Kerala
തിരുവനന്തപുരം: കരകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ ദിവസങ്ങളോളം വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും മാത്രം. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയത്.
പാളയം മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം ചെയ്തിരുന്ന കരകുളം നെല്ലിവിള ജയാഭവനിൽ രവീന്ദ്രൻ(76) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇയാളെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല.
ക്ഷേമപെൻഷനുമായി ജീവനക്കാർ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ദിവസങ്ങൾക്കുശേഷം രണ്ടാം തവണയും ക്ഷേമപെൻഷനുമായി എത്തിയപ്പോഴും വീട് അകത്തുനിന്ന് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ചു.
മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് നെടുമങ്ങാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടമായി കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ ഒരു മാസത്തോളം പഴക്കം കണ്ടെത്തി.
രവീന്ദ്രന്റെ ഭാര്യ ലളിത അഞ്ചുവർഷം മുന്‍പ് മരണപ്പെട്ടിരുന്നു. തുടർന്ന് ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞിരുന്നത്. മക്കൾ: ജയകുമാർ, ഗിരീഷ്കുമാർ, ലതകുമാരി. സംസ്കാരം നടത്തി.
Kerala
ഫോർട്ടുകൊച്ചി: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനപകടത്തില്‍ കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു.
ഫോര്‍ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ.ടി. വില്യംസാ(ടോഷി-36)ണ് മരിച്ചത്. വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല്‍ കണ്ട് നിര്‍ത്തിയ സമയം പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡെലിവെറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. 29ന് രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംസ്കാരം പിന്നീട്. കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്‍: അയാന്,ഹെസ.
District News
എലിവാലി: സഹോദരന്റെ ചികിത്സയ് ക്ക് മെഡിക്കല്‍ കോളജില്‍ എത്തിയ മുന്‍ പഞ്ചായത്തംഗം കുഴഞ്ഞുവീണു മരിച്ചു. വേലംപറമ്പില്‍ വി.കെ. മനോഹര്‍ (65) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10 നാണ് സംഭവം. വീണു പരിക്കേറ്റ് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരന് രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നപ്പോള്‍ ഒപ്പമെത്തിയതായിരുന്നു മനോഹര്‍. രാജുവിനെ സര്‍ജറിക്കായി ഓപ്പറേഷന് തിയറ്റില്‍ കയറ്റിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മുന്‍ കടനാട് പഞ്ചായത്ത് അംഗവും വേലന്‍ മഹാസഭ സംസ്ഥാന നേതാവുമായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ: കുമാരി മനോഹര്‍. മകള്‍: അനു. മരുമകന്: സുരേഷ് കുമാര്‍.
International
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 14 സ്കൂൾ കുട്ടികൾ മരിച്ചു. അഞ്ച് വിദ്യാര്‍ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്കുണ്ട്.
പരിക്കേറ്റവര്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ലാഹോറിലെ കഹ്നയിലെ ഈദ്ഗാഹ് ബസ്തി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഏഴിനും 13നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു ക്ലാസിലുണ്ടായിരുന്നത്. 20 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു.
സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തകർന്ന സ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിലവിൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.
Kerala
ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണൂർ സ്വദേശി പ്രവീൺ ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഇടുക്കി ഏലപ്പാറയിലാണ് അപകടം. പ്രവീണും സുഹൃത്തും സ്കൂട്ടറിൽ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഉണങ്ങി നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു.
കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Kerala
മലപ്പുറം: ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചു കയറി ചികിത്സയിലായിരുന്ന 16 വയസുകാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്.
ഇക്കഴിഞ്ഞ മേയ് 31 ന് വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി ഗേറ്റിന്റെ കമ്പിയിലേയ്ക്ക് വീഴുന്നത്. ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് ചികിത്സയ്ക്കായി എത്തിച്ചത്.
പിന്നീട് ഫയർഫോഴ്സ് എത്തിയാണ് ഗേറ്റിന്റെ കമ്പികൾ മുറിച്ചു മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ. അമിതമായ ലഹരി ഉപയോഗത്തെ തുടർന്നാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിലെ ഒരു ഗേൾസ് സ്കൂളിന് എതിർവശത്തുള്ള ഉപയോഗശൂന്യമായ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
ഈ പ്രദേശം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും സജീവമാണെന്ന വിവരത്തെ തുടർന്ന് നേരത്തെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകൾ നടന്നിരുന്നു. ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവിടെ ലഹരി ഉപയോഗം തുടരുന്നതായി വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
തൃപ്പൂണിത്തുറ: അമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കേണ്ട ദിവസം പുലർച്ചെ മകനും മരിച്ചു. മുൻ കൊച്ചിൻ ദേവസ്വം ബോർഡംഗമായിരുന്ന തൃപ്പൂണിത്തുറ വടക്കേക്കോട്ട പാഴൂർ ലൈനിൽ ചിത്രയിൽ പി.കെ. രുഗ്മിണി അമ്മയും(83) മകൻ ഹരിമിത്രയുമാ(51)ണ് രണ്ടു ദിവസത്തെ ഇടവേളയിൽ മരിച്ചത്.
കഴിഞ്ഞ 21ന് അന്തരിച്ച രുഗ്മിണി അമ്മയുടെ സംസ്കാരം 24ന് രാവിലെ വീട്ടുവളപ്പിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അമ്മയെ പരിചരിക്കാനായി അമേരിക്കയിൽ നിന്നു നാട്ടിലെത്തിയ ഹരിമിത്ര അന്ന് പുലർച്ചെ നാലിന് മരിച്ചു.
രുഗ്മിണി അമ്മയുടെ സംസ്കാരം വീട്ടുവളപ്പിലും ഹരിമിത്രയുടെ സംസ്കാരം ഇരുമ്പനം ശ്മശാനത്തിലും നടത്തി. പരേതനായ ഹരിശർമ്മയാണ് രുഗ്മിണി അമ്മയുടെ ഭർത്താവ്. മറ്റൊരു മകൻ: ഹരികൃഷ്ണ. ഹരിമിത്രയുടെ ഭാര്യ: പാർവതി.
NRI
റിയാദ്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണു മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യവസായ കേന്ദ്രത്തിൽ അറ്റകുറ്റ പ്രവൃത്തികൾക്കിടെയാണു സ്ഫോടനമുണ്ടായത്.
പിതാവ്: ബാബു (ടൈലർ പുറമേരി), അമ്മ: മോളി (സീന). ഭാര്യ: അതുല്യ. സഹോദരി: വിസ്മയ (ബംഗളൂരു).
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
Kerala
കൊച്ചി: ദേശീയപാതയിൽ നെടുമ്പാശേരി ഫാർമസി കവലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ, അശ്വിൻ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്ക് മീഡിയനിലെ വൈദ്യുതി വിളക്കിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റേയാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. രാവിലെ ആലുവയിൽനിന്ന് അങ്കമാലി ഭാഗത്തേക്ക് പോയപ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്
Kerala
തൃശൂർ: സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തിൽ അങ്കണവാടി ടീച്ചർ മരിച്ചു. തൃശൂർ പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ വർഗീസിന്റെ
ഭാര്യ മിനി വർഗീസ്(52) ആണ് മരിച്ചത്.
തൃശൂർ വടക്കാഞ്ചേരി പുതുരുത്തിയിൽ ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം. അങ്കണവാടിയിലേക്ക് പോകാനായി ബന്ധുവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിന് പുറകിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങിയതോടെ കഴുത്തു മുറുകി റോഡിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.
ഉടനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുരുത്തി ചാത്തൻപടിയിലെ അങ്കണവാടി അധ്യാപികയാണ് മിനി വർഗീസ്.
International
റോം: ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മുൻ പ്രസിഡന്റും റോം രൂപതയുടെ മാർപാപ്പയുടെ വികാരിയുമായിരുന്ന കർദിനാൾ കമില്ലോ റൂയിനി (95) ദിവംഗതനായി.
സംസ്കാര ശുശ്രൂഷ ഇന്നു വൈകുന്നേരം 4.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും അടുത്ത സഹകാരിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഇറ്റലിയിലെ യാഥാസ്ഥിതിക മെത്രാന്മാരുടെ പ്രധാന ശബ്ദങ്ങളിൽ ഒരാളായി അറിയപ്പെട്ടിരുന്നു. സെൻട്രൽ ഇറ്റലിയിലെ സാസുതൊ സ്വദേശിയായ കമില്ലോ റൂയിനി 1954ൽ പൗരോഹിത്യം സ്വീകരിച്ചു.
1983ൽ റെജിയോ എമിലിയ രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹത്തെ 1991ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തി.
1991 മുതൽ 2007 വരെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായും 1991 മുതൽ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും ലാറ്ററൻ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ മെഡ്ജുഗോറിയയെ സംബന്ധിച്ച കമ്മീഷന്റെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
കത്തോലിക്കാമൂല്യങ്ങളുടെ പാരമ്പര്യം മറച്ചുവയ്ക്കാതെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നിരന്തരം ഉയർത്തിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്നതായിരുന്നു.
District News
വരാപ്പുഴ : ആലുവ എ.വി.എൻ. ജ്വല്ലറി ഉടമ കൂനമ്മാവ് തണ്ണിക്കോട്ട് പരേതനായ സർവദോർ (റിട്ട. ജല അഥോറിറ്റി വർക്ക് സൂപ്രണ്ട്, പറവൂർ) മകൻ നോയൽ (54) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെ രാവിലെ ഒൻപതിന് ജ്വല്ലറിയിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംസ്കാരം നാളെ വൈകുന്നേരം നാലിന് സെന്റ് ഫിലോമിനാസ് ദേവാലയത്തിൽ. ഭാര്യ: വരാപ്പുഴ ചിറയ്ക്കകം ചാണേപ്പറമ്പിൽ കുടുംബാംഗം ജെബി. മക്കൾ: അരുൺ (യുകെ ) ആലീയ (ചാവറദർശൻ സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥിനി ).
Kerala
കണ്ണൂർ: നാടകപ്രവർത്തകൻ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ-58) അന്തരിച്ചു. അസുഖബാധിതനായി കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
കണ്ണൂർ ജില്ലയിൽ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തിയ വിഖ്യാത നാടകങ്ങളിൽ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന തുടങ്ങി കേരളത്തിലെ പല പ്രമുഖ സമിതികളിലും പ്രവർത്തിച്ചിട്ടുണ്ട്.
നാടകപ്രവർത്തനത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. നാടകാഭിനയത്തിനും സംവിധാനത്തിനും പുറമേ ആകാശവാണിയിൽ ആർട്ടിസ്റ്റായും ഏതാനും സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന പുരസ്കാര ജേതാവും നാടക-സിനിമാ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ മിനി രാധൻ ആണ് ഭാര്യ. മക്കൾ: ആതിര (ആർട്ടിസ്റ്റ്), ആരതി (നഴ്സ്, യു.കെ). മരുമകൻ: വിവേക് (ഡെസ്ക് എഡിറ്റർ, ബാലരമ). സഹോദരങ്ങൾ: ഗിരിജ, ജിഷ, രജനി
District News
കൊട്ടിയം: സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി തീകൊളുത്തിയ അധ്യാപകനായ യുവാവ് മരിച്ചു. കൊട്ടാരക്കര ചാന്തുര്‍ അമ്പലത്തും കാല അമ്പനാട്ടു വീട്ടില്‍ അജിത് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ മുഖത്തല എന്‍എസ്എസ് യുപി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാലക്കാട് അധ്യാപകനായി ജോലിനോക്കുകയാണിയാള്.
മരിക്കാന്‍ പോകുന്ന വിവരം ഇയാള്‍ ബന്ധുവിനെ രാത്രിയില്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. ബന്ധു ഉടന്‍ പോലീസിനെ അറിയിക്കുകയും മുഖത്തലയിലെത്തുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സ്കൂള്‍ മതില് ചാടിക്കടന്ന് എത്തുമ്പോഴേക്കും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തിയിരുന്നു. വിജയന്‍പിള്ളയുടെയും ഗീതാകുമാരിയുടെയും മകനാണ്. ഭാര്യ: ശ്രീക്കുട്ടി. മകള്‍: ആത്മിക. സംഭവത്തിൽ കൊട്ടിയം പോലീസ്കേസെടുത്തു.
Kerala
ഇടുക്കി: എച്ച്1എൻ1പനി ബാധിച്ച് കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ (82) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 30ന് മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എച്ച്1എൻ1 ആണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതമതിയെന്നും അധികൃതർ പറഞ്ഞു.
Kerala
മൈസൂരു: മൈസൂരുവിൽ ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണു മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. സർവീസ് റോഡിൽ ഇന്തുവാലുവിൽ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മണ്ഡ്യയിൽ സ്വകാര്യ നഴ്സിംഗ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. മൃതദേഹം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
Kerala
മലയാളത്തിന്റെ പ്രയ നടൻ സലിം കുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു.
സലിം കുമാർ എന്ന പേരിന് പിന്നിലുമുണ്ട് ഒരു കഥ. ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഒരു പേര് കേട്ട് അവന് ഏതാണ് മതമെന്ന് തിരിച്ചറിയാതിരിക്കാൻ അദ്ദേഹത്തിന്റെ അച്ഛൻ കണ്ടെത്തിയ പേരാണ് സലിം കുമാർ.
1969 ഒക്ടോബർ പത്തിന് വടക്കൻ പറവൂരിൽ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായി ജനിച്ചയാൾക്ക് എന്താണ് പേരിടേണ്ടെതെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.
നിരീശ്വരവാദിയും സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ അനുയായിയുമായിരുന്നു സലിം കുമാറിന്റെ അച്ഛൻ ഗംഗാധരൻ. ഇളയ മകന് മതപരമായ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ അദ്ദേഹം കണ്ടെത്തിയ പേരാണ് സലിം കുമാർ. ആ പേര് പിന്നീട് മലയാളികളുടെ ഇഷ്ടപേരുകളിലൊന്നായി മാറിയതും ചരിത്രം.
ചിറ്റാട്ടുകര നോർത്ത് പറവൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലായിരുന്നു സലിം കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. നോർത്ത് പറവൂരിലെ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയ അദ്ദേഹം മാല്യങ്കരയിലെ മൂത്തകുന്നം ശ്രീ നാരായണ മംഗലം കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു.
ചെറുപ്പത്തിൽ തന്നെ ഗായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മിമിക്രിയിലാണ് എത്തിപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം അവിടെ മൂന്ന് തവണ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച മിമിക്രിക്കാരനുള്ള കിരീടം നേടി.
കലാഭവനിൽ നിന്നാണ് അദ്ദേഹം തന്റെ നാടക ജീവിതം ആരംഭിച്ചത്. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലും അദ്ദേഹം ഒരു അവതാരകനായിരുന്നു. ഏകദേശം നാല് വർഷത്തോളം കൊച്ചിയിലെ ആരതി തിയറ്ററുകളിൽ അദ്ദേഹം പ്രൊഫഷണൽ നാടകവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു.
മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമിക്കോള എന്ന കോമഡി പ്രോഗ്രാമിന്റെ അവതാരകനായി സലിം കുമാറിനെ തെരഞ്ഞെടുത്തു.
1997-ൽ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷം സിബി മലയിൽ തന്റെ നീ വരുവോളം എന്ന സിനിമയിൽ നല്ലൊരു വേഷം സലിം കുമാറിന് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അഭിനയം ശരിയല്ലെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ അദ്ദേഹത്തെ ലൊക്കേഷനിൽ നിന്ന് തിരിച്ചയച്ചു. പിന്നീട് ഇന്ദ്രൻസാണ് ആ വേഷം ചെയ്തത്.
പിന്നീട് 2000-ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ അഭിനയത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സത്യമേവ ജയതേ എന്ന ചിത്രത്തിലെ അഭിനയത്തിൽ ആകൃഷ്ടനായ സംവിധായകൻ റാഫി മെക്കാർട്ടിൻ തന്റെ പുതിയ ചിത്രമായ തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ സലിമിന് ഒരു വേഷം നൽകി. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 2000-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
പിന്നീട് ദിലീപിനൊപ്പം പറക്കും തളികയിൽ പാചകക്കാരനായ കോശിയുടെ വേഷവും 2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന കൾട്ട് കോമഡി സിനിമയിൽ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും അദ്ദേഹം അവതരിപ്പിച്ചു. ദിലീപിനൊപ്പം ഹിറ്റായി സലിമിന്റെ കരിയറും മുന്നോട്ട് പോയി.
മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ അങ്ങനെ ദിലീപും സലിമും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.
2003-ൽ ക്ലാസിക് കൾട്ട് സിനിമയായ സി.ഐ.ഡി മൂസയിൽ ഒരു മാനസിക രോഗിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിളക്കത്തിൽ ഓമനക്കുട്ടൻ, മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഉസ്മാൻ, മമ്മൂട്ടി അഭിനയിച്ച പട്ടാളത്തിൽ എസ്.ഐ. ഗബ്ബാർ കേശവൻ എന്നീ വേഷങ്ങൾ അവിസ്മരണീയമായിരുന്നു.
