത്യം നടന്നതായി വിചാരണ കോടതി കണ്ടെത്തിയെന്നും ശിക്ഷ മരവിപ്പിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
കോട്ടയം വിജിലന്‍സ് കോടതിയാണ് തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവും മുപ്പത് ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചത്. 2003 ജനുവരി ഒന്ന് മുതല്‍ 2007 ജൂലായ് ഏഴ് വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ 64 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
എന്നാല്‍ തന്റെ കുടുംബസ്വത്ത്, ലഭിക്കുന്ന വാടക വിവരങ്ങള്‍, വരവ് ചെലവ് കണക്കുകള്‍ എന്നിവ പരിശോധിക്കുന്നതില്‍ വിജിലന്‍സ് കോടതിക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. ഇതില്‍ വിശദമായ വാദം കേട്ട് ശിക്ഷ റദ്ദാക്കണം, അതുവരെ ഇടക്കാല ജാമ്യം നല്‍കണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം.