ഹൈദരാബാദ്: കമിതാക്കളെ കഞ്ചാവുമായി പിടികൂടി. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരെയാണ് കഞ്ചാവ് കടത്തിയതിനു തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്.
ഹേമലതയുടെ പിറന്നാളിനു ഐഫോൺ വാങ്ങാനാണ് കഞ്ചാവ് കടത്തിനു ഇറങ്ങിയതെന്ന് മിത്ര ചൈതന്യ മൊഴി നൽകി. ഒഡീഷയിൽനിന്നും കഞ്ചാവു വാങ്ങിവരുന്ന വഴി ഖമ്മം ജില്ലയിൽ വച്ചാണ് ഇവർ പിടിയിലായത്.
കിലോയ്ക്ക് 16000 രൂപയ്ക്കാണ് ചൈതന്യ ഒഡീഷയിൽനിന്നും കഞ്ചാവ് വാങ്ങിയത്. തുടർന്ന് ബൈക്കിൽ കാമുകിയുമായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യുവേ റോഡിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. പൊലീസിനെ കണ്ട് യുവാവ് ബൈക്കിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഘം പിന്തുടർന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു.
അപകടത്തിൽ ചൈതന്യയ്ക്കും ഹേമലതയ്ക്കും നിസാര പരിക്കേറ്റതായി പൊലീസ് പറഞ്ഞു. കഞ്ചാവിനൊപ്പം പ്രതികളുടെ നാല് ഫോണുകളും ബൈക്കും പൊലീസ് പിടികൂടിയിട്ടുണ്ട്.
Tags : ganja Arrest drug smuggling iPhone Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash