പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ക്യാഷ് ഓൺ ഡെലിവറി ഓർഡറിനിടെ നൽകിയ 10 രൂപയുടെ കീറിയ നോട്ട് മാറ്റിനൽകാൻ ആവശ്യപ്പെട്ട ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് മർദനത്തിനൊടുവിൽ ജീവനൊടുക്കി. ഡൽഹിയിലെ ഈസ്റ്റ് വിനോദ് നഗർ സ്വദേശി സമീർ ഹുസൈനാണ് (24) മരിച്ചത്. ഒക്ടോബർ നാലിനു രാത്രിയായിരുന്നു സംഭവം.
ഓർഡറിനുള്ള പണം വാങ്ങുന്നതിനിടെയാണ് 10 രൂപയുടെ നോട്ട് കീറിയിരിക്കുന്നതായി സമീർ ശ്രദ്ധിക്കുന്നത്. ഇത് മാറ്റി നൽകാൻ ഉപഭോക്താവായ റാംപാൽ സിംഗിനോട് (65) മാന്യമായി അഭ്യർഥിക്കുക മാത്രമാണ് സമീർ ചെയ്തത്. എന്നാൽ ഇതിൽ പ്രകോപിതനായ ഇയാൾ സമീറിന്റെ മുഖത്തടിച്ചു. ഇതേ തുടർന്ന് റാംപാലിന്റെ കൊച്ചുമകൻ രാകേഷ് ഇരുമ്പുവടി കൊണ്ട് സമീറിനെ മർദിക്കുകയും ചെയ്തു.
നിരവധി പേർ നോക്കിനിൽക്കെയായിരുന്നു ആക്രമണം നടന്നതെങ്കിലും ആരും പ്രതികളെ തടയാൻ തയാറായില്ല. ഇതിനുപുറമെ ആൾക്കൂട്ടം പരിഹസിക്കുക കൂടി ചെയ്തതോടെ സമീർ കടുത്ത മനോവിഷമത്തിലായി. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന ആളാണെന്നും ദാരിദ്ര്യം ഒരു കുറ്റമാണോയെന്നും ചോദിച്ചുകൊണ്ട് താൻ നേരിട്ട ദുരനുഭവം വിവരിച്ച് സമീർ ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു.
ഒക്ടോബർ അഞ്ചിനു വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് 15 ദിവസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബർ 20-നാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പ്രതികളായ റാംപാൽ സിംഗ്, രാകേഷ് എന്നിവർക്കെതിരെ പൊലിസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും സമീറിന്റെ മരണത്തോടെ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
Tags : Suicide FlipkartDeliveryAgent Die Beat