പ്രധാനമന്ത്രി നരേന്ദ്ര മോദി, ജിഎസ്എൽവി-എഫ്17
ന്യൂഡൽഹി: ജിഎസ്എൽവി എഫ് -17 വിക്ഷേപണം വിജയമായതിനു പിന്നാലെ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടമാണിതെന്നും ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണ്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്നു പുലർച്ചെ 2.55നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി എഫ് -17 കുതിച്ചുയർന്നത്. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.
വിക്ഷേപണത്തിനു മുന്നോടിയായി 52 മീറ്റർ ഉയരമുള്ള മൂന്നു ഘട്ടങ്ങളുള്ള ജിഎസ്എൽവി-എഫ്17 റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ച് തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹം പത്തു വർഷത്തെ ആയുസ് ലക്ഷ്യമിട്ടാണ് നിർമിച്ചിരിക്കുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഇമേജിംഗ് ഉപഗ്രഹമാണിത്.
സാധാരണ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥങ്ങളിൽ കറങ്ങുമ്പോൾ ഒരു നിശ്ചിത പ്രദേശത്തിന്റെ ദൃശ്യങ്ങൾ ഇടവിട്ടു മാത്രമേ ലഭ്യമാകൂ. എന്നാൽ ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഇഒഎസ്-05 ഉപഗ്രഹത്തിന് രാജ്യത്തെ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. ഇത് കൊടുങ്കാറ്റ്, പ്രളയം, മിന്നൽ പ്രളയങ്ങൾ, ഇടിമിന്നൽ എന്നിവ കൃത്യമായി മുൻകൂട്ടി അറിയാനും കാർഷിക-വനാതിർത്തി നിരീക്ഷണങ്ങൾക്കും കാലാവസ്ഥാ വിശകലനങ്ങൾക്കും രാജ്യത്തിന് വൻ കരുത്താകും.
ശ്രദ്ധാകേന്ദ്രമായി വീണ്ടും ജിഎസ്എൽവി
ജിഎസ്എൽവി റോക്കറ്റിന്റെ 19-ാമത് ദൗത്യമാണിത്. 420.5 ടൺ ഭാരവുമുള്ള ഈ റോക്കറ്റിന്റെ പ്രധാന കരുത്ത് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പർ സ്റ്റേജാണ്. തുടക്കകാലത്തെ ചില അസ്ഥിരതകൾ കാരണം ‘നോട്ടി ബോയ്’എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജിഎസ്എൽവി, പിന്നീട് ബാക്ക് ടു ബാക്ക് വിജയങ്ങളിലൂടെ ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണവാഹനങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നേരിട്ട തിരിച്ചടികൾ മറികടന്ന് ബഹിരാകാശ ഗവേഷണരംഗത്ത് തങ്ങളുടെ പഴയ കരുത്ത് വീണ്ടെടുക്കാൻ ഐഎസ്ആർഒയ്ക്ക് ഈ ജിഎസ്എൽവി ദൗത്യത്തിന്റെ വിജയത്തോടെയായി.
Tags : GSLV-F17 ISRO Launch Satellite India NarendraModi Science Technology