രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസും എസ്പിയും. കോൺഗ്രസ് സമാജ്വാദി പാർട്ടിക്ക് 172 നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക കൈമാറി. ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസും എസ്പിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പട്ടിക കൈമാറിയതെന്നാണ് റിപ്പോർട്ട്.
പ്രിയങ്ക ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗങ്ങൾക്കും എസ്പി നേതാക്കളുമായുള്ള പ്രാഥമിക ചർച്ചകൾക്കും ശേഷമാണ് പട്ടിക സമർപ്പിച്ചത്. മുൻഗണനയുടെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിച്ചാണ് മണ്ഡലങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. സീറ്റ് വിഭജന ചർച്ചകളിൽ വ്യത്യസ്ത നിലപാടുകളാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. എ വിഭാഗത്തിൽ ഉൾപ്പെടുത്തിയ മണ്ഡലങ്ങളിൽ പാർട്ടിയുടെ നിലപാട് ഏറെക്കുറെ ഉറപ്പിച്ചതായാണ് വിവരം.
ബി വിഭാഗത്തിൽ ഉൾപ്പെട്ട സീറ്റുകളിൽ ചെറിയ മാറ്റങ്ങൾക്ക് കോൺഗ്രസ് തയാറാണ്. സി, ഡി വിഭാഗങ്ങളിലെ മണ്ഡലങ്ങളിൽ കൂടുതൽ ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും സന്നദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ മുൻകൂട്ടി കണ്ടെത്തി ഉറപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസും എസ്പിയും സഖ്യമായാണ് മത്സരിച്ചത്. സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിൽ 37 എണ്ണത്തിൽ എസ്പിയും ആറെണ്ണത്തിൽ കോൺഗ്രസും വിജയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യധാരണ നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇപ്പോൾ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നത്.
Tags : Uttar Pradesh Assembly Election Uttar Pradesh Elections Congress Samajwadi Party Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash