തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് തൊഴിലാളികളെ പുറത്തെത്തിക്കുന്നു
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് തൊഴിലാളികളെ ഒമ്പതു ദിവസങ്ങൾക്ക് ശേഷം ജീവനോടെ രക്ഷപ്പെടുത്തി. മെക്കാനിക്കൽ ഫോർമാൻ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിൽ നിന്നാണ് ഇവരെ പുറത്തെത്തിച്ചത്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു.
സഞ്ജയ് ഷായെയാണ് ആദ്യം തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ചത്. തൊട്ടുപിന്നാലെ കബിർ മഹർജാനെയും സുരക്ഷിതമായി പുറത്തെത്തിക്കാനായി.
തുരങ്കത്തിനുള്ളിൽനിന്ന് കൂടുതൽ പേരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നേപ്പാൾ സൈന്യവും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 26-നുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ ഏകദേശം 40-ഓളം തൊഴിലാളികളെയാണ് കാണാതായത്. രാജ്യത്തെ ആറ് ജലവൈദ്യുത പദ്ധതികൾ തകർത്ത പ്രളയത്തിൽ മൊത്തം 900-ഓളം തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
പ്രകൃതിദുരന്തത്തിൽ നേപ്പാളിൽ ഇതുവരെ 1259 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ, 5000 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ദുരന്തബാധിത പ്രദേശങ്ങളിൽ പത്താം ദിവസവും സൈന്യത്തിന്റെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Tags : Deepika BreakingNews Flood Rescue Tunnel