പ്രതീകാത്മക ചിത്രം
കൊല്ലം: മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്.
ചൊവ്വാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് വൈജേഷിനെ കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്തത്.
പൊലിസിൽ പരാതി നൽകിയത് കൂടാതെ വീട്ടുകാർ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ നാന്തിരിക്കലിലെ പവർ ടൂൾസ് കടയിൽ നിന്നു വയറിംഗ്, പ്ലമ്പിംഗ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വൈജേഷ് വാടകയ്ക്കെടുത്തതായി അറിയാൻ കഴിഞ്ഞു.
ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാൻ എത്തിയ വൈജേഷിനെ വീട്ടുകാരെത്തി തടഞ്ഞുവച്ച് പൊലിസിൽ അറിയിച്ചു. റൂറൽ കൺട്രോൾ റൂം എസ്ഐ അനിൽകുമാർ സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്കു ശേഷം കുണ്ടറ സ്റ്റേഷനിലെത്തിച്ചു.
അന്നു രാത്രി ജിഡിയും പാറാവുമായി രണ്ട് പൊലിസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. പൊലിസുകാർ വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും പൂട്ടാൻ മറന്നുപോയി. പുലർച്ചെ പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതു ശ്രദ്ധിച്ച വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
വൈജേഷ് പോയി ഏറെ സമയം കഴിഞ്ഞാണ് പൊലിസുകാർക്ക് ഇക്കാര്യം ശ്രദ്ധിച്ചത്.. ഇരുവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. വൈജേഷിനായി വ്യാപകമായ തിരച്ചിലിലാണ് കുണ്ടറ പൊലിസ്.
Tags : Police Lockup Escaped Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs