പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ സ്കൂൾ വാൻ കയറി എട്ടുവയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥി തസ്വനി ഉദയാൻഷി പഥക് ആണ് മരിച്ചത്. സംഭവത്തിൽ വാൻ ഡ്രൈവർ സത്യാപാലിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്കൂൾ വാനിൽ വീട്ടിലെത്തിയ തസ്വനി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സ്കൂൾ ബാഗിന്റെ സ്ട്രാപ്പ് വാനിന്റെ കതക്കിൽ കുടുങ്ങുകയായിരുന്നു. കുട്ടി സുരക്ഷിതയായി മാറിയെന്ന് ഉറപ്പുവരുത്താതെ ഡ്രൈവർ വാൻ പിന്നോട്ടെടുത്തതിനെത്തുടർന്ന് തസ്വനി വാനിനും വീടിന്റെ മതിലിനും ഇടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന മറ്റ് കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അയൽക്കാരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മിർസാപൂർ സ്വദേശികളായ കുടുംബം പ്രയാഗ്രാജിലെ നെയ്നിയിലാണ് താമസിച്ച് വരുന്നത്. മാതാപിതാക്കൾ ഡൽഹിയിലും ഗോരഖ്പൂരിലുമായി ജോലി ചെയ്യുന്നതിനാൽ തസ്വനി മുത്തശനും മുത്തശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാർ വാൻ ഡ്രൈവറെ മർദിക്കുകയും പിന്നീട് പൊലിസിൽ ഏൽപ്പിക്കുകയും ചെയ്തു. തസ്വനിയുടെ മാതാപിതാക്കൾ എത്തിയ ശേഷം തുടർനടപടികളും പോസ്റ്റ്മോർട്ടവും നടക്കുമെന്ന് പൊലിസ് അറിയിച്ചു. അതേസമയം, കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ വാനുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സഹായിയുടെ സേവനം ഈ വാനിൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
Tags : Accident Girl Die Bag Door SchoolVan