പി. ജയരാജൻ
കണ്ണൂർ: ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ തെരുവുകളിൽ നേരത്തെ ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രമായിരുന്നു. ശ്രീകൃഷ്ണനിലുള്ള വിശ്വാസം കേരളീയ സമൂഹത്തിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരം വരുന്നതുവരെ ഈ സാഹചര്യം തുടർന്നു. നായർ സമുദായത്തിന് പോലും ക്ഷേത്രപ്രവേശനം നിയന്ത്രിതമായിരുന്നുവെന്ന് മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകളുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച വിമർശനം പി. ജയരാജൻ ഉന്നയിച്ചത്.
മുമ്പ് പി. ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഘട്ടത്തില്‍ ആര്‍എസ്എസിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായി ബാലസംഘം, മഹിളാ അസോസിയഷന് എന്നിവയുടെ നേതൃത്വത്തിൽ ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു.
Tags : Sreekrishna Jayanthi Rss Cpim P. Jayarajan