മന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ജുവനൈൽ കുറ്റകൃത്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മന്ത്രി രമേശ് ചെന്നിത്തല. ജുവനൈൽ നിയമത്തിന്റെ ആനുകൂല്യം മറയാക്കി 18 വയസ് തികയാത്തവർക്ക് ആരെയും ആക്രമിക്കാനും കൊലപ്പെടുത്താനും കഴിയുമെന്ന ധാരണ വളരുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജുവനൈൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്ന പ്രവണത നിയന്ത്രിക്കുന്നതിനും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2000-ലാണ് ജുവനൈൽ നിയമം പാസാക്കിയത്. പിന്നീട് നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ നിയമത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി 18 വയസിൽ താഴെയുള്ളവർ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന പരാതി ഉയരുന്നുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. 2016-ൽ ജുവനൈൽ നിയമവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ചട്ടപ്രകാരം ക്രൂരമായ കൊലപാതകം നടത്തുന്നവർക്ക് ഏഴുവർഷം വരെ കഠിനതടവ് ലഭിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
മനഃപൂർവമല്ലാത്ത നരഹത്യയാണെങ്കിൽ ശിക്ഷ അഞ്ച് വർഷമായി കുറയും. ഏഴുവർഷം തടവ് ലഭിക്കാവുന്ന കേസുകളിൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ചേരാനല്ലൂർ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യയാണെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം തിരുവനന്തപുരത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ സംഭവം അതീവ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
17, 18 വയസുള്ളവരാണ് മറ്റൊരു 17 വയസുകാരനെ കൊലപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്തവരായതിനാൽ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാമെന്ന ചിന്തയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. ജുവനൈൽ നിയമത്തിന്റെ മറവിൽ ഗുരുതര കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യം ഗൗരവമായി കാണണമെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Tags : Ramesh Chennithala Juvenile Act Juvenile Crime Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash