പരിക്കേറ്റ പെൺകുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് ഗുരുതര പരിക്ക്. രാജ് നഗർ എക്സ്ടെൻഷനിലെ സ്റ്റാർ രാമേശ്വരം സൊസൈറ്റിയിലാണ് സംഭവം നടന്നത്.
കുട്ടി റെസിഡൻഷ്യൽ കോംപ്ലക്സിലൂടെ നടന്നുപോകുമ്പോൾ തെരുവ് നായ കുട്ടിയുടെ നേരെ ഓടിയെത്തുകയായിരുന്നു. നായ കുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുവലിച്ച് മറ്റ് മൂന്ന് നായ്ക്കളുടെ അടുത്തേക്ക് കൊണ്ടുപോയി. തുടർന്ന് നായ്ക്കൾ കുട്ടിയെ വളഞ്ഞുപിടിക്കുകയും ആക്രമിക്കുകയും ചെയ്തു. കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ ആക്രമണം തുടർന്നു.
ഈ സമയം അതുവഴിയെത്തിയ ഒരു സ്ത്രീ ഉടൻ തന്നെ ചെരുപ്പ് ഉപയോഗിച്ച് നായ്ക്കളെ തുരത്തിയോടിക്കുകയുമായിരുന്നു. പിന്നാലെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
സൊസൈറ്റിയിലെ തെരുവ് നായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ഉടൻ തന്നെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Deepika BreakingNews Girl StrayDog Attack