ഔദ്യോഗിക ഉത്തരവ് അല്മായ തിരുസംഘത്തിന്റെ അസോസിയേറ്റ് സെക്രട്ടറിയും റോമിലെ സഹായമെത്രാനുമായ ഡോ. ദാരിയോ ഗർവാസി ജീസസ് യൂത്ത് ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ ഡോ. മിഥുൻ പോളിനു കൈമാറിയപ്പോൾ
റോം: റൂബി ജൂബിലി ആഘോഷവേളയിൽ ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം. അല്മായർ, കുടുംബം, ജീവൻ എന്നിവയ്ക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ജീസസ് യൂത്ത് സംഘടനയെ നിയമപരമായ വ്യക്തിത്വമുള്ള അന്താരാഷ്ട്ര വിശ്വാസി സംഘടനയായി സ്ഥിരീകരിക്കുകയായിരുന്നു.
2016 മേയ് 15നാണ് അന്നത്തെ അല്മായർക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ താത്കാലിക അംഗീകാരം നൽകുകയും നിയമാവലി പരീക്ഷണാടിസ്ഥാനത്തിൽ അംഗീകരിക്കുകയും ചെയ്തത്. പത്തുവർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഇത് സ്ഥിരാംഗീകാരം നൽകുകയും ചെയ്തിരിക്കുന്നത്.
ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര സമ്മേളനം 'ഗോ' റോമിൽ നടക്കുന്ന വേളയിലാണ് റൂബി ജൂബിലി സമ്മാനമായി അംഗീകാരം എത്തിയിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് അല്മായ തിരുസംഘത്തിന്റെ അസോസിയേറ്റ് സെക്രട്ടറിയും റോമിലെ സഹായമെത്രാനുമായ ഡോ. ദാരിയോ ഗർവാസി ജീസസ് യൂത്ത് ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ ഡോ. മിഥുൻ പോളിനു കൈമാറി.
ജീസസ് യൂത്തിന്റെ സഭാകാര്യ ഉപദേഷ്ടാവും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല, റോമിലെ അല്മായ കമ്മീഷന്റെ ഔദ്യോഗിക വക്താവ് ഡോ. ജൊവാനി ബോൺ ഡെംപോ, ജീസസ് യൂത്ത് മുൻ അന്തർദേശീയ കോ-ഓർഡിനേറ്റർ മനോജ് സണ്ണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗീകാരം കൈമാറിയത്.
1985 ൽ കേരളത്തിൽ ആരംഭിച്ച അല്മായ യുവജന മുന്നേറ്റമായ ജീസസ് യൂത്ത് ഇന്ന് 53 രാജ്യങ്ങളിൽ സംഘടനാ സംവിധാനമുള്ള മുന്നേറ്റമാണ്. ഇപ്പോൾ റോമിൽ നടക്കുന്ന ജീസസ് യൂത്ത് അന്തർദേശീയ സമ്മേളനത്തിൽ 42 രാജ്യങ്ങളിൽ നിന്നുള്ള 1110 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനം 25ന് സമാപിക്കും.
2033ലെ രക്ഷാകര മഹാ ജൂബിലിക്കും 20035ലെ ജീസസ് യൂത്ത് സുവർണ ജൂബിലിക്കും വേണ്ടി ഒരുങ്ങുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം മുന്നേറ്റത്തിന് കൂടുതൽ ഉണർവും പ്രചോദനവും ഉത്തരവാദിത്വബോധവും നൽകുന്നതാണെന്ന് അന്താരാഷ്ട്ര കോ ഓർഡിനേറ്റർ ഡോ. മിഥുൻ പോൾ പറഞ്ഞു.
Tags : Vatican Recognition JesusYouth CatholicChurch