പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ മേഡ്ചൽ-മൽക്കജ്ഗിരി ജില്ലയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. എൽ.ബി നഗറിൽ നിന്ന് വരംഗൽ ജില്ലയിലെ നർസാംപേട്ടിലേക്ക് പോവുകയായിരുന്ന സായ് ശിവ (30), ഭാര്യ മേഘന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിക്കുകയും പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് പതിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത് അകുൻ സബർവാളാണെന്ന് പൊലിസ് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നും ലൈസൻസില്ലാതെയാണ് വാഹനം ഓടിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ വാഹനം വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ വാഹന ഉടമയായ മംഗിലാൽ എന്നയാൾക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.