അഹമ്മദാബാദ്: ഗുജറാത്തിൽ ട്രെയിൻ അപകടത്തിൽ സിംഹത്തിന് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് അമ്രേലി ജില്ലയിലെ ദാംനഗറിനും ലിലിയയ്ക്കും ഇടയിലുള്ള റെയിൽവേ പാതയിലാണ് സംഭവം. അപകടത്തിൽ സിംഹത്തിന്റെ വാലിന്റെ ഒരു ഭാഗം അറ്റുപോയ നിലയിൽ റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തി.
ഇംഗോരാള ഗ്രാമത്തിനു സമീപം രണ്ട് സിംഹങ്ങൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിപാവവ് തുറമുഖത്തുനിന്ന് ധാസയിലേക്ക് സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് സിംഹത്തെ ഇടിച്ചത്. റെയിൽവേ അധികൃതർ വിവരമറിയിച്ചതിനെതുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ട്രാക്കിൽ പരിശോധന നടത്തുന്നതിനായി ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സിംഹത്തിന്റെ അറ്റുപോയ വാലിന്റെ ഭാഗം വനപാലകർ കണ്ടെടുത്തത്.
രക്തക്കറകളും കാൽപ്പാടുകളും പിന്തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്കേറ്റ സിംഹം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഓടിമറഞ്ഞതായി വനംവകുപ്പ് സ്ഥിരീകരിച്ചു. സിംഹത്തെ കണ്ടെത്തി അടിയന്തര വെറ്ററിനറി ചികിൽസ ലഭ്യമാക്കുന്നതിനായി ആധുനിക ട്രാക്കിംഗ് ഉപകരണങ്ങളുമായി വനംവകുപ്പ് സംഘം സമീപത്തെ കാടുകളിലും കൃഷിയിടങ്ങളിലും തെരച്ചിൽ തുടരുകയാണ്.
Tags : Lion, hit, train Gujarat tail severed lies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash