Business
ന്യൂഡൽഹി: മുട്ടകൾ മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ അഥോറിറ്റി - ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇന്നലെ വ്യക്തമാക്കി. ഇന്ത്യയിൽ വിൽക്കുന്ന മുട്ടകൾ സുരക്ഷിതമാണ്, അവയ്ക്കു കാൻസർ സാധ്യതയുമായി ബന്ധിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും എഫ്എഎസ്എഐ അറിയിച്ചു.
മുട്ടയിൽ കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയകളിലുണ്ടായിരുന്നു. ഈ പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയ അടിത്തറയില്ലാത്തതും അനാവശ്യ പൊതുജന ആശങ്ക സൃഷ്ടിക്കാനുള്ളതുമാണെന്ന് ഭക്ഷ്യ സുരക്ഷാ അഥോറിറ്റി അവകാശപ്പെട്ടു.
മുട്ടയിൽ കാൻസറിനു കാരണമാകുന്നതും ആരോഗ്യത്തിനു ഹാനികരവുമായ നൈട്രോഫുറാൻ മെറ്റബോളൈറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന പ്രചാരണങ്ങൾ സോഷ്യൽ മീഡിയകളിൽ അടുത്തിടെ വന്നിരുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം പ്രചാരണങ്ങൾ ഉപഭോക്താക്കളിൽ പരിഭ്രാന്തിയുണ്ടാക്കുന്നതാണന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
2011 ലെ ഭക്ഷ്യസുരക്ഷാ നിലവാര ചട്ടങ്ങൾ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫുറാൻ വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. ഇന്ത്യയുടെ ഭക്ഷ്യശൃംഖലയിൽ ഇവയുടെ ഉപയോഗം അനുവദനീയമല്ല.
ബ്രാൻഡഡും അല്ലാത്തതുമായ മുട്ടകൾ രാജ്യവ്യാപകമായി പരിശോധനയ്ക്കു വിധേയമാക്കാൻ ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിർദേശം നൽകിയതിനു പിന്നാലെയാണ് ഈ വിശദീകരണം വന്നത്. ചില മുട്ടസാന്പിളുകളിൽ, നിരോധിക്കപ്പെട്ട രാസാവശിഷ്ടങ്ങളുടെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വൈറലായതോടെ പൊതുജനങ്ങളിൽ വർധിച്ചുവന്ന ആശങ്ക പരിഹരിക്കാനാണ് ഇത്തരമൊരു മുൻകരുതൽ സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ അഥോറിറ്റി നൽകുന്ന നിർദേശം
ലബോറട്ടറി റിപ്പോർട്ടുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി എക്സ്ട്രേനിയസ് മാക്സിമം റെസിഡ്യു ലിമിറ്റ് (ഇഎംആർഎൽ) അഥവാ രാസാവശിഷ്ടങ്ങളുടെ പരമാവധി പരിധി അഥോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. നൈട്രോഫുറാൻ മെറ്റബോളൈറ്റുകൾക്ക് കിലോഗ്രാമിന് 1.0 മൈക്രോഗ്രാം എന്ന ഇഎംആർഎൽ നിശ്ചയിച്ചിട്ടുണ്ട്. ഈ അളവ് പരിശോധനകൾക്ക് ഒരു മാനദണ്ഡം മാത്രമാണ്.
ആധുനിക ലബോറട്ടറികൾക്ക് കൃത്യമായി കണ്ടെത്താൻ കഴിയുന്ന ഏറ്റവും കുറഞ്ഞ അളവാണ് ഈ പരിധി. ഇതിനർഥം, ഈ പദാർഥം ഭക്ഷണത്തിൽ അനുവദനീയമാണ് എന്നല്ല. (ഇത് മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതല്ല; മറിച്ച്, പരിസ്ഥിതിയിൽനിന്നോ തീറ്റയിൽനിന്നോ അപ്രതീക്ഷിതമായി കലരുന്നതാണ്.) ഈ അളവിൽ താഴെ രാസാംശങ്ങൾ കണ്ടെത്തുന്നത് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനമല്ല. ഇത്തരം ചെറിയ അളവ് ആരോഗ്യത്തിന് ഹാനികരവുമല്ല.
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ആഗോള രീതികൾക്ക് അനുസൃതമാണെന്ന് അഥോറിറ്റി ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനിലും യുഎസിലും ആഹാരത്തിനായി വളർത്തുന്ന മൃഗങ്ങളിൽ നൈട്രോഫുറാൻസ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇവയുടെ നിരീക്ഷണത്തിനും നടപ്പാക്കലിനുമായി സമാന മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ അളവുകളിൽ വ്യത്യാസമുണ്ടാകാം. ഇത് പരിശോധനാരീതികളിലെ മാറ്റങ്ങൾ കൊണ്ടാണ്. അല്ലാതെ ഉപഭോക്താക്കളുടെ സുരക്ഷയിലെ വ്യത്യാസങ്ങളിൽനിന്നല്ലെന്നും അധികൃതർ പറഞ്ഞു.
Kerala
പരവൂർ: കേരളത്തിൽ കോഴി മുട്ട വില സർവകാല റിക്കാർഡിലേക്ക്. ഒരു മുട്ടയ്ക്ക് ചില്ലറ വിൽപ്പന വില 7.50 രൂപയായി ഉയർന്നു. ഏഴ് രൂപ വരെയായിരുന്നു കഴിഞ്ഞയാഴ്ച വരെയുള്ള പരമാവധി വില. ഇങ്ങനെ പോയാൽ സമീപ ദിവസങ്ങളിൽ തന്നെ വില എട്ടിലേക്ക് കുതിക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസൺ കൂടിയായതിനാൽ കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മുട്ട ഉപയോഗം കാര്യമായി കുറയുമ്പോഴാണ് വില കുത്തനെ ഉയരുന്നത്.
തമിഴ്നാട്ടിൽ നിന്ന് കയറ്റുമതി കൂടിയതാണ് തിരിച്ചടിയായത്. നാമക്കലിൽനിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്.
ശബരിമല സീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന സ്ഥിതിയാണുള്ളത്. ഡിസംബർ ആവുന്നതോടെ ക്രിസ്മസ് സീസണിലെ കേക്ക് നിർമാണം കൂടി സജീവമാകുന്നതോടെ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലിൽ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി.
മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. കോഓർഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബർ ഒന്നിന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടർന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 രൂപയായി. 17-ന് ആറുരൂപയിലെത്തി. ഇത് ഇപ്പോൾ വീണ്ടും കൂടി 6.05 രൂപയായി. 2021-ൽ ഇതേസമയം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022-ൽ 5.35, 2023-ൽ 5.50, 2024-ൽ 5.65 എന്നിങ്ങനെയായിരുന്നു വില.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നാമക്കലിൽ മുട്ടയുടെ വില 5.70 രൂപയിൽ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്.