റൊമാന്റിക്-കോമഡി ചിത്രമായ പുലിവാൽ കല്യാണത്തിലാണ് സലിം കുമാർ തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. മണവാളന്റെ നിസഹായമായ മുഖം, ലജ്ജാകരമായ പുഞ്ചിരി, പൈപ്പ് വലിക്കുന്ന ധനികന്റെ അഭിനയം എന്നിവയുൾപ്പെടെയുള്ള നിരവധി ഭാവങ്ങൾ പിന്നീട് കേരള ട്രോൾ സമൂഹത്തിൽ ഒരു കൾട്ട് ഫോളോവേഴ്സിനെ വളർത്തിയെടുത്തു. ഇന്നും മീമുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സലിമിന്റെ മുഖമാണ്. അങ്ങനെ മലയാളസിനിമയ്ക്ക് ഒഴിവാക്കാനാകാത്ത എത്രയെത്ര വേഷങ്ങൾ. ഒടുവിൽ ദിലീപിന്റെ ഭഭബയിൽ അഡ്വ. മുകുന്ദനുണ്ണി എന്ന കാമിയോ വേഷമാണ് അദ്ദേഹം അവസാനമായി ചെയ്തത്.
-
Kerala
കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്.
ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കെയാണ് എമിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഇരുവരും ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ദിവ്യ, ബേസിൽ ജെയിംസ് എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപക് (ഇടവിളായിൽ, പോത്താനിക്കാട്), ജീവ മറിയം സണ്ണി (മാടപ്പമ്പിൽ, മഴുവന്നൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
Kerala
കൊച്ചി: മുവാറ്റുപുഴയിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി- 57) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ലോറിയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു ബിജുകുമാർ. അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് നീക്കിയാണ് ബിജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഷൈനിയാണ് ബിജുകുമാറിന്റെ ഭാര്യ. മക്കൾ: അഞ്ജിത, അഞ്ജന. ഹരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: പേരാന്പ്രയിലെ ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഞായറാഴ്ച നടത്തും.
സോനയുടേത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലായിരുന്നു പോലീസ്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
മരണത്തിന് തൊട്ട് മുന്‍പും താന്‍ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മെയ് പതിനഞ്ചിന് രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രജിന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല.
അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ രജിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
കാറില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്നതിനിടെ രജിൻ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പോലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
Kerala
പാലക്കാട്: മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി മുത്തു (75) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ആക്രമണം.
സഹോദരിയെ അച്ഛൻ വഴക്കു പറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെയാണ് മകൻ സുനിൽ അച്ഛനെ കൈക്കോട്ട് കൊണ്ട് വെട്ടിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയും മിന്നലും. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലു പേർക്ക് മിന്നലേറ്റു.
പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കണ്ണൂര്‍: വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ആലക്കോട് നടുവില്‍ കുടിയാന്മല മുന്നൂര് കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാണ്(72) മരിച്ചത്.
പരിയാരത്തെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണം. മേയ് ഒമ്പതിന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടാം നിലയിലെ ടെറസിലേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
Kerala
ചാവക്കാട്: കടലിൽ കുളിക്കുന്നതിനിടയിൽ ശക്തമായ തിരയിൽ അകപ്പെട്ട് വിദ്യാർഥി മരിച്ചു.
കടപ്പുറം തൊട്ടാപ്പ് നാലു സെന്റ് ഉന്നതിയിൽ മേലേടത്ത് ഇല്യാസിന്റെ മകൻ മുഹമ്മദ് ഇജാസാണ് (14) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം.
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ഉണ്ടായ ശക്തമായ വേലിയേറ്റത്തിൽ മൂന്നു കുട്ടികളും തിരയിൽ അകപ്പെട്ടു കടലിനുള്ളിലേക്ക് ഒലിച്ചുപോകുകയുമായിരുന്നു. നീന്തി രക്ഷപ്പെടാൻ കഴിയാതെ വന്നതോടെ കുട്ടികൾ ബഹളംവച്ചു.
ഓടിയെത്തിയ പ്രദേശവാസികൾ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ഇജാസിനെ കണ്ടെത്താനായില്ല. തുടർന്നു നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ ഇജാസിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇജാസ് ഒരുമനയൂർ ഇസ്ലാമിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. അമ്മ: തസ്മി. സാഹോദരങ്ങൾ: ഇജിലാസ്, ഇസ്തിയാക്.
NRI
ലണ്ടൻ: യുകെയിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി ജോര്‍ജി ആംബ്രയിൽ മാത്യു (47) ആണ് മരിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാർട്ടേഡ് അക്കൗണ്ടന്റായ ജോർജി ഹാറോവിലെ റജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു കുടുംബമായി താമസിച്ചിരുന്നത്.
യുകെയിലെ മലയാളി സാംസ്കാരിക - സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ജോർജി. ഭാര്യ: റെൻജു. മകൾ: കാരൻ.
National
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ കകിരയിലായിരുന്നു അപകടം. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മണാലിയിൽ നിന്ന് ഡൽഹൗസിയിലേക്ക് 10 പേരുമായി പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്ത് സ്വദേശികളായ ലളിത് ഭായ് ഫട്നാനി, ഭാര്യ മംമ്ത, പ്രിയങ്ക് കനയ്യ ലാൽ, ഭാര്യ കാജൽ, മകൻ ദിയാൻഷ്, മണ്ടിയിലെ ജോഗീന്ദർനഗർ സബ്ഡിവിഷനിൽ താമസിക്കുന്ന ഡ്രൈവർ ജസ്വന്ത് എന്നിവരാണ് മരിച്ചത്.
നിയന്ത്രണം തെറ്റിയ കാർ ആഴത്തിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. കുത്തനെയുള്ള വളവ് മറികടക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പാലക്കാട്: കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു. ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൾ ജബ്ബാറിന്റെ മകൻ റിയാസ്(35) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റ വീടിന്റെ കിണർ നന്നാക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു.
ബുധനാഴ്ച കിണർ വൃത്തിയാക്കിയിരുന്നെങ്കിലും പണി പൂർണമായും കഴിയാത്തതിനെ തുടർന്ന് ഇന്ന് രാവിലെയും കിണറിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് മുകളിൽ നിന്നും സ്ലാബ് പൊട്ടിവീണത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ചിറ്റൂർ: മീനാക്ഷിപുരം കന്പാലത്തറയിൽ ടോറസ് ലോറിയിൽ നിറച്ച മണ്ണ് ഇറക്കുന്നതിനായി ഉയർത്തിയ പിൻഭാഗം വൈദ്യുതലൈനിൽ തട്ടി ഡ്രൈവർ ഷോക്കേറ്റു മരിച്ചു.
കോട്ടയം കടനാട് നീലൂർ മാവറയിൽ രാജുവിന്റെ മകൻ രഞ്ജിത്ത് രാജൻ (37) ആണ് ചൊവ്വാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്.
ടോറസിന്റെ ടയറിൽനിന്നു പുക ഉയരുന്നതുകണ്ടു പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.
ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശമായ കോട്ടയത്തേക്കു കൊണ്ടുപോയി.
District News
ചേലക്കര: മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. തോന്നൂർക്കര തോട്ടേക്കോട് സ്രാമ്പിക്കൽ കുന്നത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ എസ്ഐ അബ്ബാസ് (51) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.15 ഓടുകൂടി വീട്ടിലെ ബാത്റൂമിന് മുന്നിൽ അബ്ബാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അബ്ബാസിനെ വീട്ടുകാർ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചേലക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഐഇഡി സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകൾ നിർവ്വീര്യമാക്കുന്നതിനിടയിൽ പൊട്ടിതെറിക്കുകയായിരുന്നു.
ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
International
ബെർലിൻ: ഈജിപ്തിൽ അവധി ആഘോഷിക്കാനെത്തിയ ജർമൻ ടൂറിസ്റ്റ് മൂർഖന്റെ കടിയേറ്റു മരിച്ചു. ചെങ്കടൽ തീരത്തെ ഹോട്ടലിലുണ്ടായ സംഭവത്തിൽ അന്പത്തേഴുകാരനാണ് മരിച്ചത്.
വിനോദസഞ്ചാരികൾക്കായി പാന്പുകളെ ഉൾപ്പെടുത്തി ഹോട്ടൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണു കടിയേറ്റത്. രണ്ട് മൂർഖൻ പാന്പുകളാണ് ഉണ്ടായിരുന്നത്.
പാന്പാട്ടി ഇവയെ ടൂറിസ്റ്റുകളുടെ കഴുത്തിനു ചുറ്റും. ഇതിനിടെ പാന്പുകളിലൊന്ന് പാന്റ്സിനുള്ളിൽ കയറി കാലിൽ കൊത്തുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം പനങ്ങാട് ബൈക്ക് ലോറിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തേവര സ്വദേശി സ്റ്റെഫിന് സ്റ്റീഫന്‍ ആണ് മരിച്ചത്. രാവിലെ ഒമ്പരയോടെ കുഫോസിന് അടുത്താണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ലോറിയില്‍ ഇടിച്ച ശേഷം ലോറിക്കടിയിലേക്ക് കയറി പോവുകയായിരുന്നു. സ്റ്റീഫനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
കൊല്ലം: ആയൂരിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആയൂർ പാലത്തിന് സമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയ റോബിനെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ, കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ചശേഷം കോഴഞ്ചേരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കടയ്ക്കൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും, ചടയമംഗലം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എം.സി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പരുക്കേറ്റ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർ വ്യത്യസ്ത ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
District News
കടുത്തുരുത്തി: വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചത് ശ്വാസകോശത്തില്‍ വിസര്‍ജ്യം (മഷി) കയറിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച കടുത്തുരുത്തി വെള്ളാശേരി ആളുമ്മേല്‍ അനീഷിന്റെ ഭാര്യ കാര്‍ത്തികയുടെ (36) നവജാതശിശു മരിച്ച സംഭവത്തിലാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് വിശദമായ മൊഴിയെടുത്തത്. യഥാസമയം വേണ്ട പ്രസവശുശ്രൂഷ ലഭിക്കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ജോമോന് ജേക്കബ് പോലീസിന് മൊഴി നല്കി. കുഞ്ഞിന്റെ പൊക്കിള്‍കൊടി ശരിയായ നിലയിലല്ല മുറിച്ചിട്ടുള്ളതെന്നു കണ്ടെത്തിയതായും ഡോക്ടര്‍ മൊഴി നല്കി. ഇതിനായി യുവതി ഉപയോഗിച്ച കത്രിക യുവതിയുടെ വീടിനകത്തുനിന്നു പോലീസ് സംഭവദിവസംതന്നെ കണ്ടെത്തിരുന്നു.
കടുത്തുരുത്തി എസ്എച്ച്ഒ ഡി. രജീഷ്കുമാര്, എസ്ഐ എ.കെ. അനില്‍, എഎസ്ഐ ശ്രീലത അമ്മാള്‍ എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറില്‍നിന്ന് നവജാതശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ശേഖരിച്ചത്. തിങ്കളാഴ്ച കാര്‍ത്തികയുടെ മൊഴിരേഖപ്പെടുത്താന്‍ പോലീസ് സംഘം മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൊഴിയെടുക്കാനായില്ല. ഗൈനക്കോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ യുവതി ചികിത്സയിലുള്ളത്. ഇവരുടെ ശാരീരികാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് വരുംദിവസം ഇവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിലെത്തി വൈദ്യസഹായം തേടാതെ വീട്ടില്‍ പ്രസവിച്ചതിനും കുഞ്ഞിന്റെ മരണവുമായും യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോയെന്നുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് കാര്‍ത്തികയെ ഇവരുടെ വീട്ടില്‍ രക്തസ്രാവമുണ്ടായി അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ പരിസരവാസികള്‍ കണ്ടത്. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ കുഞ്ഞിനെ പിന്നീടു മരിച്ചനിലയില്‍ വീട്ടിൽനിന്നു കണ്ടെത്തുകയായിരുന്നു.
Kerala
കൊല്ലം: വോട്ട് ചെയ്യാനെത്തിയ രണ്ട് പേര്കുഴഞ്ഞുവീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61), കൊല്ലം കടപ്പാക്കട കുളങ്ങര വീട്ടിൽ സരള എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്.
കുരാ ഗവ എൽപിഎസിലെ 72-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ മോഹനനൻ ആചാരി റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അനു. മക്കൾ. ആരോമൽ, ആതിര. സംസ്കാരം ഇന്ന് ഉച്ചക്ക് 12. 30 ന് വീട്ടുവളപ്പിൽ.
കടപ്പാക്കട ലിറ്റിൽ ഫ്ലവർ സ്കൂളിൽ വൈകിട്ട് അഞ്ചോടേ വോട്ടു ചെയ്യാൻ എത്തിയ സരള കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.
District News
പൊൻകുന്നം: പ്രഭാത സവാരിക്കിറങ്ങിയ ആൾ കാറിടിച്ചു മരിച്ചു. തെക്കേത്തുകവല മംഗലത്തു വീട്ടിൽ പ്രകാശ് (61) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ തെക്കേത്തുകവല കൃഷിഭവന് സമീപമുള്ള കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇതിനിടെ നടന്നു വരുകയായിരുന്ന പ്രകാശിനേയും ഇടിച്ചുവീഴ്ത്തി.
പ്രകാശ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മണിമല കരിക്കാട്ടൂർ സ്വദേശികളായ പ്ലാക്കാട്ട് വീട്ടിൽ അലക്സ് (59), സിനി (50) അലീന അലക്സ് (18), വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പഴയിടം തീമ്പലങ്ങാട് ജോൺസൺ ( 62 ) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. മലയാറ്റൂർ ദർശനം കഴിഞ്ഞ് റാന്നി ഭാഗത്തേക്ക് പോകുകയായിന്നു കാർ. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. പ്രകാശിന്റെ സംസ്കാരം നടത്തി. ഭാര്യ: ഷീജ ഈരാട്ടുപേട്ട മേലമ്പാറ കുടുംബാഗം. മക്കൾ: അനന്തകൃഷ്ണൻ, നന്ദു കൃഷ്ണൻ.
Kerala
തൊടുപുഴ: നഗരത്തിനു സമീപം ഉറവപ്പാറ മലമുകളില്‍ പ്രകൃതിദൃശ്യം ആസ്വദിക്കാനെത്തിയ സംഘത്തിലുള്‍പ്പെട്ട പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പിതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂരില്‍ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്.
പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്റിയ (12) ആണ് മരിച്ചത്. പിതാവ് വി.എം.അഫ്സല് (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ്. രാജ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നഫീസത്തുള്‍ മിസ്റിയയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്സല് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ല.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയോടെയാണ് സംഭവം. തൊടുപുഴയില്‍ നടക്കുന്ന സമ്മര്‍ഫെസ്റ്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് ഉറവപ്പാറ സന്ദര്‍ശിക്കാന്‍ പോയത്. ഉറവപ്പാറ മലയുടെ മുകളില്‍ ആയിരുന്ന അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായതോടെ ഇവര്‍ വേഗത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേല്‍ക്കുകയായിരുന്നു. പരിക്കേറ്റ് വീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന് മിന്നലേറ്റത്.
സംഭവമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന നഫീസത്തുള്‍ മിസ്റിയയുടെ മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മലമുകളില്‍ നിന്നുള്ള മനോഹരമായ ദൃശ്യഭംഗി സമ്മാനിക്കുന്നതിനാല്‍ ഒട്ടേറെ പേര് ഇപ്പോള്‍ ഉറവപ്പാറ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.
Kerala
മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിന്റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ(75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്റെ ഭാഗമായി തീരദേശത്ത് റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങല്‍ ബീച്ചില്‍ വച്ച് സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരമറിഞ്ഞതിനെത്തുടര്ന്ന് റോഡ് ഷോ അടിയന്തിരമായി നിര്‍ത്തിവച്ചു. സ്ഥാനാര്‍ഥി പി.എം.എ. സമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
National
ഭുവനേശ്വർ: ഷൂട്ടിംഗിനിടെ ഒഡീഷയിൽ കടലിൽ ബോട്ട് മറിഞ്ഞ് ബംഗാളി നടൻ മരിച്ചു. പ്രമുഖ ബംഗാളി ചലച്ചിത്ര-സീരിയൽ നടനായ രാഹുൽ അരുണോധയ് (42) ആണു മരിച്ചത്. ദിഗ്ഗയ്ക്കടുത്ത താൽസാരി ബീച്ചിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ടിവി സീരിയലിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ബോട്ടിൽ യാത്ര ചെയ്തു കടലിലേക്കു ചാടിയപ്പോൾ തിരമാലകളിൽപ്പെടുകയായിരുന്നു. ഉടൻ യൂണിറ്റ് അംഗങ്ങളും ടെക്നീഷ്യന്മാരും ചേർന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1983 ഒക്ടോബർ 16ന് കോൽക്കത്തയിൽ ജനിച്ച രാഹുൽ 2008ലെ ചിരോധിനി തുമി ജെ ആമാർ എന്ന സിനിമയിലൂടെയാണു ശ്രദ്ധേയനായത്. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. ആദ്യസിനിമയിലെ സഹതാരമായിരുന്ന പ്രിയങ്ക സർക്കാർ ആണു ഭാര്യ. ഒരു മകനുണ്ട്. 2017ൽ ദന്പതികൾ പിരിഞ്ഞെങ്കിലും 2021ൽ വീണ്ടും ഒന്നിച്ചു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകആയിരുന്ന ഏഴ് വയസുകാരൻ മരിച്ചു. അമരവിള സ്വദേശി ശിവകുമാർ,വനിത ദമ്പതികളുടെ ഇളയ മകൻ നിതിൻ സ്വാദിഖ് ആണ് മരിച്ചത്.
അമ്മയോടൊപ്പം സ്കൂട്ടറിൽ അമരവളയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സമയത്ത് നെയ്യാറ്റിൻകര ഗ്രാമത്ത് വച്ച് അതേ ദിശയിൽ വരികയായിരുന്ന ബസ് ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.
അമ്മയ്ക്കും ഗുരുതരപരിക്കുണ്ട്. ചെങ്കൽ സായി കൃഷ്ണ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിതിൻ സ്വാദിഖ്.
NRI
റിയാദ്: സൗദിയിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്.
മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽനിന്നുള്ള വാതകമാണ് അപകടത്തിനു കാരണമായത്.
ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ചു ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം അദ്ദേഹം മരിച്ചു.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന് മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്.
പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റിരുന്നു. ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
പാലോട്: കഴിഞ്ഞ ദിവസം പാലോടുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലോട് പാപ്പനംകോട് സ്വദേശിനി സിബിനയാണ് (30) മരിച്ചത്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടക്കുക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പാലോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.
Kerala
തിരുവനന്തപുരം: ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. കിളിമാനൂരിൽ ഇന്ന് രാവിലെ 6.30നായിരുന്നു അപകടം.
ഉടൻതന്നെ ഇവരെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
National
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസുകാർ മരിച്ചു. റിസർവ് പോലീസ് ഇൻസ്പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്.
രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഈശ്വർ, മഹന്തേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ, ചെല്ലക്കരയിൽ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളൂരുവിൽ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
Kerala
പത്തനംതിട്ട: കോന്നി എലിയറക്കലിൽ മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു. . എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് മരിച്ചത്.
സംഭവത്തിൽ നിയാസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്റെ അടുത്ത ബന്ധവും അയൽവാസിയുമാണ് വഹാബ്. നിയാസും ഭാര്യയും തമ്മിൽ സ്ഥിരം കുടുംബ കലഹം ഉണ്ടാകാറുണ്ടെന്നാണ് പറയുന്നത്. നിയാസിന്റെ വീടിന് തൊട്ടടുത്താണ് വഹാബിന്റെ വീട്.
മദ്യലഹരിയിൽ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു വഹാബ്. തുടര്‍ന്ന് നിയാസിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വഹാബ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഞായറാഴ്ച കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.
പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേയ്ക്ക് തീപടരുകയായിരുന്നു.
International
ടെഹ്റൻ: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ ആയത്തൊള്ള ഖമനയ്യുടെ ഭാര്യയും മരിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മൻസൂറ ഖോജാസ്തെ ബാഗർസാദെ മരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ഖമനേയ്യും ഖോജാസ്തെയും 1964ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് ആറ് കുട്ടികളുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാതെയും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയും വീട്ടിൽതന്നെ ഒതുങ്ങികൂടുന്ന ശീലമായിരുന്നു ഖോജാസ്തെയുടേത്.
അതേസമയം, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള ഖമനയിയെയുടെ വസതിയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനയിയും മകളും മരുമകനും കൊച്ചുമകനും ഉൾപ്പടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
District News
കൊടുങ്ങല്ലർ: അഴീക്കോട് സ്വദേശി ദോഹയിൽ നിര്യാതനായി. അഴിക്കോട് കല്ലുങ്ങൽ പരേതനായ അബ്ദുൾ കരീമിന്റെ മകൻ ഷഫീർ(38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
പത്തു വർഷത്തിലധികമായി ഖത്തറിൽ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. മാതാവ്: ലൈല. ഭാര്യ: ജസ്ല. മകൾ: ഐറ സംറിൻ.
District News
നെടുമങ്ങാട്: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിവേട്ട മുസ്ലീം പള്ളിക്കു സമീപം വടക്കുംകര പുത്തൻവീട്ടിൽ സജീവ് (44) ആണ് മരിച്ചത്.
ഇന്നലെരാവിലെ 8.30യോടെ പാലൈക്കോണം സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. ആര്യനാട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കൾ: ഷിഫാന, ഷിഹാന.
NRI
ഹൂസ്റ്റൺ: ടെക്സസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസും മൂന്ന് വയസും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
രാവിലെ 11.30 ഓടെ ഗ്രീക്ക് എഡ്ജ് കോർട്ടിലെ വീടിന് പിന്നിലുള്ള പൂളിലാണ് അപകടം നടന്നത്. കുട്ടികൾ അവരുടെ അമ്മയ്ക്കും മുത്തശ്ശിമാർക്കും ഒപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി തിരിച്ചെത്തിയ മുത്തശ്ശിയാണ് കുട്ടികൾ വെള്ളത്തിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഈ സമയം കുട്ടികളുടെ അമ്മയും മുത്തച്ഛനും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.
മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. ഹെലികോപ്റ്റർ മാർഗം കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് സംഭവം സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഹൂസ്റ്റൺ മേഖലയിൽ കുട്ടികൾ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
District News
എടക്കര: പോത്തുകൽ സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാട്ടി നാസർ- റെയ്ഹാനത്ത് ദന്പതിമാരുടെ മകൻ ശിഹാബുദീൻ (33) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെ വീട്ടിൽ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ശിഹാബുദീനെ പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇറങ്ങുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഫർസാന. മകൻ: അമാൻ. സഹോദരങ്ങൾ: സിറാജുദീൻ, സലീന.
District News
നിലന്പൂർ: ഭിന്നശേഷിക്കാരുടെ ഗ്രാമസഭയിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു.
മൈലാടി അന്പൂക്കാടൻ അബ്ദു(74) ആണ് മരിച്ചത്. പതിനാറാം വയസിൽ മരത്തിൽ നിന്നുവീണ അബ്ദു കഴിഞ്ഞ 58 വർഷമായി ചക്ര കസേരയിലായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: സുഹൈൽ, ഷാഹുൽ. മരുമക്കൾ: ഷംല, അസ്ല.
District News
തിരുവനന്തപുരം: പുലയനാര്‍ക്കോട്ടയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പുളി അടര്ത്തിയിടുന്നതിനിടെ കാല്‍വഴുതി താഴെവീണ് പരിക്കേറ്റ വയോധികന് മരിച്ചു. ചെറുവയ്ക്കല്‍ കെജിആര്എഎ 45 സുജിത ഭവനില്‍ പി. സുന്ദരന്‍ (66) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടുകൂടിയാണ് അപകടം. മരംമുറിക്കുന്നതിനും പുളിയടര്ത്തുന്നതിനും പോകുന്ന തൊഴിലാളിയായിരുന്നു സുന്ദരന്‍. ഇന്നലെ രാവിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റന്‍ പുളിമരത്തില്‍ നിന്നാണ് കാല്‍വഴുതി റോഡില്‍വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.
ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍. ഡി. ലതയാണ് ഭാര്യ. മക്കള്‍: എസ്. സുനില്‍കുമാര്‍, എസ്. സുജിത. മരുമക്കള്‍: എസ്.ആര് രമ്യ, ജി. സന്തോഷ്.
District News
കോട്ടയം: ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത ഇന്നോവ കാര്‍ ഇടിച്ചു പത്തൊന്പതുകാരന് മരിച്ചതില്‍ ഉടമസ്ഥയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എസ്. സുഭാഷാണ് വിധിച്ചത്.
കോട്ടയം-കുമളി എന്‍എച്ച് 183 റോഡില്‍ എകെജെഎം സ്കൂളിനു മുന്പിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍നിന്നു കോട്ടയം ഭാഗത്തേക്ക് തെറ്റായ ദിശയില്‍ കയറിവന്ന ഇന്നോവ കാര്‍ എതിരേവന്ന മോട്ടോര്‍ ബൈക്കില്‍ ഇടിച്ചുവെന്നാണ് കേസ്. അതിവേഗത്തിലായിരുന്ന ഇന്നോവ കാര്‍ നട്ടാശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ. വേണു ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. 2023 മാര്‍ച്ച് 27-നായിരുന്നു അപകടം. തലേദിവസം അര്‍ധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇന്നോവ കാറിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തില്‍ കൊഴിയാത്താനത്തു സമീര്‍ മന്‍സില്‍ ബിനീതയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചിരുന്നത് 19 വയസുള്ള മകന് നബീല്‍ ബഷീറായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മരണപ്പെട്ട അനന്തുവിന്റെ മാതാപിതാക്കള്‍ നഷ്ടപരിഹാരത്തിനായി കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്കി.
വിശദമായ തെളിവെടുത്ത കോടതി ഹര്‍ജിക്കാരുടെ കോടതി ചെലവും പലിശയും അടക്കം 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കാറിന്റെ ഉടമസ്ഥയോടും ഡ്രൈവറോടും ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി വി.ബി. ബിനു കോടതിയില്‍ ഹാജരായി.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
National
ന്യൂഡൽഹി: പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ഈശോസഭാ വൈദികന് ഫാ. തോമസ് വി. കുന്നുങ്കൽ (99) അന്തരിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. തോമസ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് 1980 മുതൽ 1987 വരെ സിബിഎസ്ഇയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് സിബിഎസ്ഇ സ്കൂളുകൾ വലിയ പങ്കുവഹിച്ചത് ഈ കാലഘട്ടത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ 1986ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ നാഷണൽ ഓപ്പണ്‍ സ്കൂൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1989ലാണ് നാഷണൽ ഓപ്പണ്‍ സ്കൂൾ നിലവിൽവരുന്നത്.
അന്നു മുതൽ 1992 വരെ മൂന്ന് വർഷത്തേക്ക് അതിന്റെ ചെയർപേഴ്സണായും ഫാ. തോമസ് സേവനമനുഷ്ഠിച്ചു. ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനം ലോകത്തിലെതന്നെ ഏറ്റവും വലിയ ഓപ്പണ്‍ സ്കൂൾ സംവിധാനമാണ്. ദേശീയ അധ്യാപക കമ്മീഷൻ, ദേശീയ വിദ്യാഭ്യാസ നയ അവലോകന കമ്മീഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അംഗമെന്ന നിലയിൽ വിദ്യാഭ്യാസ നയരൂപീകരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഇതിനുപുറമെ, ഡൽഹിയിലെ ജെസ്യൂട്ട് സ്ഥാപനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ഇസ്ലാമിക് സ്റ്റഡീസ് അസോസിയേഷൻ എന്ന എൻജിഒയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
‘ദേശീയത പുനരുജ്ജീവനത്തിൽ അധ്യാപകരുടെ പങ്ക്’ (ദ റോൾ ഓഫ് ടീച്ചഴ്സ് ഇൻ നാഷണൽ റീജനറേഷൻ) എന്ന പേരിൽ 2005ൽ അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1926 ജൂലൈ മൂന്നിന് ആലപ്പുഴയിൽ ജനിച്ച ഫാ. തോമസ് 1945ൽ വൈദിക പഠനത്തിനായി ഈശോ സഭയിൽ ചേർന്നു. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958ൽ വൈദികപട്ടം സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് മൂന്നുമണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി മുതൽ ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൾ കാന്പസിൽ പൊതുദർശനം ഉണ്ടായിരിക്കും.
Kerala
ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.