പി.ജെ. റിയാസ്, പി. വിപിൻ ജേക്കബ്
കൊച്ചി: ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തിനായുള്ള ഡ്യൂട്ടി ബ്രീഫിംഗ് പുരോഗമിക്കുമ്പോഴാണ് കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ അപ്രതീക്ഷിതമായി ക്വിസ് മാസ്റ്ററായത്.
വിവിഐപി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നതിനിടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍റെ ബ്ലഡ് ഗ്രൂപ്പ് ഏതാണ് എന്നായിരുന്നു ആദ്യ ചോദ്യം. ശരിയുത്തരം പറയുന്നവർക്ക് ചെറിയൊരു ക്യാഷ് പ്രൈസും കമ്മിഷണർ പ്രഖ്യാപിച്ചു.
ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട് കളമശേരി രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ടെക്നോളജി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ 30 ന് നടന്ന ബ്രീഫിംഗിൽ ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള ഡിവൈഎസ്പിമാർ മുതൽ സിപിഒമാർ വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
കമ്മീഷണറുടെ ചോദ്യം കേട്ട ഉടൻതന്നെ മട്ടാഞ്ചേരി പൊലിസ് സ്റ്റേഷനിലെ സിപിഒ പി. വിപിൻ ജേക്കബ് എഴുന്നേറ്റ് ബി പോസിറ്റീവ് എന്ന ഉത്തരം നൽകി. ശരിയുത്തരം പറഞ്ഞ വിപിനെ നിറഞ്ഞ കൈയടിയോടെ സദസിന് മുന്നിലേക്ക് വിളിച്ച് കമ്മീഷണർ 500 രൂപ ക്യാഷ് പ്രൈസ് നൽകി.
അതുകൊണ്ട് തീർന്നില്ല കമ്മീഷണറുടെ ചോദ്യങ്ങൾ. വിവിഐപി ഡ്യൂട്ടിയിൽ നിങ്ങളുടെ സെക്ടർ ഓഫീസർ ആരാണ് എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിന് ശരിയുത്തരം പറഞ്ഞത് കുമ്പളങ്ങി ഔട്ട് പോസ്റ്റിലെ സീനിയർ സിപിഒ പി.ജെ. റിയാസ് ആയിരുന്നു. ഡിവിഷൻ - 3 സെക്ടർ 2- ലെ ഡ്യൂട്ടി ഓഫീസറായ സൗത്ത് എസ് എച്ച് ഒ റിജിൻ. എം. തോമസിന്‍റെ പേര് ശരിയായി പറഞ്ഞ റിയാസിനും കിട്ടി കമ്മിഷണറുടെ വക 500 രൂപ പാരിതോഷികം.
വിവിഐപിയെക്കുറിച്ചും ഡ്യൂട്ടി ക്രമീകരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് എത്രമാത്രം അറിവുണ്ടെന്ന് പരിശോധിക്കുകയായിരുന്നു ക്വിസിലൂടെ ലക്ഷ്യമിട്ടതെന്ന് സിറ്റി പൊലിസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. വിജയികൾക്ക് നൽകിയ പ്രോത്സാഹനം മറ്റു പൊലിസുകാർക്കും പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Police Commissioner Quiz VicePresident