തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ വിദ്യാർഥികൾ. ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീറിംഗ് കോളജ് വിദ്യാർഥികളാണ് മരിച്ച എട്ടുപേരും. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11.42നായിരുന്നു അപകടം. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. രാവിലെ ഒൻപതോടെ പോസ്റ്റ്മോർട്ടം ആരംഭിക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
Tags : accident died Students excursion Kaipamangalam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash