Kerala
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. മറ്റന്നാൾ അപേക്ഷ പരിഗണിക്കും. അതേസമയം അപകടത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലിസ്.
കാർ മത്സരയോട്ടം നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. മദ്യലഹരിയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ സുഹൈൽ സജീവും കൂട്ടാളികളായ നിനവും ജോയാലും നിലവിൽ റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലിസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സുഹൈലും മറ്റ് പ്രതികളും മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിലാണ് സുഹൈൽ കാർ ഓടിച്ചതെന്നും പൊലിസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കാർ മത്സരയോട്ടം നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജാമ്യത്തിൽ വിട്ടാൽ പണവും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെട്ടിരുന്നില്ലെന്ന വിവാദം അടിസ്ഥാനരഹിതമാണെന്നും പ്രതിയെ നിയമപ്രകാരമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതെന്നും പൊലിസ് വ്യക്തമാക്കി.
Kerala
കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തില് പ്രതി സുഹൈല് സജീവിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തി. ബിഎന്എസ് 281, 105, 49 എന്ന വകുപ്പുകള് പ്രതിക്കെതിരെ ചുമത്തി. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്.
സംഭവത്തില് സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ നിയമപ്രകാരം കോടതിയാണ് ബോസ്റ്റല് സ്കൂളിലേക്ക് റിമാന്ഡ് ചെയ്തതെന്നും പൊലിസ് വ്യക്തമാക്കി. സംഭവത്തില് ശക്തമായ നിയമനടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സുഹൈല് സജീവിനെതിരെ എക്സൈസും കേസ് എടുത്തിട്ടുണ്ട്. പ്രായപൂര്ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്സൈസ് കേസ് എടുത്തത്. രണ്ടു വര്ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലിസിന്റെയും തീരുമാനം.
19 വയസുകാരനായ സുഹൈലിന് മദ്യം നല്കിയ എറണാകുളത്തെ മൂന്ന് ബാറുകള്ക്കെതിരെ ഇന്നലെ എക്സൈസ് കേസ് എടുത്തിരുന്നു. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവര്ക്ക് മദ്യം നല്കാന് പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരമാണ് ബാറുകള്ക്കെതിരെ കേസ് എടുത്തത്.
Kerala
കൊച്ചി: മദ്യലഹരിയില് മിനി കൂപ്പര് സ്കൂട്ടറില് ഇടിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില് പ്രതി സുഹൈല് സജീവിനായി കേസ് അട്ടിമറിക്കാന് ശ്രമം നടക്കുന്നുവെന്ന് മരിച്ച ഗോപികയുടെ കുടുംബം. പ്രതിയെ ജുവനൈല് ഹോമിലേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനാണ് എന്നാണ് സംശയം. മുകളില് നിന്നും ഇടപെടല് ഉണ്ടാകുന്നുണ്ടെന്നും വാപ്പ നോക്കിക്കോളുമെന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
മദ്യപിച്ചിരുന്നു എന്ന കാര്യം എഫ്ഐആറിലില്ല. ഇതെല്ലാം കേസ് ആട്ടിമറിക്കാന് ആണ്. സംഭവത്തില് ആഭ്യന്തര മന്ത്രിയുടെ ഇടപെടല് ഉണ്ടാകണം. പോസ്റ്റ്മോര്ട്ടം കഴിഞ്ഞ ശേഷം വീണ്ടും ബോഡി തുറന്ന് റീപോസ്റ്റ് മോര്ട്ടം ചെയ്തു. രക്ത സാംപിള് എടുത്തിട്ടുണ്ട്. ഇത് എന്തിനാണെന്ന് അറിയില്ല. ഇവനെ വെറുതെ വിട്ടാല് നാളെ മറ്റു പാവപ്പെട്ടവന്റെ മക്കള്ക്കും ഈ ഗതി വരും. പണം കൊണ്ട് നേരിടാനാകില്ലെങ്കിലും നിയമം കൊണ്ട് നേരിടുമെന്നും കുടുംബം പറഞ്ഞു.
മകള്ക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്പ്പെടെയുള്ളവര് വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു. ശശികലയടക്കം എന്തെല്ലാം വൃത്തികേടുകളാണ് സമൂഹത്തോട് പറയുന്നത്. മാനുഷികമായ മര്യാദ കുടുംബത്തോട് കാണിക്കണം. ഞങ്ങളുടെ കുടുംബത്തിനും കുട്ടിക്കുമെതിരെ ശശികല പറഞ്ഞ വൃത്തികേടുകള് ആയിരക്കണക്കിന് പേരാണ് മരിച്ചവരെക്കുറിച്ചുള്ള സോഷ്യല് മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.
രാഷ്ട്രീയ നേതാക്കളടക്കം മര്യാദ കാണിക്കണം. ശശികലയൊക്കെ സമൂഹത്തിലിറങ്ങി അന്വേഷിക്കണം. മുസ്ലിമായ വ്യക്തിയുടെ കൂടെ ഹിന്ദു പെണ്കുട്ടി പോയതെന്തിനാണെന്നാണ് ചോദിക്കുന്നത്. ഇതൊക്കെ അങ്ങേയറ്റം മോശമായ കാര്യമാണ്. ഇവര്ക്കും മക്കളില്ലേ എന്ന് ഗോപികയുടെ കുടുംബം ചോദിക്കുന്നു.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില് പ്രതി സുഹൈല് സജീവിനെതിരെ എക്സൈസും കേസ് എടുത്തു. പ്രായപൂര്ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്സൈസ് കേസ് എടുത്തത്.
രണ്ടു വര്ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലിസിന്റെയും തീരുമാനം.
19 വയസുകാരനായ സുഹൈലിന് മദ്യം നല്കിയ എറണാകുളത്തെ മൂന്ന് ബാറുകള്ക്കെതിരേ തിങ്കളാഴ്ച എക്സൈസ് കേസ് എടുത്തിരുന്നു. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവര്ക്ക് മദ്യം നല്കാന് പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരമാണ് ബാറുകള്ക്കെതിരെ കേസ് എടുത്തത്. ബാറുകള്ക്കെതിരെ പിഴ ചുമത്തും.
അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതല് പ്രതി മദ്യലഹരിയിലായിരുന്നു. ശനിയാഴ്ച ഉച്ച മുതല് മദ്യ ലഹരിയിലാണ് പ്രതി വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് കടവന്ത്രയിലെ ബാറിലും വൈകിട്ടോടെ പാലാരിവട്ടത്തെ ബാര് ഹോട്ടലിലും വച്ച് പ്രതി മദ്യപിച്ചു.
പിന്നീട് രാത്രിയില് നെടുമ്പാശേരിയിലെ ബാര് ഹോട്ടലില് നിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതിന്റെയും മദ്യപിച്ചതിന്റെയും സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ചാണ് തുടരന്വേഷണം നടക്കുന്നത്.
അതേസമയം, സുഹൈലിനെ കസ്റ്റഡിയില് വേണമെന്ന് ആവശ്യപ്പെട്ട് പൊലിസ് ഇന്ന് അപേക്ഷ സമര്പ്പിക്കും. കസ്റ്റഡിയില് ലഭിച്ച ശേഷം കൂടുതല് തെളിവെടുപ്പ് നടത്താനാണ് പൊലിസിന്റെ നീക്കം. സുഹൈലിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികളിലേക്ക് എംവിഡിയും കടന്നിട്ടുണ്ട്. കാക്കനാട് ബോസ്റ്റല് സ്കൂളിലാണ് നിലവില് സുഹൈല്.
പിറന്നാളിന് മാതാപിതാക്കള് സമ്മാനിച്ച സുഹൈലിന് മിനി കൂപ്പര് കാറാണ് അമിത വേഗത്തില് ഓടിച്ച് മൂന്നു ജീവനുകള് എടുത്തത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. സംഭവത്തില് സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില് പ്രതി സുഹൈല് സജീവിനെ (19) ജുവനൈല് ഹോമിലേക്ക് റിമാന്ഡ് ചെയ്തതില് പരാതിയുമായി മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. ക്രിമിനല് പശ്ചാത്തലം ഇല്ലെന്നും പ്രായം 19 വയസ് ആണെന്നും കണക്കിലെടുത്താണ് കോടതി പ്രതിയെ കാക്കനാട് ബോസ്റ്റല് സ്കൂളിലേക്ക് അയച്ചത്.
ഇതിനെതിരെ ദേവികയുടെ കുടുംബം നെടുമ്പാശേരി പൊലിസില് പരാതി നല്കി. സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ദേവികയുടെ കുടുംബം ആവശ്യപ്പെട്ടു. അപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള് സമ്മാനിച്ച മിനി കൂപ്പര് കാറാണ് അമിത വേഗത്തില് ഓടിച്ച് മൂന്നു ജീവനുകള് എടുത്തത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്.
മൂവരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാര്ട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില് ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും. അതേസമയം, മിനി കൂപ്പറില് പ്രതി സുഹൈലിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില് കാര് ഓടിച്ചത് തടയാത്തതിനാണ് ഇവര്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്.
Kerala
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണക്കുറ്റം ചുമത്തിയത്. ബോധമില്ലാത്ത അവസ്ഥയിൽ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്.
അപകടത്തിനുശേഷം ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടവുമായി ബന്ധപ്പെട്ട പൊലിസ് റിപ്പോർട്ട് ലഭിച്ചശേഷം ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കാറിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (ഇഡിആർ) പൊലിസ് പരിശോധിക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്രനേരം ആക്സിലറേറ്റർ അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങൾ ഇഡിആറിൽനിന്ന് ലഭിക്കും. ബിഎംഡബ്ല്യുവിൽനിന്നുള്ള മെക്കാനിക്കുകളെ എത്തിച്ച് ഇഡിആർ വിവരങ്ങൾ ശേഖരിക്കാനാണ് പൊലിസിന്റെ നീക്കം.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പിടിയിൽ. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയായ നിനവ് ആണ് പിടിയിലായത്.
അതേസമയം അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടിലെത്തിച്ചു. എറണാകുളത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച രാത്രി ഒൻപതോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
തെക്കുംതറയിലെ കുടുംബവീട്ടിൽ ഞായറാഴ്ച രാത്രി തന്നെ സംസ്കാരം നടത്തും. സുഹൈൽ സജീവ്(19) അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില് പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇജാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Kerala
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാനക്കാർ പിടിയിൽ. ആസാം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബ്രദക് സ്വദേശി ഗണേഷ് കുമാർ (36), ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരാണ് പിടിയിലായത്.
നെടുമ്പാശേരി പൊലിസാണ് ഇവരെ പിടികൂടിയത്. എസ്ഐ അരുൺ രാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂവരെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തു വന്നത്. സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിക്കുന്നതിനെതിരെ സിയാൽ അധികൃതർ നേരത്തെ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
Kerala
കൊച്ചി: വിമാനയാത്രക്കാർ ഉൾപ്പടെയുള്ളവരുടെ ദീർഘകാല ആവശ്യമായ നെടുമ്പാശേരി വിമാനത്താവള റെയിൽവേ സ്റ്റേഷന്റെ പ്രാരംഭഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഹാൾട്ട് സ്റ്റേഷൻ മാതൃകയിൽ രൂപകല്പന ചെയ്തിരിക്കുന്ന സ്റ്റേഷനിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും വന്ദേഭാരത് ഉൾപ്പടെയുള്ള ട്രയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ വിവരം. പദ്ധതി പൂർത്തിയായാൽ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ടു ബന്ധമുള്ള രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷൻകൂടിയാകും ഇത്. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അറിയിച്ചു.
വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള റെയിൽവേ ലൈനിനോടു ചേർന്ന് മേൽപാലത്തിന്റെ അടിയിലാണ് റെയിൽവേ സ്റ്റേഷൻ വരുന്നത്. 24 കോച്ചുകൾ ഉൾക്കൊള്ളാൻ അനുയോജ്യമായ 600 മീറ്റർ നീളമുള്ള രണ്ടു പ്ലാറ്റ്ഫോമുകളാകും സ്റ്റേഷനുണ്ടാകുക. ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എസി വെയിറ്റിംഗ് ഹാൾ, ടിക്കറ്റ് ബുക്കിംഗ് ഓഫിസ് എന്നിവ ഉണ്ടാകുമെങ്കിലും ജീവനക്കാർ കുറവായിരിക്കും.
റെയിൽവേ സ്റ്റേഷനിൽനിന്നു വിമാനത്താവളത്തിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് റോഡ് മാർഗമുള്ള ദൂരം. വിമാനത്താവളത്തിലേക്കു മാത്രമായി റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രത്യേക പാതയും ആലോചനയിലുണ്ട്. വിമാനത്താവളത്തിൽനിന്നു നെടുമ്പാശേരിയിലേക്കുള്ള റോഡിലാകും സ്റ്റേഷന്റെ പ്രധാന കവാടം. വിമാനയാത്രക്കാർക്കായി റെയിൽവേ സ്റ്റേഷനിൽനിന്ന് സൗജന്യ ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് ബഗികളും ഒരുക്കും.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷൻ നിർമിക്കുന്നത്. അതിനാൽ സ്ഥലമേറ്റെടുക്കൽ ആവശ്യമായി വരില്ല. 19 കോടി രൂപയാണു നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 2010ൽ ശിലാസ്ഥാപനം വരെ നടത്തിയ പദ്ധതി പിന്നീട് മുടങ്ങിപ്പോയിരുന്നു. ഒന്നര പതിറ്റാണ്ടിനുശേഷമാണ് ഇപ്പോൾ പദ്ധതി ജീവൻ വച്ചത്.
വരുന്നത് മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്
കര, ജല, വായു മാർഗങ്ങളുടെ സംയോജനത്തിലൂടെ മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബായി മാറുന്ന പദ്ധതികളാണ് നെടുമ്പാശേരിയിൽ വരുന്നത്. കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയും നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെടുത്തിവരുന്നുണ്ട്.
വിമാനത്താവളത്തിനു മുന്നിലെ താജ് ഹോട്ടലിനു സമീപമുള്ള സ്ഥലമാണ് എയർപോർട്ട് മെട്രോ സ്റ്റേഷനായി പരിഗണിക്കുന്നത്. മെട്രോ സ്റ്റേഷനിൽനിന്ന് ടെർമിനലുകളിലേക്കു നേരിട്ടുള്ള എസ്കലേറ്റർ കണക്ടിവിറ്റിയും ആലോചനയിലുണ്ട്.
പദ്ധികൾ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളം, റെയിൽവേ, മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ ഏകോപിപ്പിക്കുന്ന മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബായി നെടുമ്പാശേരി മാറും.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 11.30 നുണ്ടായ സംഭവത്തിൽ ഹോട്ടലിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു.
ഹോട്ടലിനോട് ചേർന്നുള്ള ചായക്കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീ പടർന്നത്. ഉടൻ തന്നെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
അങ്കമാലിയിൽ നിന്നും ആലുവയിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഹോട്ടലിൽ നിന്ന് പുക ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
സുരക്ഷമുൻ നിർത്തി സമീപത്തെ കടകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ 50 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിയെ പിടികൂടി പോലീസ്. ആസാം നൗഗാവ് സ്വദേശി ഇജാജുൽ ഹഖ്(29)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.
ആസാമിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരിൽ എത്തി അവിടെനിന്ന് കാർ മാർഗം പിരാരൂരിൽ എത്തി മുറിയിലേക്ക് പോകുന്ന വഴി അന്വേഷണ സംഘം പിടികൂടിയായിരുന്നു. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പ് പെട്ടികളിലാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ
നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ മയക്കുമരുന്നിന് 15 ലക്ഷം രൂപ വിലയുണ്ട്. മയക്ക് മരുന്ന് വില്പന നടത്തി പിറ്റേന്ന് തന്നെ വിമാനത്തിൽ ആസാമിലേയ്ക്ക് മടങ്ങി പോകുന്നതായിരുന്നു ഇയാളുടെ രീതി.
നാഗാലാൻഡിൽ നിന്നാണ് മയക്കു മരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഇയാൾ കേരളത്തിൽ വന്നു പോകാറുണ്ട്.
Sports
തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലുള്ള 10.1312 ഹെക്ടർ ഭൂമി തരംമാറ്റുന്നതിന് കൃഷിവകുപ്പ് അനുമതി നൽകി. കേരള സ്പോർട്സ് നയങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതിയെ പൊതു ആവശ്യമായി പരിഗണിച്ചാണ് നടപടി.
പാരിസ്ഥിതിക മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് സുസ്ഥിരമായ രീതിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദേശീയ-അന്തർദേശീയ മത്സരങ്ങൾക്കും കായിക ടൂറിസത്തിനും വേദിയാകുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയും കായിക അടിസ്ഥാന സൗകര്യങ്ങളും വലിയ കുതിച്ചുചാട്ടം നടത്തും.
അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അപേക്ഷ സമർപ്പിച്ചത്. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടതോടെയാണ് പദ്ധതിക്ക് വേഗം കൂടിയത്.
Kerala
കൊച്ചി: നെടുമ്പാശേരി അത്താണില് വന് കഞ്ചാവ് വേട്ട. ബസില് കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി മൂന്നു പേര് പിടിയിലായി. ബംഗാള് സ്വദേശികളായ ഫിറോസ്ലിയ, ബാബര് അലി, മണിപ്പൂര് സ്വദേശിയായ നരേഷ് ദാസ് എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവില് നിന്നും കൊച്ചിയിലേക്ക് വരുന്ന ബസില് ഒഡീഷയില് നിന്നും കൊണ്ടുവന്ന കഞ്ചാവുമായാണ് പ്രതികള് എത്തിയത്. ഡാന്സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്നായിരുന്നു പരിശോധന. കേരളത്തില് വില്ക്കാനായാണ് ഇവര് കഞ്ചാവ് എത്തിച്ചത്.
District News
തൃശൂർ: നെടുന്പാശേരി വിമാനത്താവളത്തിനു കെ. കരുണാകരന്റെ പേരിടണമെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. പ്രതിസന്ധികളെ അതിജീവിച്ച ലീഡറുടെ ഇച്ഛാശക്തിയുടെ പൂർണതയാണു വിമാനത്താവളം.
രാഷ്ട്രീയപരമായും സംഘടനാപരമായ ഭരണപരമായും ദേശീയതലത്തിലും പ്രതിസന്ധികൾ ഉണ്ടാകുന്പോൾ ലീഡറുടെ ശൈ ലിയാണ് ഇന്നും നാടിനു റഫറൻസ് ഗ്രന്ഥമെന്നും സുധീരൻ കൂട്ടിച്ചേർത്തു. കെ. കരുണാകരന്റെ 108ാം ജന്മവാർഷികാചരണത്തോടനുബന്ധിച്ച് പൂങ്കുന്നം മുരളീമന്ദിരത്തിൽ നടന്ന പുഷ് പാർച്ചനയിലും ഡിസിസി ഓഫീസിൽ ചേർന്ന അനുസ്മരണയോഗത്തിലും പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, നേതാക്കളായ ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, രാജൻ പല്ലൻ എംഎൽഎ, ജോസഫ് ചാലിശേരി, കെ.ബി. ശശികുമാർ, സുനിൽ അന്തിക്കാട്, ഐ.പി. പോൾ, സിജോ കടവിൽ, കെ.എച്ച്. ഉസ് മാൻ ഖാൻ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, വി സുരേഷ് കുമാർ, കെ. ഗിരീഷ് കുമാർ, പി. ശിവശങ്കരൻ, കെ.പി. രാധാകൃഷ്ണൻ, ആശിഷ് മൂത്തേടത്ത്, കെ. സുരേഷ്, സിനോജ് ചിറക്കെകാരൻ, ടോം ആന്റണി, ടി. നിർമല, സന്തോഷ് ഐത്താടൻ, പി.ഡി. റപ്പായി, പ്രഭാകരൻ വള്ളൂർ, കെ. ഗോപാലകൃഷ്ണൻ, ലാലി ജെ യിംസ്, വില്ലി ജിജോ, സാജൻ ജോർജ്, ശാരി കിഷോർകുമാർ എന്നിവർ പങ്കെടുത്തു.
Kerala
തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരുണാകരന്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം.
രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും സുധീരൻ പറഞ്ഞു. കരുണാകരന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ചു തൃശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ.
കരുണാകരന്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. ജനപങ്കാളിത്തത്തോടെ നെടുമ്പാശേരി വിമാനത്താവളം യാഥാർഥ്യമാക്കി സർക്കാരിനു കീഴിൽ കൊണ്ടുവന്നത് ഇന്ത്യ കണ്ട വികസനരംഗത്തെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു.
നെടുമ്പാശേരിയെ സംബന്ധിച്ചിടത്തോളം കരുണാകരൻ ഫോർമുല വിജയകരമായി പ്രാവർത്തികമാക്കാൻ സാധിച്ചു. ഇന്ന് എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയത് അഭിമാനകരമാണ്. അതിന് നന്ദി പറയേണ്ടത് ലീഡർ കരുണാകരനോടാണെന്ന് സുധീരൻ പറഞ്ഞു.
കരുണാകരന്റെ പേര് നെടുമ്പാശേരി വിമാനത്താവളത്തിന് നൽകുക എന്നുള്ളത് ന്യായമായ ആവശ്യമാണ്. പല സർക്കാരുകൾ വന്നിട്ടുണ്ടെങ്കിലും അത് യാഥാർഥ്യമായിട്ടില്ല. ഇനിയെങ്കിലും നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാൻ സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും സുധീരൻ പറഞ്ഞു.
Kerala
കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. അങ്കമാലി നെടുമ്പാശേരി ദേശീയപാതയിലുണ്ടായ സംഭവത്തിൽ പത്തനംതിട്ട വെട്ടിപ്പുറം ശ്രീശൈലത്തിൽ കബിൽ (24), മാക്കൻകുന്നുകരയിൽ ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
രണ്ടാഴ്ച മുൻപും ഇതേ സ്ഥലത്ത് വെച്ചുണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില് ലഹരിവേട്ടക്കിടെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. ലഹരിയുമായി പിടിയിലായ കര്ണാടക സ്വദേശിയാണ് കത്രിക കൊണ്ട് സ്വയം മുറിവേല്പ്പിച്ചത്.
ബാങ്കോക്കില് നിന്നും എത്തിച്ച മാരക രാസലഹരിയായ മെത്താക്യുലിനുമായി രണ്ട് കര്ണാടക സ്വദേശികളെയാണ് ഡിആര്ഐ കസ്റ്റഡിയില് എടുത്തത്.
മൂന്നരക്കിലോ രാസലഹരിയാണ് ഇവരില് നിന്നു ഡിആര്ഐ പിടിച്ചെടുത്തത്. ജീവനൊടുക്കാന് ശ്രമിച്ച പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാള് വിമാനത്താവളത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ ആറര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ ആലിപ്പുർ സ്വദേശി ബാബുൽ മിത്ര(41) ആണ് പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ബാബുൽ പിടിയിലായത്.
ആലുവ മാറമ്പിള്ളി ഭാഗത്തേയ്ക്ക് വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ ഇറങ്ങുകയായിരുന്നു.
Kerala
പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തുനിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ തോതിൽ പഴം- പച്ചക്കറികള് കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം- പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻതന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം.
ഇവിടെനിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുംനിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്റാണ്.
യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവിതരണ മാർക്കറ്റുകളിൽ ഇതിനകംതന്നെ വിലയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ചരക്കുകൾ കൂടുതൽ എത്തുന്നതോടെ വിലയിൽ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.
ഇപ്പോഴത്തെ വിലയിടിവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കർഷകരെയാണ്. കയറ്റുമതി വിപണിയിൽ കർഷകർക്ക് മാന്യമായ വില ലഭിച്ചിരുന്നു. കയറ്റുമതി തടസപ്പെട്ട് ആഭ്യന്തര വിപണിയിലേക്ക് മാറുമ്പോൾ കർഷകർക്ക് വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാരും കർഷകരും വ്യാപാരികളുമൊക്കെ വലിയ ആശങ്കയിലാണ്. യുദ്ധസാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രയും കാലം കയറ്റുമതി തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നാൽ സംസ്ഥാനത്തെ പഴം-പച്ചക്കറി വിപണിയിൽ വലിയ വിലയിടിവിന് സാധ്യതയുണ്ട്.
Kerala
നെടുമ്പാശേരി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്ആർഡി സംഘടിപ്പിക്കുന്ന സംസ്ഥാന തല ടെക്നോ-കൾച്ചറൽ ഫെസ്റ്റ് (തരംഗ്) കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
എൻജിനിയറിംഗ് കോളജുകൾ, പോളിടെക്നിക്കുകൾ, അപ്ലൈഡ് സയൻസ് കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള 1600ഓളം കുട്ടികളാണ് വിവിധ വിഭാഗങ്ങളില് മാറ്റുരയ്ക്കുന്നത്.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചുക്കൊന്നു. നെടുമ്പാശേരിയിൽ താമസിക്കുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടത്തിൽ അനിതയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. അമ്മയും മകനും വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
സംശയം തോന്നിയ പോലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പോലീസിനോട് സമ്മതിച്ചു.
Kerala
കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. തിങ്കളാഴ്ച ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു.
രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി.
സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
Kerala
നെടുമ്പാശേരി: മദ്യപിച്ചെത്തി വിമാനത്തിനുള്ളിൽ കാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറുകയും അക്രമാസക്തനാകുകയും ചെയ്ത യാത്രക്കാരനെ പോലീസ് പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിൽനിന്ന് അബുദാബിയിലേക്കു പോകാനെത്തിയ മഞ്ചേരി അതിമണ്ണിൽ വീട്ടിൽ അറഫാൻ ഹസൻ (24) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പരിശോധനകൾ എല്ലാം പൂർത്തീകരിച്ച് വിമാനത്തിനുള്ളിൽ കയറിയ ശേഷമാണ് ഇയാൾ കാബിൻ ക്രൂവിനോട് മോശമായി പെരുമാറിയത്. തുടർന്ന് ഇയാളെ തിരിച്ചിറക്കി നെടുമ്പാശേരി പോലീസിനു കൈമാറുകയായിരുന്നു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു അപകടം. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
തൃശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ കഞ്ചാവ് വേട്ട. യാത്രക്കാരനിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 6.4 കോടി വില വരുന്ന 64.46 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാംങ്കോക്കിൽ നിന്ന് വിയറ്റ് ജെറ്റ് എയർവേയ്സ് വിമാനത്തിൽ വിയറ്റ്നാം വഴി എത്തിയ വയനാട് സ്വദേശിയായ അബ്ദുൾ സമദിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
സമീപകാലത്ത് വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയി വർഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
നെടുമ്പാശേരി: നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ യാഥാർഥ്യമാകുന്നത് നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ . 2010 ൽ ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ നിർമാണത്തിന് തുക അനുവദിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ പിന്നീട് ഈ പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു. ഇപ്പോൾ വിമാനത്താവളത്തോട് ചേർന്ന് റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ റെയിൽവെ മന്ത്രാലയം അനുമതി നൽകിയതോടെ ഈ വർഷം തന്നെ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1999 ൽ നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതു മുതൽ ഇവിടെ റെയിൽവെ സ്റ്റേഷൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. കരിയാട് - മറ്റൂർ റോഡിൽ അകപ്പറമ്പ് റെയിൽവേ ഗേറ്റിനോടു ചേർന്നാണ് ആദ്യം റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്ത് നിന്നും 500 മീറ്ററോളം മാറിയാണ് ഇപ്പോഴത്തെ നിർമാണത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നും വിമാനത്താവളത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും.
ഇവിടെ റെയിൽവെ സ്റ്റേഷൻ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം റെയിൽവേയ്ക്കുണ്ടെങ്കിലും കൂടുതൽ സ്ഥലം ആവശ്യമായി വന്നാൽ വിട്ടു നൽകാൻ തയാറാണെന്ന് സിയാൽ അറിയിച്ചിട്ടുണ്ട്. ഭാവിയിലെ വികസനത്തിന് നിർദിഷ്ട റെയിൽവെ സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന സിയാലിന്റെ ഭൂമിയും ലഭ്യമാണ്. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ജലപാത കൂടി യാഥാർഥ്യമായാൽ വ്യോമ, റെയിൽ, റോഡ്, ജലഗതാഗത സംവിധാനങ്ങൾ സംഗമിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമായി കൊച്ചി മാറും. ആധുനിക സൗകര്യങ്ങളോടെയാണ് റെയിൽവെ സ്റ്റേഷൻ ഒരുങ്ങുന്നത്. വിശാലമായ റെയിൽവെ സ്റ്റേഷൻ കെട്ടിടം, ഹൈലെവൽ പ്ലാറ്റ്ഫോം, ഫുട് ഓവർബ്രിഡ്ജ്, പ്ലാറ്റ്ഫോമിനു മുകളിലേക്കുള്ള ലിഫ്റ്റ് കണക്ടിവിറ്റി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരികയും പോകുകയും ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഈ റെയിൽവെ സ്റ്റേഷൻ ഏറെ സഹായകരമാകും. പ്രധാന ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കും.
റെയിൽവെ സ്റ്റേഷൻ കൂടി നിലവിൽ വരുന്നതോടെ വിമാനത്താവളത്തിൽനിന്ന് സംസ്ഥാനത്തെ ഏത് നഗരത്തിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുമെന്നതിനാൽ ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
District News
നെടുമ്പാശേരി: വീടിന്റെ പോർച്ചിൽ കിടന്ന ഫോക്സ് വാഗൺ പോളോ കാർ, ബോണറ്റിൽ നിന്ന് തീപടർന്ന് കത്തിനശിച്ചു. ആളപായമില്ല.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പുതുവാശേരി പുല്ലേലിൽ അനീഷിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. അനീഷ് ഗൾഫിലാണ്. ഭാര്യയും മകളും പുറത്തുപോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായത്.
കാറിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷസേനയെത്തിയാണ് തീ അണച്ചത്. കാർ ഭാഗികമായി കത്തി നശിച്ചു.
സംഭവമറിഞ്ഞ് ചെങ്ങമനാട് പോലീസും സ്ഥലത്തെത്തി. മൂന്ന് മാസത്തോളമായി കാർ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബാറ്ററി മാറ്റിയപ്പോൾ സ്റ്റാർട്ട് ചെയ്തിരുന്നു.
അതേ സമയം ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലും അത് വ്യക്തമായിട്ടുണ്ട്. ചെങ്ങമനാട് പോലീസ് കേസെടുത്തു.
District News
ഫോർട്ടുകൊച്ചി: ഏതാനും വര്ഷം മുമ്പ് ഫോര്ട്ട്കൊച്ചിയില്നിന്ന് നെടുമ്പാശേരിയിലേക്ക് സര്വീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ ബസ് സര്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. കെഎസ്ആർടിസിയുടെ എസി ലോഫ്ളോര് ബസാണ് സര്വീസ് നടത്തിയിരുന്നത്.
ഇത് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും ആലുവ ഉള്പെടെ നഗരത്തില് പോകുന്നവര്ക്കും ഏറെ പ്രയോജന പ്രദമായിരുന്നു. എന്നാല് ഈ സര്വീസ് മുന്നറിയിപ്പില്ലാതെ അധികൃതര് നിര്ത്തലാക്കുകയായിരുന്നു. ഈ ബസുകള് മറ്റിടങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
ഈ സര്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് ജനറല് സെക്രട്ടറി ഹൈബി ഈഡന് എംപി മുഖേന ഡിവിഷണല് ട്രാന്സ്പോര്ട്ട് ഓഫീസര്ക്ക് നിവേദനം നല്കി.
Kerala
നെടുമ്പാശേരി: വിദേശത്തുനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റ്, ഐ ഫോൺ, സ്വർണം എന്നിവ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്ത സാമഗ്രികൾക്ക് 25.44 ലക്ഷം രൂപ വില വരും.
ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ഫസൽ റഹ്മാൻ, നാസർ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പരിശോധനയിൽ സിഗരറ്റും മറ്റും പിടികൂടിയത്. ഇരുവരും ബാഗേജിൽ ഒളിപ്പിച്ചാണ് സിഗരറ്റും ഐ ഫോണുകളുമൊക്കെ കടത്തിക്കൊണ്ടുവന്നത്. ഫസർ റഹ്മാന്റെ പക്കൽ സിഗരറ്റിനോടൊപ്പം 13 ഐ ഫോണുകളും രണ്ട് സ്വർണനാണയങ്ങളുമുണ്ടായിരുന്നു.
നാസറിന്റെ പക്കൽ സിഗരറ്റ് കൂടാതെ ആറ് ഐ ഫോണുകളാണുണ്ടായിരുന്നത്.