National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം നേടിയ ദളപതി വിജയ്യുടെ വാർത്തകൾക്കൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് അദ്ദേഹത്തിന്റെ വാഹനങ്ങളിലെ '0277' എന്ന നമ്പറാണ്. വിജയ്യുടെ പ്രചാരണ ബസ്സിലും അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിലുമെല്ലാം ഒരേ നമ്പർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട സഹോദരിയോടുള്ള തീരാത്ത സ്നേഹമാണുള്ളത്.
വിജയ്യുടെ അനിയത്തി വിദ്യയുടെ ജന്മദിനവുമായി ബന്ധപ്പെട്ടതാണ് ഈ നമ്പർ. ഫെബ്രുവരി 27 ആണ് വിദ്യയുടെ ജന്മദിനം. വിജയ്ക്ക് രണ്ട് വയസുള്ളപ്പോഴാണ് വിദ്യ ജനിക്കുന്നത്. എന്നാൽ വെറും രണ്ട് വയസുള്ളപ്പോൾ തന്നെ ഒരു അസുഖത്തെത്തുടർന്ന് വിദ്യ മരണപ്പെടുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി വിജയ് ഇന്നും വിദ്യയുടെ വേർപാടിനെ കാണുന്നു.
സഹോദരിയുടെ ഓർമകൾ എപ്പോഴും കൂടെയുണ്ടാകാനാണ് വിജയ് തന്റെ പ്രധാന വാഹനങ്ങൾക്കെല്ലാം 0277 എന്ന നമ്പർ നൽകുന്നത്. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വലിയ ലക്ഷ്വറി ബസിന്റെ നമ്പർ 0277 എന്നാണ്.
തന്റെ സ്വകാര്യ വാഹനമായ ബിഎംഡബ്ല്യു സീരീസിലും ഇതേ നമ്പർ തന്നെ അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. സഹോദരിയുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും തനിക്കൊപ്പമുണ്ടെന്ന് വിജയ് വിശ്വസിക്കുന്നു.
Auto
കൊച്ചി: വാഹനപ്രേമികൾ കാത്തിരുന്ന സാഹസികതയുടെയും കരുത്തിന്റെയും പ്രകടനം കാഴ്ചവച്ച് 'ക്യാമ്പ് ജീപ്പ് 2026' . ആലുവ കുഞ്ഞുന്നിക്കരയിൽ ഒരുക്കിയ താത്കാലിക ഓഫ്റോഡ് ട്രാക്കിലായിരുന്നു ജീപ്പ് ഇന്ത്യയുടെയും പിനാക്കിൾ ജീപ്പിന്റെയും ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നൂറുകണക്കിനു സാഹസിക പ്രേമികളാണ് ജീപ്പ് വാഹനങ്ങളുടെ കരുത്തറിയാൻ എത്തിയത്.
സാധാരണ ടെസ്റ്റ് ഡ്രൈവുകളിൽ നിന്നു വ്യത്യസ്തമായി ഒരു വാഹനത്തിന്റെ പൂർണമായ ശേഷി അളക്കുന്ന രീതിയിലുള്ള വെല്ലുവിളികളാണ് കുഞ്ഞുന്നിക്കരയിലെ ട്രാക്കിൽ ഒരുക്കിയിരുന്നത്. കുത്തനെയുള്ള കയറ്റങ്ങൾ, വശങ്ങളിലേക്ക് ചരിഞ്ഞ പാതകൾ, കല്ലുകളും വലിയ കുഴികളും നിറഞ്ഞ ട്രാക്കുകൾ എന്നിവ ജീപ്പ് വാഹനങ്ങൾ അനായാസം മറികടക്കുന്നത് കാണികൾക്ക് ആവേശമായി.
വാഹനത്തിന്റെ സസ്പെൻഷൻ കരുത്തും ഫോർ-വീൽ ഡ്രൈവ് (4x4) സാങ്കേതികവിദ്യയും എത്രത്തോളം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെടുത്താൻ ഈ ക്യാമ്പിലൂടെ കമ്പനിക്കു സാധിച്ചു.
ജീപ്പിന്റെ ഐതിഹാസിക മോഡലായ റാംഗ്ലർ തന്നെയായിരുന്നു ക്യാമ്പിലെ പ്രധാന ആകർഷണം.
കുടുംബങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്വറി എസ്യുവിയായ മെറിഡിയനും കരുത്തനായ കോമ്പസും ട്രാക്കുകളിൽ തങ്ങളുടെ മികവ് പുലർത്തി. പ്രഫഷണൽ ഓഫ്റോഡ് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യത്തിൽ നടന്ന ഡ്രൈവിംഗ് സെഷനുകൾ സുരക്ഷയ്ക്കും സാങ്കേതിക പഠനത്തിനും ഒരുപോലെ മുൻഗണന നൽകുന്നതായിരുന്നു.
ഓഫ്റോഡ് ഡ്രൈവിംഗിനോടുള്ള താല്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ വാഹന വിപണിയിൽ പുതിയ ഉണർവ് നൽകുന്നുണ്ട്. കൊച്ചിയിലെ ഓഫ്റോഡ് സംസ്കാരത്തിനു പുതിയൊരു ദിശാബോധം നൽകിക്കൊണ്ടാണ് 'ക്യാമ്പ് ജീപ്പ് 2026' സമാപിച്ചത്.
District News
കണ്ണാടിപ്പറമ്പ്: നാറാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന ബൊലേറോ വാഹനത്തിന് മുകളിലേക്ക് വൻമരം കടപുഴകിവീണു. ആർക്കും പരിക്കില്ല.
ഇന്നലെ രാത്രി 8.30 ഓടെ യാണ് മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിലായിരുന്നു സംഭവം. മരം വാഹനത്തിന്റെ ബോണറ്റിന് മുകളിലേക്ക് പതിച്ചതിനാൽ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ലൈനുകൾ തകർന്നു. വൈദ്യുതി ബന്ധം തകരാറിലായി. റോഡിൽ മരം വീണതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചുനീക്കി.
Kerala
കാട്ടാക്കട: കിളിമാനൂരിൽ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. നഗരൂർ നെയ്ത്തുശാല സുശീൽ നിവാസിൽ ബാബുക്കുട്ടൻ (62) ആണ് മരിച്ചത്. എംസി റോഡിൽ കിളിമാനൂർ പാപ്പാലയിൽ രാവിലെ ആറോടെയായിരുന്നു അപകടം നടന്നത്.
പാപ്പാല റോയൽ ഇൻഫീൽഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഷോറൂമിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ബാബുക്കുട്ടൻ ഡ്യൂട്ടി കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ബാബു കുട്ടനെ ഇടിച്ചുതെറിപ്പിച്ച മിനിവാൻ നിർത്താതെ കടന്നുകളഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ബാബുക്കുട്ടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട ശേഷം നിർത്താതെ കടന്നുകളഞ്ഞ വാഹനത്തെക്കുറിച്ച് സിസിടിവി കേന്ദ്രീകരിച്ച് കിളിമാനൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ വരികയായിരുന്ന തൃശൂർ രജിസ്ട്രേഷനിലുള്ള വാഹനമാണ് ഇടിച്ചതെന്നുള്ള വിവരം പുറത്തുവരുന്നുണ്ട്.
Kerala
തൃശൂര്‍: കള്ള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അധ്യാപകനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കല്ലേറ്റുംങ്കര പോളി ടെക്നിക്കിലെ അധ്യാപകനായ എം.ജി. സുഗുണനെ(57) യാണ് വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. പൊറത്തിശേരി വിവണ് നഗറില്‍ ജനവാസ മേഖലയില്‍ കള്ള്ഷാപ്പ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ സുഗുണനും പരിസരവാസികളും പ്രക്ഷോഭ രംഗത്താണ്. ഇതിനിടയിലാണ് ജോലിക്ക് പോകുന്നതിനിടെ സുഗുണനെ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിന് സമീപം ആക്രമിച്ചത്.
രാവിലെ 8.30 ഓടെ ഹെല്‍മെറ്റ് വച്ച് സ്കൂട്ടറിലെത്തിയ രണ്ട് പേര് സുഗുണന് സഞ്ചരിച്ചിരുന്ന ബൈക്കിനെ വട്ടം വെച്ച് നിര്‍ത്തുകയായിരുന്നു. പൊടുന്നനെ ബ്രേയ്ക്കിട്ട സുഗുണന് ബൈക്കില്‍ നിന്നും വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇത് കണ്ട സ്കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് സുഗുണന് പറയുന്നു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സുഗുണന് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്കി.
Kerala
ആലപ്പുഴ: തുറവൂര്‍ ആശുപത്രിയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്സിന് വഴി നല്‍കാത്ത സംഭവത്തില്‍ വാഹനയുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില്‍ പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം.
മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്കിയ വിശദീകരണം.
സംഭവത്തില്‍ കേസെടുത്ത പട്ടണക്കാട് പോലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
തുറവൂര്‍ ആശുപത്രിയിൽ തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്‍ഫോഴ്സിനെ കാര്‍ തടഞ്ഞിരുന്നു.
National
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ മിന്നൽ പരിശോധന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മധുരയിലെത്തിയ വിജയ്യുടെ വാഹനം മധുര-ശിവഗംഗ അതിർത്തിയിൽവച്ചാണ് പരിശോനയ്ക്കു വിധേയമാക്കിയത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവുപരിശോധനകളാണ് നടന്നതെന്നും വിജയ് ഇതിനോടു പൂർണമായി സഹകരിച്ചെന്നും തെരഞ്ഞെടുപ്പ് ഉദ്യോസ്ഥർ പറഞ്ഞു.
വാഹനത്തിൽനിന്ന് അസ്വാഭാവികമായി ഒന്നുംതന്നെ കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
NRI
ഡാളസ്: ഡാളസ് കൗണ്ടിയിലെ വിൽമറിന് സമീപം ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ലാവെൻഡർ റോഡും മില്ലർ ഫെറി റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ട്രെയിൻ എസ്യുവിയിൽ ഇടിക്കുകയും ആഘാതത്തിൽ വാഹനം മറിയുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന വ്യക്തി വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസും വിൽമർ പോലീസും അന്വേഷണം നടത്തിവരികയാണ്.
Business
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ, യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോമായ സ്പിന്നിയുമായി ചേര്‍ന്നു രാജ്യവ്യാപകമായി 55 മിനിറ്റിനുള്ളില്‍ വാഹന എക്സ്ചേഞ്ച് സാധ്യമാക്കുന്ന പദ്ധതി അവതരിപ്പിച്ചു.
ഉപഭോക്താക്കള്‍ക്കു നിലവിലെ വാഹനം അവിടെ വച്ചുതന്നെ വിലയിരുത്താനും പുതിയ നിസാന്‍ കാര്‍ വാങ്ങുമ്പോള്‍ എക്സ്ചേഞ്ച് ബോണസ് നേടാനും അവസരമൊരുക്കുന്നതാണു പദ്ധതി.
30 നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളിലൂടെയും സ്പിന്നിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയും സേവനം ലഭ്യമാകും.
International
ലക്നോ: ഉത്തർപ്രദേശിലെ സിക്കന്ദ്ര റാവുവിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർ മരിച്ചു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമീർ (19), അസ്ലം (25), മുസ്തകീം (25) എന്നിവരാണ് മരിച്ചത്.
അലിഗഡിൽ നിന്ന് ഇറ്റയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി.
വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
പാമ്പാടി: ഓട്ടോ ഡ്രൈവറെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണ്ണടിവയലിൽ ചെറുകുന്ന് റോഡിലാണ് സംഭവം.
ചിരട്ടപറമ്പിൽ രാജു (60)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിൽ ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തൃശൂർ: നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊടുങ്ങല്ലൂരിൽ വച്ച് നിരഞ്ജ് സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.
മസ്തിഷ്ക മരണം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയായിരുന്നു അപകടം.
ഏതാനും ദിവസങ്ങൾക്കുമുൻപ് മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ട്രിവൻഡ്രം ക്ലബ്ബിന് മുന്നിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു.
Kerala
പത്തനംതിട്ട: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിലാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് നിന്നും അടൂരിലേക്ക് വരികയായിരുന്നു വിദ്യാഭ്യാസ മന്ത്രി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും മറ്റ് സഹായികളും സഞ്ചരിച്ച ഇന്നോവ കാർ ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയും ഈ വാഹനം മറ്റൊരു കാറിൽ ഇടിക്കുകയുമായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
District News
തലശേരി: പാനൂർ പൂക്കോത്ത് വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. പൂക്കോം ലൗഷോറിന് സമീപമായിരുന്നു സംഭവം.
പാനൂർ സ്വദേശി കാമ്പ്രത്ത് വൈഷ്ണവിനെയും(24) സുഹൃത്തുകളെയും ആക്രമിച്ചതിന് പൂക്കോം പന്ന്യന്നൂർ സ്വദേശികളായ കൊയ്യോത്തി വിസ്മയ്, പുല്ലായികണ്ടിയിൽ വിഷ്ണു, ചാത്താണ്ടിയിൽ സായന്ത്, അമ്പിളി റംഷിത്ത് , പുല്ലായികണ്ടി സുനിത്ത് എന്നിവർക്കെതിരേയാണ് വൈഷ്ണവിന്റെ പരാതിയിൽ ചൊക്ലി പോലീസ് കേസെടുത്തത്.
വാഹനാപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ട സംഭവം ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണ ത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഇതിനിടെ പൂക്കോം സ്വദേശി മുഹമ്മദ് ആസിഫിനെ മർദിച്ചെന്ന പരാതിയിലും സായന്തിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. ആസിഫ് വീട്ടിൽ നിന്നും കാറുമായി റോഡിലേക്കിറങ്ങുന്നതിനിടെ സായന്തും സംഘവും സഞ്ചരിച്ച കാർ ആസിഫിന്റ കാറിൽ ഇടിച്ചത് ചോദ്യം ചെയ്തതോടെ മർദിച്ചെന്നാണ് പരാതി.
Kerala
കോഴിക്കോട്: വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസിൽ കേന്ദ്ര സർക്കാർ വരുത്തിയ വലിയ വർധന സംസ്ഥാന സർക്കാർ പകുതിയോളം വെട്ടിക്കുറച്ചെങ്കിലും മുന്‍പ് പണം അടച്ചവരുടെ കാര്യത്തില്‍ അവ്യക്തത.
കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വർഷം പിന്നിട്ട ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽനിന്നും 50 ശതമാനം വരെ കുറവ് വരുത്തിയതായാണു സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, കേന്ദ്ര നിര്‍ദേശം വന്ന് മാസങ്ങള്‍ക്കു ശേഷമാണ് പുതിയ ഉത്തരവ് സംസ്ഥാനം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിരവധി വാഹനങ്ങളാണ് ഉയര്‍ന്ന ഫീസ് നല്കി ഫിറ്റ്നസ് പുതുക്കിയത്. ഫീസില്‍ കുറവുണ്ടായതോടെ ഈ തുക ഇവര്‍ക്ക് തിരിച്ചുകിട്ടുമോ എന്ന കാര്യത്തിലാണ് ആശങ്ക.
ഫീസ് ഇന പരിഷ്കാരം നടപ്പിലാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്വേറില് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍ എന്നാണ് അറിയുന്നത്.
15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഫിറ്റ്നസ് അനുവദിക്കുമ്പോൾ പുക പരിശോധനകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തി അന്തരീക്ഷ മലിനീകരണം ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിവരുന്നത്.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു സൈനികർക്ക് വീരമൃത്യു. ഒൻപത് സൈനികർക്ക് പരിക്കേറ്റു.
200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി ഉയർന്ന പ്രദേശത്തേക്ക് പോവുകയായിരുന്നു ഇവർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉദംപുരിലെ ആശുപത്രിയിലേക്കു മാറ്റി.
Kerala
കുമളി: മധുരയില്‍ നിന്നും തേക്കടിയിലെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കുമളിയ്ക്കു സമീപം ലോവര്‍ പെരിയാറില്‍ കത്തി നശിച്ചു.
വിനോദയാത്രയ്ക്കായി എത്തിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് പൂര്‍ണമായും കത്തിനശിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുമളി ലോവര്‍ ക്യാമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഡ്രൈവറും അടക്കം 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ലോവര്‍ ക്യാമ്പില്‍ നിന്നുള്ള കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ പാതയോരത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു.
പുക കണ്ട ഉടന്‍ തന്നെ യാത്രക്കാര്‍ എല്ലാവരും വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂര്‍ണമായും അഗ്നിക്കിരയാകുകയായിരുന്നു.
വിവരം അറിഞ്ഞ് കമ്പത്തു നിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് കുമളി -കമ്പം പാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗത തടസപ്പെട്ടു. ഗൂഡല്ലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
Kerala
മലപ്പുറം: എംവിഡിയുടെ വാഹന പരിശോധനയ്ക്കിടെ വിദ്യാർഥികൾ കാർ നിർത്താതെ പോയി. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. തിരൂർ ജോയിൻ ആർടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. മോഡിഫൈ ചെയ്ത വാഹനമാണ് ഉദ്യോഗസ്ഥൻ നിർത്താൻ ശ്രമിച്ചത്.
തിരൂർ കൊടക്കൽ ഭാഗത്തു വെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി അറിയിച്ചു.
District News
മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഈ റോഡിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും കൊടും വളവും വാഹനങ്ങളുടെ പെരുപ്പവും അമിത വേഗവുമെല്ലാം അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ പൈങ്ങന സെന്റ് തോമസ് പള്ളിയുടെ മുൻവശത്തെ വളവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. തിങ്കളാഴ്ച ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥികളടക്കമുള്ളവർക്ക് പരിക്കേറ്റു. ഇടച്ചോറ്റി ഭാഗത്ത് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നോളം അപകടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. ചിറ്റടിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റിരുന്നു.
അപകടങ്ങൾക്ക് നിരവധി കാരണങ്ങൾ
ദേശീയപാതയായി ഉയർത്തി പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയുടെ ഭാഗമായ റോഡിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ റോഡിലെ കൊടുംവളവുകളാണ് അപകടങ്ങൾക്കു കാരണമാകുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ചിലയിടങ്ങളിൽ ഓടയുടെയും കലുങ്കിന്റെയും നിർമാണമല്ലാതെ മറ്റ് യാതൊരു നവീകരണ പ്രവർത്തനവും നടന്നിട്ടില്ല.
എന്നാൽ, വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. മറ്റ് ജില്ലകളിൽ നാലുവരി പാതയ്ക്ക് സമാനമായി ദേശീയപാത ഉയരുമ്പോഴും പഴയ കെകെ റോഡിന് ഇപ്പോഴും പഞ്ചായത്ത് റോഡുകളുടെ നിലവാരം മാത്രമാണുള്ളതെന്നും ആക്ഷേപം ഉയരുകയാണ്. റോഡിന്റെ ചിലയിടങ്ങളിൽ ഐറിഷ് ഓടയുടെ അഭാവം മൂലം വശങ്ങളിൽ വലിയ കട്ടിംഗാണ് രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ ഇത്തരം കട്ടിംഗിൽ ചാടി അപകടം സംഭവിക്കുന്നതും പതിവാണ്.
സ്ഥിരം അപകട മേഖലകൾ
കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ പതിവായി അപകടങ്ങൾ നടക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. പൈങ്ങനയിലെ അടുപ്പിച്ചുള്ള കൊടുംവളവുകൾ സ്ഥിരം അപകടവേദിയാണ്. ചിറ്റടി ഗുരുമന്ദിരത്തിന് സമീപവും അട്ടിവളവും അപകട കേന്ദ്രങ്ങളാണ്. ചോറ്റി നിർമലാരം ജംഗ്ഷനും ഇടച്ചോറ്റിയും പൊടിമറ്റത്തിന് സമീപത്തെ വളവുകളും പതിവായി വാഹനാപകടങ്ങൾ നടക്കാറുള്ള മേഖലയാണ്.
പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്ന വികസനം
നിലവിലെ ദേശീയപാതയായ പഴയ കോട്ടയം-കുമളി റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതികൾ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്. സർവേ നടപടികളെല്ലാം പൂർത്തിയായെന്നും റോഡ് നവീകരണം ഉടൻ ആരംഭിക്കുമെന്നും പ്രചാരണം വ്യാപകമായി നടന്നിരുന്നു. എന്നാൽ, ഒന്നുമുണ്ടായില്ല. റോഡ് വികസനത്തിനായി സർവേ നടപടികൾക്ക് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നു.എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സർവേ നടപടികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് മറ്റൊരു ഏജൻസിക്ക് ഈ ചുമതല നൽകിയതായി കഴിഞ്ഞമാസം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിൻ ഗഡ്ഗരി കേരളത്തിലെ എംപിമാരെ അറിയിച്ചിരുന്നു.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Kerala
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശി യഹിയ എന്നയാളാണ് പരാതിക്കാരന്.
നേപ്പാളിലെ ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്. രോഹിത് ബേദി 14 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.
പരാതിക്കാരന്റെ വാഹനം ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ്, പോലീസിന്റെ സഹായം തേടിയിരുന്നു. എന്നാൽ ആദ്യമായാണ് ഒരു പരാതിയിൽ കേസെടുക്കുന്നത്.
ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള്‍ ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. വാഹനങ്ങള്‍ ഹിമാചല്പ്രദേശിലെത്തിച്ച് രജിസ്ട്രേഷന് ചെയ്ത് രാജ്യമെമ്പാടും വില്‍പ്പന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി കസ്റ്റംസ് ഓപറേഷന് നുംഖൂർ എന്ന പേരില്‍ സെപ്തംബര്‍ മാസത്തില്‍ പരിശോധന നടത്തിയിരുന്നു.
നടന്മാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ തുടങ്ങിയവരുടെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
Kerala
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.
നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയ്യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത്.
Kerala
തൃശൂർ: മാള വടമയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പള്ളിപ്പുറം സ്വദേശി കളത്തിൽ തോമസ് (60) മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം.
ചാലക്കുടിയിൽ നിന്നും മാള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് റോഡിൽ മറിയുകയായിരുന്നു.
കോഴിഫാമിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസ് റോഡിൽ മറിഞ്ഞുകിടന്ന പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വെളിച്ചക്കുറവ് മൂലം റോഡിലെ തടസം ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിന് കാരണമായത്. കെഎസ്ഇബി ജീവനക്കാർ ഉടൻ തന്നെ തോമസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച തോമസിന്റെ ഭാര്യ ഷിജി വിദേശത്താണ്. ജോയിലിൻ, ജെറാഡ് എന്നിവർ മക്കളാണ്.
Kerala
ആലപ്പുഴ: മുന്‍ എംപിയും സിപിഎം നേതാവുമായ എ.എം. ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റ ആരിഫിനെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശത്താണ് അപകടം. ഓട്ടോയുടെ പിന്നില്‍ ഇടിച്ച കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
Kerala
കോട്ടയം: സീരിയൽ നടന്റെ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. എംസി റോഡിൽ ബുധനാഴ്ച രാത്രി 8.30ഓടെ ആയിരുന്നു സംഭവം. സീരിയൽ നടനായ സിദ്ധാർഥ് ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്.
അപകടം കണ്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരേയും പോലീസിനേയും സിദ്ധാർഥ് ആക്രമിച്ചതായും പരാതിയുണ്ട്. കോട്ടയം ഭാഗത്തുനിന്നെത്തിയ കാർ നിയന്ത്രണംവിട്ട് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ വീണയാളെ രക്ഷിക്കുന്നതിനിടെ സിദ്ധാർഥ് ഇവരെ കൈയേറ്റം ചെയ്തതായാണ് പരാതി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായും നടൻ വാക്കുതർക്കമുണ്ടായി. ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
Kerala
കോട്ടയം: ശബരിമല തീർഥാടക വാഹനം ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. മടുക്ക മൈനാകുളം വയലക്കൊമ്പിൽ എബി തോമസ്(29) ആണ് മരിച്ചത്.
കോരുത്തോട് റോഡിൽ മടുക്ക പാറമട ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം.
ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം എബി സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. യാത്രയ്ക്കിടെ ഇന്നോവ കാറിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.
തിരുവനന്തപുരം വാമനപുരത്തുവച്ചായിരുന്നു അപകടം. മന്ത്രിയും വാഹനത്തിലുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. വാമനപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ എംസി റോഡില്‍ വച്ച് ഇന്നോവയുടെ പിന്‍വശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.
വാഹനത്തിന് വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് വാമനപുരം എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.
Kerala
തിരുവനന്തപുരം: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരുമായി പോയ വാൻ അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്നു കൊല്ലത്തേക്ക് വരുകയായിരുന്ന പോലീസ് ബസാണ് അപകടത്തിൽപ്പെട്ടത്.
എസ്എപിയിലെ 15 പൊലീസുകാരും കെഎപിയിലെ 15 റിക്രൂട്ട് പോലീസുകാരുമാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവർക്കും നിസാര പരിക്കേറ്റു.
Kerala
പാലക്കാട്: പട്ടാമ്പി വാവന്നൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനവും സിസിടിവി ക്യാമറകളും തല്ലിത്തകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. തൃത്താല ഞാങ്ങാട്ടിരി സ്വദേശി കൊഴിക്കാട്ടിൽ വീട്ടിൽ സൻഫീർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതി തെക്കേ വാവനൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്. മരപ്പലകയും കല്ലുമായെത്തിയ പ്രതി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ച് തകർത്തു. തുടർന്ന് വീടിന്റെ ജനൽ ചില്ലുകളും തകർത്ത പ്രതി വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും തല്ലി തകർത്തു.
വീട്ടിലെ അംഗത്തോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. നിലവിൽ സൻഫീറിന്റെ പേരിൽ മോഷണക്കേസ്, ലഹരിക്കേസ് എന്നിങ്ങിങ്ങനെ 15 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ അരവിന്ദാക്ഷൻ , എഎസ്ഐ സുരേഷ്, പോലീസ് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ റഷീദ്, സൻഫീർ, കമൽ എന്നിവരുൾപ്പട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.
Kerala
കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്.
അമിതിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി.
വാഹനം ഉപയോഗിക്കരുത്, കേരളത്തിന് പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നൽകിയത്. ഓപ്പറേഷൻ നുംഖോറില്‍ നടൻ അമിത് ചക്കാലക്കൽ നേരത്തെ പലതവണ കസ്റ്റംസിന് മുന്നിൽ ഹാജരായി രേഖകൾ ഹാജരാക്കായിരുന്നു.
Kerala
തൃശൂർ: വാടകയ്ക്കു നൽകിയ കാർ തിരികെ ചോദിച്ചതിന് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിച്ചു. വളരെ വേഗത്തിൽ പാഞ്ഞ കാറിൽനിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ്. ആലുവ സ്വദേശി സോളമൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തിരൂർ സ്വദേശി ബക്കറാണ് അപകടകരമായ രീതിയിൽ കാറോടിച്ചത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം.
രണ്ടു കാറുകളാണ് സോളമൻ ബക്കറിനു വാടകയ്ക്കു നൽകിയത്. ഏറെ ദിവസങ്ങളായിട്ടും കാർ തിരികെ നൽകിയില്ല. പകരം തന്റെ പേരിലുള്ള വസ്തു എഴുതി നൽകാമെന്ന് ബക്കർ പറഞ്ഞു. എന്നാൽ ഭൂമിയും നൽകിയില്ല.
ഇതോടെ വാഹനം തേടി സോളമൻ തൃശൂരിലെത്തി. എരുമപ്പെട്ടി ഭാഗത്തുവച്ച് വാഹനം കണ്ടു. കാറിന്റെ മുന്നിൽനിന്ന് സോളമൻ വാഹനം തടഞ്ഞു. ബക്കർ ഉടനെ കാർ മുന്നോട്ടെടുത്തു. ബോണറ്റിലേക്കു സോളമൻ വീണിട്ടും ബക്കർ കാർ നിർത്തിയില്ല.
Kerala
കൊച്ചി: ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുണ്‍ ഷാജി, മുനീര്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 3.30ഓടെ ഇടപ്പള്ളി ബാങ്ക് ജംഗ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മെട്രോ പില്ലറില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
സംഭവത്തിൽ എളമക്കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
National
ന്യൂഡൽഹി: ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്കു കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാരും. ഇന്ത്യ–ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ ധാരണയായതുമായാണ് റിപ്പോർട്ടുകൾ.
ഭൂട്ടാൻ സൈനിക വാഹനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ റോയൽ ഭൂട്ടാൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേരളത്തിലേക്കുള്ള വാഹനക്കടത്ത് സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാൻ ഭൂട്ടാൻ അധികൃതർ തയാറാണെന്നും നേരത്തെ അറിയിച്ചിരുന്നു.
ഭൂട്ടാനിലെ ധനകാര്യ മന്ത്രാലയത്തിനു കീഴിലെ റവന്യൂ ആൻഡ് കസ്റ്റംസ് വിഭാഗം (ഡിആർസി) ഇന്ത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ ഭൂട്ടാൻ കസ്റ്റംസ് സമാന്തര അന്വേഷണം ആരംഭിച്ചിരുന്നതായാണ് വിവരം.
കൊച്ചി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ ‘നുംഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് പുറത്തുവന്നത്.
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കച്ചേരിത്താഴം റോഡില്‍ വാഹനമിടിച്ച് തകര്‍ത്ത മീഡിയന് റോഡിന് നടുവില്‍നിന്ന് നീക്കം ചെയ്യാത്തത് യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നു. അരമനപ്പടിയില്‍ നാലുവരിപ്പാതയ്ക്ക് നടുവിലായി സ്ഥാപിച്ചിരിക്കുന്ന മീഡിയനാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനമിടിച്ച് തകര്‍ന്നത്.
ടാറിംഗ് പൂര്‍ത്തിയാക്കിയ ശേഷം ആഴ്ചകള്‍ക്ക് മുന്‍പ് നിര്‍മിച്ച മീഡിയനാണ് വാഹനമിടിച്ച് തകര്‍ന്നത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് റോഡിന് നടുവിലായി കിടക്കുന്ന മീഡിയന്റെ അവശിഷ്ടഭാഗങ്ങള്‍ റോഡില്‍നിന്ന് ഇതുവരെയും നീക്കം ചെയ്തിട്ടില്ല. ഇത് വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയാവുകയാണ്.
യുടേണ്‍ എടുക്കാന്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍ മീഡിയനില്‍ തട്ടി അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. പിഒ ജംഗ്ഷന് മുതല്‍ കച്ചേരിത്താഴം വരെ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കി നാലുവരിയായി ഗതാഗതം തുറന്നു നല്‍കിയെങ്കിലും ഇത്തരം അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ആരോപണമുണ്ട്.
റോഡിന് നടുവില്‍ കിടക്കുന്ന മീഡിയന്റെ അവശിഷ്ടഭാഗങ്ങള്‍ എത്രയും പെട്ടെന്ന് നീക്കംചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കി നാല് വരിയായി ഗതാഗതം അനുവദിച്ചതോടെ വാഹനങ്ങള്‍ അമിത വേഗത്തിലെത്തുന്നത് അപകടത്തിനിടയാക്കുന്നുണ്ട്.
Kerala
ഇടുക്കി: മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കാഞ്ചിയാർ സ്വദേശി സണ്ണിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ഡിസിആർബി ഗ്രേഡ് എസ്ഐ ബിജുമോൻ ആണ് മദ്യപിച്ച് വാഹനം ഓടിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇന്ന് രാത്രി ഏഴോടെയാണ് ഇയാൾ കാറുമായി കാഞ്ചിയാർ ടൗണിലേക്ക് എത്തിയത്.
ഇവിടെവച്ച് രണ്ടു ബൈക്കിലും ഒരു കാറിലും ഇയാൾ സഞ്ചരിച്ച വാഹനം ഇടിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥനെയും ഇയാൾ സഞ്ചരിച്ച കാറും തടഞ്ഞുവച്ചു. പിന്നീട് കട്ടപ്പനയിൽനിന്നും പോലീസ് എത്തിയശേഷമാണ് തടഞ്ഞുവച്ച ബിജുമോനെ കാറിൽ നിന്നും പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
Kerala
തൃശൂര്‍: ചേലക്കരയില്‍ പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദ്ദനം. മദ്യലഹരിയില്‍ എത്തിയ യുവാക്കളാണ് ചേലക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ശശിധരനെ മര്‍ദ്ദിച്ചത്.
വല്ലങ്ങിപ്പാറ സ്വദേശികളായ രതീഷ്, ശ്രീദത്ത് എന്നിവര്‍ ചേര്‍ന്നാണ് ശശിധരനെ മര്‍ദ്ദിച്ചത്. വാഹനത്തിന്റെ അമിതവേഗത ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ തുടയെല്ല് പൊട്ടി ശശിധരന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനടുത്തുള്ള റോഡ് സൈഡില്‍ ശശിധരൻ നില്‍ക്കുമ്പോഴാണ് യുവാക്കൾ അമിതവേഗത്തില്‍ ബൈക്ക് വരുന്നത്.
ബൈക്ക് ഇടിക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ശശിധരന് നിലത്ത് വീണു. ഇത് ചോദ്യം ചെയ്തതാണ് അക്രമത്തിലേക്ക് വഴിവച്ചത്.