ഒമർ അബ്ദുള്ള, അമിത് ഷാ
ന്യൂഡൽഹി: ജമ്മു കാഷ്മീരിന് എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന പ്രധാന ആവശ്യവുമായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂലൈ 20-ന് ഡൽഹിയിൽ ഒമർ അബ്ദുള്ള നടത്തിയ പ്രതിഷേധത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടക്കുന്ന ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനൊപ്പം, ഭരണനടപടികൾ സുഗമമാക്കുന്നതിനുള്ള 'ട്രാൻസാക്ഷൻ ഓഫ് ബിസിനസ് റൂൾസ്' അന്തിമമാക്കൽ, സംവരണ നയങ്ങളിലെ യുക്തിസഹമായ മാറ്റങ്ങൾ, വികസന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയും ചർച്ചയായി. നിലവിലെ കേന്ദ്രഭരണ പ്രദേശത്തിന്റെ ക്രമീകരണത്തിൽ ലെഫ്റ്റനന്റ് ഗവർണറും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള അധികാര അതിർവരമ്പുകൾ വ്യക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇതുകൂടാതെ, അടുത്ത ആഴ്ച ശ്രീനഗറിൽ ആരംഭിക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയെക്കുറിച്ച് ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ച ഒമർ അബ്ദുള്ള, അടുത്തിടെയുണ്ടായ വെള്ളപ്പൊക്ക നാശനഷ്ടങ്ങളിൽ കേന്ദ്രം നൽകിയ സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
Tags : OmarAbdullah AmitSha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash