പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി കണ്ടെത്തി. സർക്കാർ പരിശോധനയിലാണ് നിർണായകമായ ഈ കണ്ടെത്തൽ. ചില പമ്പുകളിൽ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ ഉയർന്നതായാണ് പരിശോധനാഫലം. ഇന്ത്യയിൽ പെട്രോളിൽ അനുവദിച്ചിട്ടുള്ള എഥനോൾ മിശ്രണ പരിധി 20 ശതമാനമാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി പ്രമുഖ എണ്ണക്കമ്പനികളുടെ പമ്പുകളിൽനിന്ന് 63 സാമ്പിളുകളാണ് സർക്കാർ ശേഖരിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഷെൽ, നയാര എനർജി എന്നീ കമ്പനികളുടെ പമ്പുകളിൽനിന്നുള്ള സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധിച്ച പമ്പുകളിൽ അഞ്ചിൽ നാലിലും എഥനോളിന്റെ അളവ് അനുവദനീയമായ പരിധി മറികടന്നതായാണ് സർക്കാരിന്റെ കണ്ടെത്തൽ.
ആദ്യഘട്ടത്തിൽ സാമ്പിളുകൾ എണ്ണക്കമ്പനികളുടെ ആഭ്യന്തര ലബോറട്ടറികളിലാണ് പരിശോധിച്ചത്. എന്നാൽ എഥനോളിന്റെ അളവ് ഉൾപ്പെടെയുള്ള നിർണായക പരിശോധനാ വിവരങ്ങൾ കമ്പനികൾ വ്യക്തമായി പുറത്തുവിട്ടില്ലെന്നാണ് സർക്കാരിന്റെ ആരോപണം. പരിശോധനാഫലങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്നാണ് സാമ്പിളുകൾ സ്വകാര്യ ലബോറട്ടറികളിലേക്ക് അയക്കാൻ തീരുമാനിച്ചത്. എച്ച്പിസിഎൽ പമ്പുകളിൽനിന്നുള്ള സാമ്പിളുകളിൽ 30.5, 27 ശതമാനം വീതം എഥനോൾ കണ്ടെത്തി.
ബിപിസിഎൽ സാമ്പിളുകളിൽ 26.5, 24.2, 22.6 ശതമാനമാണ് രേഖപ്പെടുത്തിയത്. നയാര എനർജിയുടെ സാമ്പിളിൽ 26.1 ശതമാനവും ഷെല്ലിന്റെ സാമ്പിളിൽ 25.5 ശതമാനവും എഥനോൾ കണ്ടെത്തി. ഐഒസിഎൽ പമ്പിൽനിന്ന് ശേഖരിച്ച സാമ്പിളിലാണ് ഏറ്റവും ഉയർന്ന അളവായ 31.2 ശതമാനം രേഖപ്പെടുത്തിയത്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അംഗീകാരവും ഐഎസ്ഒ സർട്ടിഫിക്കേഷനുമുള്ള സ്വകാര്യ ലബോറട്ടറികളിലാണ് തുടർപരിശോധന നടത്തിയത്.
സർക്കാർ പുറത്തുവിട്ട 14 സാമ്പിളുകളുടെ പരിശോധനാഫലത്തിൽ എഥനോളിന്റെ അളവ് 13.5 മുതൽ 31.2 ശതമാനം വരെയാണ്. ബംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽനിന്നുള്ള സാമ്പിളുകളിൽ ഇ20 പരിധി മറികടന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ എഥനോൾ മിശ്രണ നയത്തിനെതിരെ കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് രംഗത്തെത്തി.
എഥനോൾ ചേർക്കുന്നതിന്റെ സാമ്പത്തിക ബാധ്യത സാധാരണ ഉപഭോക്താക്കളാണ് വഹിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധനക്ഷമത കുറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 62,000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകാമെന്നാണ് മന്ത്രിയുടെ വാദം.
Tags : Ethanol Blending Karnataka Petrol Fuel Adulteration Petrol Pumps E20 Fuel Indian Oil Corporation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash