കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം പ്രതിസന്ധിയില്‍. വാടക സംബന്ധിച്ച് ജിസിഡിഎയുമായി കരാറില്‍ എത്താനാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.
മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കേ മത്സരത്തിന്റെ ടിക്കറ്റ് വിൽപന പോലും ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഈ സീസണില്‍ ഓരോ മത്സരത്തിനും എട്ടു മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ വാടക വേണമെന്നാണ് ജിസിഡിഎയുടെ ആവശ്യം. ഇത്രയും വലിയ തുക നല്‍കാനാകില്ലെന്നാണു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നിലപാട്.
കഴിഞ്ഞ സീസണില്‍ മൂന്നര ലക്ഷം രൂപയാണു വാടകയായി നല്‍കിയിരുന്നത്. ഇതില്‍നിന്നാണ് ഇത്തവണ ഇരട്ടിയിലധികം തുക ചോദിക്കുന്നത്. ജിസിഡിഎ പുനഃസംഘടിപ്പിച്ചിട്ടില്ലാത്തതിനാല് ചെയര്മാന് ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലാണു ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്നു തീരുമാനമാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തങ്ങള്‍ക്ക് അനുകൂല നിലപാടാണെങ്കിലും ജിസിഡിഎയുമായി ഒരു ഏറ്റുമുട്ടലിന് താത്പര്യമില്ലെന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ബ്ലാസ്റ്റേഴ്സ് അധികൃതര്‍ വ്യക്തമാക്കി.
വാടക കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ ടിക്കറ്റ് വിൽപന ആരംഭിക്കാത്തത് ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഹോം മത്സരങ്ങള്‍ക്ക് 10 ദിവസം മുമ്പ് സാധാരണ ടിക്കറ്റ് വില്പന ആരംഭിക്കാറുണ്ട്.
Tags : kerala blasters Sports SportsNews Highlights Tennis Cricket Badminton Blasters In Limbo