സുപ്രീംകോടതി.
ന്യൂഡൽഹി: പഠനം പൂർത്തിയാക്കി അഭിഭാഷകരായി എൻറോൾ ചെയ്യുന്നതുവരെ നിയമവിദ്യാർഥികൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കോ (ബിസിഐ) സംസ്ഥാന ബാർ കൗൺസിലുകൾക്കോ നിയമപരമായ അധികാരമില്ലെന്ന് സുപ്രീംകോടതി.
വിദ്യാർഥികളുടെമേൽ അച്ചടക്കനടപടിയെടുക്കാൻ അവർ പഠിക്കുന്ന സ്ഥാപനങ്ങൾക്കോ അല്ലെങ്കിൽ ബന്ധപ്പെട്ട യൂണിവേഴ്സിറ്റി ചട്ടങ്ങൾ പ്രകാരമുള്ള അധികാരികൾക്കോ മാത്രമാണെന്നും കോടതി വ്യക്തമാക്കി.
ഹൈദരാബാദിലെ നാൽസാർ (എൻഎഎൽഎസ്എആർ) യൂണിവേഴ്സിറ്റി ഓഫ് ലോയിലെ ബിരുദദാനച്ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പങ്കെടുക്കുന്നതിനെതിരേ പ്രതിഷേധിച്ച വിദ്യാർഥികളുടെ എൻറോൾമെന്റ് തടഞ്ഞുകൊണ്ടും വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടും ബിസിഐ ചെയർമാൻ പുറപ്പെടുവിച്ച നിർദേശങ്ങൾ നിയമവിരുദ്ധമാണെന്നു ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിദ്യാർഥി പ്രതിഷേധത്തെയും പൊതുജനരോഷത്തെയും തുടർന്ന് ബിസിഐ പുറപ്പെടുവിച്ച നിർദേശങ്ങൾ ഉടനടി പിൻവലിച്ചിരുന്നു. എന്നാൽ വിഷയത്തിൽ പൂർവവിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി പരിഗണിച്ചത്. 1961ലെ അഡ്വക്കറ്റ്സ് ആക്ട് പ്രകാരം ബിസിഐക്ക് വിദ്യാർഥികളുടെമേൽ യാതൊരുവിധ അച്ചടക്കാധികാരവുമില്ലെന്നും എൻറോൾമെന്റിനുശേഷം മാത്രമാണ് ഇതു ബാധകമാകുന്നതെന്നും കോടതി അടിവരയിട്ടു. തുടർന്ന് ഹർജി തീർപ്പാക്കിയതായും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതിഷേധിച്ച വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്നായിരുന്നു സംസ്ഥാന ബാർ കൗൺസിലുകൾക്ക് ബിസിഐ ചെയർമാൻ നൽകിയ നിർദേശം. എന്നാൽ ഈ നടപടിയെ ശക്തമായി വിമർശിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, വിദ്യാർഥികളും താനും തമ്മിലുള്ള വിഷയത്തിൽ ഇടപെടാൻ ബാർ കൗൺസിലിന് എന്ത് അധികാരമാണുള്ളതെന്ന് രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു.
Tags : Back BarCouncils Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash