ബിലോങ്ങിംഗ് എ ജേർണി ഓഫ് ലവ് പുസ്തകം
ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ "ബിലോങ്ങിംഗ് എ ജേർണി ഓഫ് ലവ്' ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു.
ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നൽകുമെന്ന് പ്രസാധകർ വ്യക്തമാക്കി. നേരത്തെ പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ചില ഭാഗങ്ങൾ മാറ്റാൻ സോണിയ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് പെൻഗ്വിൻ ഹൗസ് പിന്മാറിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച പെൻഗ്വിൻ പ്രസിദ്ധീകരണം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണം ഇതല്ല എന്നായിരുന്നു വിശദീകരിച്ചത്.
ബിലോങ്ങിംഗ് എ ജേണി ഓഫ് ലൗ എന്ന പേരിൽ സോണിയ ഗാന്ധി എഴുതുന്ന പുസ്തകം ഇതിനകം വലിയ ചർച്ചയായി മാറിയിരുന്നു. തന്റെ ജീവിതലത്തിലെ പല നിർണായക സംഭവങ്ങളും സോണിയ ഗാന്ധി ഇതിൽ കുറിച്ചിട്ടുണ്ട് എന്നാണ് സൂചന. പുസ്തകത്തിലെ ഒരു ഭാഗത്ത് പ്രസാധകരായ പെൻഗ്വിൻ മാറ്റങ്ങൾ നിർദ്ദേശിച്ചെങ്കിലും സോണിയ ഗാന്ധി ഇത് അംഗീകരിച്ചില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതും വലിയ ചർച്ചയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും കുറിച്ചുള്ള ചില ഭാഗങ്ങൾ നീക്കാനാണ് പെൻഗ്വിൻ ഹൗസ് പ്രസാധകർ ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് അശോക് ഗലോട്ട് അടക്കം ആരോപിച്ചിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു എന്നും അശോക് ഗലോട്ട് വ്യക്തമാക്കിയിരുന്നു.
2015 ൽ സോണിയ ഗാന്ധിയും മൻമോഹൻ സിംഗും ചേർന്ന് നരേന്ദ്ര മോദിയെ കണ്ടതിനെക്കുറിച്ചുള്ള ഭാഗത്തും മാറ്റം വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടു എന്നടക്കം പ്രചാരണം ഉണ്ടെങ്കിലും കോൺഗ്രസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ പിന്നീട് പ്രതികരിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം അമേരിക്കൻ ആസ്ഥാനമായുള്ള, പെൻഗ്വിന്റെ സഹസ്ഥാപനം ആൽഫ്രഡ് എ നോഫ് ആണ് അന്താരാഷ്ട്ര തലത്തിൽ സോണിയയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Tags : Sonia Gandhi memoir Belonging: A Journey of Love November HarperCollins