Tech
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പരമ്പരയായ പിക്സൽ 11 സീരീസ് ഓഗസ്റ്റ് 12ന് ആഗോളതലത്തിൽ പുറത്തിറങ്ങും. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്.എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നീ നാല് ഫോണുകളാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്. ചിപ്പ് പ്രതിസന്ധിയും മെമ്മറി ഘടകങ്ങളുടെ വിലവർദ്ധനവും കാരണം മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ സീരീസിന് വില വർധിക്കാൻ സാധ്യതയുണ്ട്.
പൂർണമായും അപ്ഗ്രേഡ് ചെയ്ത പുതിയ ടെൻസർ G6 (Tensor G6) പ്രൊസസറാണ് ഈ ഫോണുകൾക്ക് കരുത്തേകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഈ ചിപ്പ് സഹായിക്കും. 120Hz റിഫ്രഷ് റേറ്റും ഉയർന്ന ബ്രൈറ്റ്നസുമുള്ള മികച്ച ഡിസ്പ്ലേ പാനലുകളാണ് എല്ലാ മോഡലുകളിലും നൽകിയിരിക്കുന്നത്.
ക്യാമറ വിഭാഗത്തിൽ പിക്സൽ 11 പ്രോ മോഡലുകളിൽ 50MP പ്രൈമറി ക്യാമറ, 48MP അൾട്രാ-വൈഡ്, 48MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. അടിസ്ഥാന മോഡലായ പിക്സൽ 11ൽ 48MP പ്രൈമറി ക്യാമറയും 13MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. കൂടാതെ കൂടുതൽ കാര്യക്ഷമമായ ബാറ്ററി ലൈഫുംQi2 വയർലെസ് ചാർജിംഗ് പിന്തുണയും പുതിയ ഫോണുകളിലുണ്ടാകും.
Tech
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐ തങ്ങളുടെ ആദ്യത്തെ ഹാർഡ്വെയർ ഉൽപ്പന്നമായ സ്മാർട്ട് സ്പീക്കർ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ആപ്പിളിന്റെ മുൻ പ്രമുഖ ഡിസൈനർ ജോണി ഐവിന്റെ ഐഒ എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് നിർമിക്കുന്ന ഈ ഉപകരണത്തിന് 300 മുതൽ 400 ഡോളർ വരെ (ഏകദേശം 25,000 മുതൽ 34,000 ഇന്ത്യൻ രൂപ വരെ) വിലവരുമെന്നാണ് വിപണി സൂചനകൾ.
ഹോക്കി പക്കിന്റെ വലിപ്പമുള്ള, വളയത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം പോർട്ടബിളും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. ഡിസ്പ്ലേ ഇല്ലാത്ത ഈ സ്പീക്കറിൽ ക്യാമറ സംവിധാനങ്ങളും പരിസരം നിരീക്ഷിക്കാനുള്ള സെൻസറുകളും അടങ്ങിയിട്ടുണ്ട്.
ഉപയോക്താക്കളോട് സംവദിക്കുമ്പോൾ കൂടുതൽ ജീവസ്സുറ്റ അനുഭവം നൽകുന്നതിനായി സ്വയം ചലിക്കാൻ ശേഷിയുള്ള ഭാഗങ്ങളും ഇതിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 2027ൽ പ്രതീക്ഷിക്കുന്ന ഈ ഉപകരണം വിപണിയിലെ നിലവിലെ മറ്റ് സ്മാർട്ട് സ്പീക്കറുകളേക്കാൾ ഉയർന്ന വിലയിലാണ് എത്തുന്നത്.
