പ്രതീകാത്മക ചിത്രം
മുംബൈ: റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോയുടെ കതക് ബസിൽ തട്ടി തെറിച്ച് തൊഴിലാളി മരിച്ചു. ഫരീദ് അഹ്മദ് ഷെയ്ഖാണ് (53) മരിച്ചത്. ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. മജാസിലെ പി.എം.ജി കോളനിക്ക് സമീപത്താണ് സംഭവം.
മജാസ് ഡിപ്പോയിൽ നിന്ന് അന്ധേരിയിലേക്ക് സർവീസ് നടത്തുയായിരുന്ന ബസ് കടന്നുപോകുന്നതിനിടെ ഫരീദ് ഷെയ്ഖ് ടെമ്പോയുടെ പിൻവശത്തെ കതക് തുറക്കുകയായിരുന്നുവെന്ന് ബസ് ഡ്രൈവർ പറയുന്നു. ബസിന്റെ പിൻഭാഗത്ത് ഇടിച്ച കതക് തെറിച്ച് ഫരീദ് ഷെയ്ഖിന്റെ ദേഹത്ത് അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
Tags : Died Worker Door ParkedTempo Bus