പ്രതി സുഹൈൽ
കൊച്ചി: നെടുമ്പാശേരി വാഹനാപകട സമയത്ത് പ്രതി സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ സഞ്ചരിച്ചത് 150 കിലോമീറ്റര്‍ വേഗതയില്‍. അരക്കിലോമീറ്റര്‍ ദൂരം 11 സെക്കൻഡുകള്‍കൊണ്ട് കടന്നു പോയെന്നാണ് പൊലിസ് പറയുന്നത്. 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചരിച്ചത് എന്നായിരുന്നു നേരത്തെ തെളിവെടുപ്പിനിടെ സുഹൈല്‍ പൊലിസിനോട് പറഞ്ഞത്.
അപകടത്തിന് ഏതാനും സെക്കൻഡുകള്‍ക്ക് മുമ്പ് കാറിലുണ്ടായിരുന്ന സുഹൈലിന്‍റെ സുഹൃത്ത് ജോയല്‍ ചിത്രീകരിച്ച വീഡിയോയില്‍ 140 -150 കിലോമീറ്റര്‍ സ്പീഡിലാണ് മിനി കൂപ്പര്‍ സഞ്ചരിച്ചതെന്നത് വ്യക്തമാണ്. കാറിന്‍റെ സ്പീഡോമീറ്റര്‍ ദൃശ്യം ജോയല്‍ സ്നാപ്ചാറ്റില്‍ പങ്കുവച്ചിരുന്നു. സുഹൈലിനും ജോയലിനും പുറമെ നിനവ്, അമീന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
വാഹനം സഞ്ചരിച്ച വേഗമുള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി മിനി കൂപ്പറിന്‍റെ ഇഡിആര്‍ പൊലിസ് ജര്‍മനിയിലേക്ക് അയക്കും. ബിഎംഡബ്ല്യൂ ആസ്ഥാനത്തെ വിദഗ്ധര്‍ ഇഡിആര്‍ പരിശോധിച്ചതിനു ശേഷം വിവരം പൊലിസിന് കൈമാറും. കമ്പനിയുടെ സ്വകാര്യതാ നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി.
Tags : Accident Nedumbassery Vehicle MiniCooper