Tech
ന്യൂഡൽഹി: സാംസങ്ങിന്റെ പുതിയ സ്മാർട്ട്ഫോണായ 'ഗാലക്സി F70 പ്രോ' ഓഗസ്റ്റ് 3ന് ഇന്ത്യയിൽ പുറത്തിറക്കും. ഫ്ലിപ്പ്കാർട്ട്, സാംസങ് ഔദ്യോഗിക ഓൺ ലൈൻ സ്റ്റോർ എന്നിവ വഴി ഫോൺ വിൽപ്പനയ്ക്കെത്തും. സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റിന്റെ കരുത്തിൽ എത്തുന്ന ഫോണിൽ 8ജീബി വരെ റാപ്പും 256ജീബി വരെ ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള FHD+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്ലസ് സംരക്ഷണം എന്നിവയാണ് പ്രധാന ഡിസ്പ്ലേ ഫീച്ചറുകൾ. 50MP പ്രൈമറി ക്യാമറ , 5MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. സാംസങ്ങിന്റെ വൺ യുഐ 8.5 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഈ മോഡലിന് 6 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓറ ഗ്രീൻ, ആൽഫ ബ്ലാക്ക് എന്നീ നിറങ്ങളിൽ എത്തുന്ന ഫോണിന്റെ 6ജീബി/128ജീബി പതിപ്പിന് 25,999 രൂപയും, 8ജീബി/128ജീബി പതിപ്പിന് 29,999 രൂപയും, ഉയർന്ന 8ജീബി/256ജീബി മോഡലിന് 34,999 രൂപയുമാണ് വില വരുന്നത്.
District News
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ആഗോള പരമാധ്യക്ഷൻ മാർ ആവ തൃതീയൻ പാത്രിയാർക്കീസിന്റെ ഭാരതസന്ദർശനത്തിന്റെയും മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പട്ടാഭിഷേക ചടങ്ങിന്റെയും ഓർമ നിലനിർത്തുന്നതിനായി സഭ പ്രസിദ്ധീകരിച്ച ഹുബ്ബേ ദ് ആവ എന്ന സുവനീറിന്റെ പ്രകാശനവും വിതരണോദ്ഘാടനവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊച്ചി അതിരൂപത മെത്രാപ്പോലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് നിർവഹിച്ചു.
തൃശൂർ കാൽഡിയൻ സെന്ററിൽ ചേർന്ന യോഗത്തിൽ സഭാമേലധ്യക്ഷൻ മാർ ഓഗിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ചേതന മ്യൂസിക് ആൻഡ് സ്റ്റുഡിയോസ് ഡയറക്ടർ ഫാ. തോമസ് ചക്കാലമറ്റത്ത് സിഎംഐ, തൃശൂർ എബനേസർ മാർത്തോമ പള്ളി വികാരി ഫാ. സാജു ചാക്കോ എന്നിവർ സുവനീർ ഏറ്റുവാങ്ങി. സുവനീർ കമ്മിറ്റി ചെയർമാൻ ഫാ.കെ.ആർ. ഇനാശു, ചീഫ് എഡിറ്റർ അഡ്വ. ടി.ടി. ഡേവി, വികാരി ജനറാൾ ഫാ.ജോസ് ജേക്കബ് വേങ്ങാശേരി, ട്രസ്റ്റി ബോർഡ് മെന്പർ പി.എ. വില്യംസ്, ജനറൽ കണ്‍വീനർ ജേക്കബ് ബേബി ഒലക്കേങ്കിൽ എന്നിവർ പ്രസംഗിച്ചു.
Business
കൊച്ചി: ടൈറ്റന്റെ പെർഫ്യൂം ബ്രാൻഡായ സ്കിൻ പുതിയ യുണിസെക്സ് സുഗന്ധലേപനമായ അമാൽഫി റിവിയേര പുറത്തിറക്കി. യുണിസെക്സ്, ജെൻഡർ-ന്യൂട്രൽ പെർഫ്യൂമുകളിൽ ബ്രാൻഡിന്റെ ആദ്യ ചുവടുവയ്പാണിത്. പ്രശസ്ത പെർഫ്യൂമർ സന്തോഷ് ഷിൻഡെയാണ് ഈ പെർഫ്യൂം തയാറാക്കിയിരിക്കുന്നത്. 90 മില്ലിക്ക് 3,095 രൂപയാണു വില.
Business
കൊച്ചി: റെനോ ഗ്രൂപ്പ് 2030നകം ഇന്ത്യയില്‍ ഏഴു മോഡലുകളുള്ള പുതിയ പോര്‍ട്ട്ഫോളിയോ (ഫ്യൂച്ചര്‍റെഡി )അവതരിപ്പിക്കുമെന്ന് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു.
ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേയാണു പ്രഖ്യാപനം.
സ്ട്രോംഗ് ഹൈബ്രിഡ് മുതല്‍ പൂര്‍ണമായും വൈദ്യുതിയില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വരെ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
NRI
മിഡ്ലാൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച യുഡിഎഫ് പ്രചാരണ വീഡിയോ ഗാനം സമൂഹമാധ്യമങ്ങൾ മുഖേന പുറത്തിറക്കുമെന്ന് കമ്മിറ്റി അറിയിച്ചു. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി വിവിധ യുഡിഎഫ് നേതാക്കൾ സംരംഭത്തിന് ആശംസകളും പിന്തുണയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സർക്കാർ തുടർന്നു വരുന്ന ജനദ്രോഹ നയങ്ങൾ വിവരിച്ചുകൊണ്ടും മാറ്റത്തിനായുള്ള ആഹ്വാനം ഉയർത്തിക്കൊണ്ടുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
യുകെയിലെ പ്രമുഖ കോൺഗ്രസ് സംഘടനാ നേതാവും സിനിമ സംവിധായകൻ, നിർമാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനുമായ മുൻ അധ്യാപകൻ ഫിലിപ്പ് കെ. ജോൺ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
സംഗീതം ഒരുക്കിയത് ഫെമിൻ ഫ്രാൻസിസ്. യുവഗായികയും ആലുവ സ്വദേശിനിയുമായ ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.ടി. ജോസഫ് (ഓർക്കസ്ട്രേഷൻ), കെ.പി. അരുൺ (മിക്സിംഗ്), മെട്രോ സ്റ്റുഡിയോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കർമ്മസേനയും സോഷ്യൽ മീഡിയ/വാർ റൂം ടീമും 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്കായി ശക്തമായ പ്രചാരണം കഴിഞ്ഞ ദിവസങ്ങളായി നടത്തിവരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ മണ്ഡലങ്ങളെ അടിസ്ഥാനമാക്കി അവലോകനങ്ങളും ചർച്ചകളും സംഘടിപ്പിക്കുമെന്ന് ക്യാമ്പയിൻ കമ്മിറ്റി സംഘാടകരായ ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, മണികണ്ഠൻ ഐക്കാട്, സോണി ചാക്കോ, മിഥുൻ മോഹൻ, സൈമൺ ചെറിയാൻ, ഷിജോ, അനുരാഗ് എആർ എന്നിവർ അറിയിച്ചു.
"പടയൊരുക്കം - മാറ്റത്തിനായി ഒരുമിക്കാം' എന്ന സന്ദേശവുമായി 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ ഉറപ്പാക്കുകയാണ് ഈ കാമ്പയിൻ ലക്ഷ്യം. പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനായുള്ള പ്രചാരണത്തിന് കൂടുതൽ ശക്തി പകരുന്നതായിരിക്കും ഈ വീഡിയോ ഗാനമെന്ന് സംഘാടകർ വ്യക്തമാക്കി. എല്ലാവരും വീഡിയോ കാണുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർഥിച്ചു.
"കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യത്തോടെയാണ് കാമ്പയിൻ മുന്നോട്ട് പോകുന്നത്.
Auto
ബ്രിട്ടീഷ് പ്രീമിയം കാർ ബ്രാൻഡായ മിനി കൂപ്പർ പുതിയ മിനി വിക്ടറി എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഐതിഹാസികമായ 1965ലെ മോണ്ടി കാർലോ റാലി വിജയത്തിന്റെ സ്മരണാർഥമാണ് മിനി കൂപ്പർ എസ് വിക്ടറി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
57.5 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരുന്ന ഈ സ്പോർട്സ് ഹാച്ച്ബാക്ക് പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.
ടിമോ മാക്കിനനും പോൾ ഈസ്റ്ററും ചേർന്ന് 1965ൽ നേടിയ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് ചില്ലി റെഡ് നിറവും ബോണറ്റിലും റൂഫിലും പിന്നിലുമായി വെള്ള നിറത്തിലുള്ള റേസിംഗ് സ്ട്രൈപ്പുകളും നൽകിയിട്ടുണ്ട്.
കൂടാതെ, സൈഡിലെ 52 ഗ്രാഫിക്സ്, സി-പില്ലറിലെ 1965 ബാഡ്ജ്, 18 ഇഞ്ച് ജെസിഡബ്ല്യു ലാപ് സ്പോക്ക് അലോയ് വീലുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. ഡിജിറ്റൽ കൺട്രോളുകൾക്കും റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾക്കും മുൻഗണന നൽകുന്ന മിനിമലിസ്റ്റിക് ഡിസൈനാണുള്ളത്.
സ്പോർട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകളുള്ള സ്റ്റിയറിംഗ് വീൽ, 240 എംഎം സർക്കുലർ ഒഎൽഇഡി ടച്ച്സ്ക്രീൻ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് കാന്പിൻ സവിശേഷതകൾ.
204 എച്ച്പി കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും കരുത്ത് പകരുന്ന ഈ വാഹനത്തിന് 6.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
അഡാപ്റ്റീവ് സസ്പെൻഷൻ, ജെസിഡബ്ല്യു സ്പോർട്സ് ബ്രേക്കുകൾ, വിവിധ ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയോട് കൂടിയാണ് ഈ കാർ മിനി അവതരിപ്പിച്ചിരിക്കുന്നത്.
Business
കോട്ടയം: തുടര്‍ വികസന പദ്ധതിക്കു തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (കെപിപിഎല്‍). ഉത്്പാദനശേഷി വര്‍ധിപ്പിക്കലിന്റെയും ഉത്്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്റെയും ഉദ്ഘാടനം നാളെ മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
741 കോടി മുതല്‍മുടക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോര്‍പറഷന്റെ (കെഎസ്ഐഡിസി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കും.
കടലാസ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉത്പാദനനിര വിപുലീകരിക്കുന്നത്. സ്പെഷാലിറ്റി പേപ്പറുകളും ഉയര്‍ന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളുമാണു പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പേപ്പര്‍ ഉത്പന്നങ്ങളുടെ ഉയര്‍ന്നുവരുന്ന ആവശ്യകത മുന്നില്‍ കണ്ടാണ് കെപിപിഎല്‍ പുതിയ ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. സ്പെഷാല്‍റ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. പേപ്പര്‍ ക്ലസ്റ്റര്‍ രൂപീകരിച്ച് സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണമേന്മയോടെ കടലാസ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കെപിപിഎല്ലിന്റെ പുതിയ സംരംഭത്തിലൂടെ കഴിയും.
വിപണി ആവശ്യങ്ങളും പ്ലാസ്റ്റിക്ക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേര്‍ന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണു കണക്കാക്കുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്‍ മാറും. 24 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കെപിപിഎല്ലായി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.
നാളെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെപിപിഎല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
National
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയം. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണപാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്ടമാകുകയും ചെയ്തു.
ഐഎസ്ആർഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്ഷേപിച്ച് 380 സെക്കൻഡിന് ശേഷം മൂന്നാം ഘട്ടത്തിലാണ് നിയന്ത്രണം നഷ്ടമായതെന്ന് എക്സിലൂടെ ഐഎസ്ആർഒ അറിയിച്ചു.
ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി വിക്ഷേപണം പരാജയപ്പെടുന്നത്.
കഴിഞ്ഞവർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്.
National
ബംഗളൂരു: പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62 ദൗത്യം പന്ത്രണ്ടിനു നടക്കും.
രാവിലെ 10:17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്നിന്നാണു വിക്ഷേപണം.
ഇന്ത്യ, മൗറീഷ്യസ്, ലക്സംബര്‍ഗ്, യുഎഇ, സിംഗപ്പൂര്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള 17 പേലോഡുകളുമായാണ് പിഎസ്എല്‍വിയുടെ യാത്ര.
പൊതുജനങ്ങൾക്കും വിക്ഷേപണം കാണാനുള്ള സൗകര്യം ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്. ഇതിനായി lvg.shar.gov.in എന്ന വെബ്സൈറ്റുവഴി രജിസ്റ്റർ ചെയ്യണം.
NRI
എഡ്മിന്റൺ: സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് വൈകുന്നേരം നാലിന് എഡ്മിന്റൺ സെന്റ് അൽഫോൻസ സീറോമലബാർ ചർച്ച് മീറ്റിംഗ് ഹാളിലാണ് പരിപാടി.
മലയാളി സമൂഹത്തിലെ നേതൃനിരയിൽ സജീവമായവർക്കും പ്രഫഷണൽ, ബിസിനസ് രംഗങ്ങളിലുമുള്ളവർക്കും നവകുടിയേറ്റക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം പങ്കെടുക്കാം. കാനഡയിലെ മലയാളികളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണമാണ് സിസിഎംഎയുടെ ലക്ഷ്യം.
വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ നേതൃത്വത്തിലാണ് സിസിഎംഎയ്ക്ക് രൂപംനൽകിയത്. ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് അംഗത്വമെടുക്കാനും അവസരമുണ്ടെന്ന് സിസിഎംഎ പ്രസിഡന്റും നാഷണൽ കൗൺസിൽ ചെയറുമായ പ്രവീൺ വർക്കി അറിയിച്ചു.
കഴിഞ്ഞ നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് ഒന്റാരിയോയിലെ മോണോയിൽ ലീഡർഷിപ്പ്, ബിസിനസ് സമ്മിറ്റും പിന്നീട് ഹാമിൽട്ടണിൽ ബിസിനസ് മീറ്റും നടത്തിയിരുന്നു. കാനഡയിലെ എല്ലാ പ്രോവിൻസുകളിലും സിസിഎംഎ ചാപ്റ്ററുകൾ തുടങ്ങാനുള്ള പ്രവർത്തനം നടത്തുന്നു .
ബിസിനസുകാരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനായി ബിസിനസ് ഡവലപ്മെന്റ് കൗൺസിലും പുതിയ തലമുറയിൽനിന്ന് നേതൃനിരയെ കണ്ടെത്തുന്നതിനായി യംഗ് ലീഡേഴ്സ് നെറ്റ് വർക്കും സിസിഎംഎയുടെ ഭാഗമായുണ്ട്.
ഇൻവെസ്റ്റേഴ്സ് മീറ്റ്, എൻആർഐ ആസ്തി സംരക്ഷണ സേവനങ്ങൾ, സ്റ്റാർട്ട് അപ്, നവസംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക, ഫ്രാഞ്ചൈസി മാതൃകകൾ തുടങ്ങിയവയാണ് ബിസിനസ് ഡവലപ്മെന്റ് കൗൺസിലിന്റെ ചുമതലകൾ. ഇതിന്റെ ഭാഗമായി കനേഡിയൻ മലയാളി ചേംബർ ഓഫ് കൊമേഴ്സും രൂപീകരിച്ചിരുന്നു.
ആൽബർട്ട ചാപ്റ്റർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവീൺ വർക്കി (519 870 5783), അനൂപ് ജോർജ് (780 218 8249) എന്നിവരിൽനിന്ന് ലഭ്യമാകും.
വെബ്സൈറ്റ് മുഖേന രജിസ്റ്ററും ചെയ്യാം: www.canadianmalayaliaffairs.ca
National
ന്യൂഡൽഹി: ഒരേ ലോഞ്ചറിൽനിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ബുധനാഴ്ച രാവിലെ 10.30ഓടെ ഒഡീഷ തീരത്തെ ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇരട്ട വിക്ഷേപണം നടത്തിയത്.
കൃത്യത ഉറപ്പാക്കാൻ അത്യാധുനിക നാവിഗേഷൻ സംവിധാനം ഉൾക്കൊള്ളുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർധ ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ഈ മിസൈലുകൾക്ക് കഴിയും.
ഉദ്ദേശിച്ച പാതയിലൂടെ രണ്ട് മിസൈലുകളും സഞ്ചരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണമാണ് നടത്തിയത്.