മുംബൈ: പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, ടൊയോട്ട എന്നിവർ മേയ് മാസത്തിൽ തങ്ങളുടെ വില്പന കണക്കുകളിൽ മികച്ച വളർച്ച രേഖപ്പെടുത്തി.
ആഭ്യന്തര വിപണിയിൽ തുടർച്ചയായി നിലനിൽക്കുന്ന ആവശ്യകതയും, കന്പനികളുടെ പാസഞ്ചർ-കൊമേഴ്സ്യൽ വാഹന വിഭാഗങ്ങളിലെ മികച്ച പ്രകടനവുമാണ് ഈ മുന്നേറ്റത്തിന് കാരണമായത്.
മാരുതി സുസുക്കിക്ക്ചരിത്ര നേട്ടം
2026 മേയ് മാസം ഇന്ത്യയിലെ കാർ നിർമാണത്തിൽ പ്രമുഖരായ മാരുതി സുസുക്കിക്ക് ചരിത്ര നേട്ടം. കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. ആകെ 2,42,688 യൂണിറ്റുകൾ മാരുതി സുസുക്കി വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 34.76 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്.
2025 മേയിൽ 1,80,077 കാറുകളാണ് വിറ്റത്. ആഭ്യന്തര മാർക്കറ്റിൽ 1,93,535 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കയറ്റുമതി 41,914 യൂണിറ്റിലേക്ക് വർധിപ്പിക്കാൻ കന്പനിക്ക് സാധിച്ചു. കൂടാതെ, മറ്റ് വാഹന നിർമാതാക്കൾക്കുള്ള വില്പന 7239 യൂണിറ്റുകളായിരുന്നു.
ഹ്യൂണ്ടായി, മഹീന്ദ്ര വില്പന ഉയർന്നു
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ മുൻവർഷം സമാനമാസത്തേക്കാൾ 9.1 ശതമാനം വളർച്ചയാണ് മേയിൽ രേഖപ്പെടുത്തിയത്. 47,837 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. 13,300 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ആകെ വില്പന 61,137 യൂണിറ്റുകൾ.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര മേയിൽ കയറ്റുമതി ഉൾപ്പെടെ 20 ശതമാനം വില്പന വളർച്ച നേടി. 99,636 യൂണിറ്റുകളാണ് മേയിൽ വിറ്റത്. കൊമേഴ്സ്യൽ വാഹനങ്ങളുടെ വില്പനയിൽ 19 ശതമാനത്തിന്റെ വർധനയുമായി 24,079 യൂണിറ്റിലെത്തി.
ടൊയോട്ട കിർലോസ്കർ കഴിഞ്ഞ മാസം 33,128 യൂണിറ്റുകളുടെ വില്പനയുമായി ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തി. ആകെ വിറ്റത് 33,128 യൂണിറ്റുകൾ. ആഭ്യന്തര വില്പന നാലു ശതമാനം വർധിച്ചപ്പോൾ കയറ്റുമതി 61 ശതമാനം ഉയർന്ന് 2,554 യൂണിറ്റുകളായി.
കിയ, ടാറ്റ മോട്ടോഴ്സ്
കിയ ഇന്ത്യക്ക് മേയിൽ 23.6 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. ആകെ വിറ്റത് 27,586 യൂണിറ്റുകൾ. കഴിഞ്ഞ വർഷം ഇതേ മാസം വിറ്റഴിച്ചത് 22,315 യൂണിറ്റുകളായിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ പ്രവേശിച്ച ശേഷം കന്പനിയുടെ ഏറ്റവും ഉയർന്ന മേയ് മാസ വില്പനയായിരുന്നു ഇത്തവണത്തേത്.
ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് 42 ശതമാനം വളർച്ച മേയിൽ നേടി. 59,790 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻവർഷം ഇതേ മാസം 42,040 യൂണിറ്റുകളായിരുന്നു വില്പന. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ കന്പനിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് മേയിൽ നടന്നത്. 10,517 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്.
ബജാജ് ഓട്ടോ ആകെ വാഹന വില്പനയിൽ 20 ശതമാനം വളർച്ചയാണ് നേടിയത്. കയറ്റുമതി ഉൾപ്പെടെ 4,61,257 യൂണിറ്റുകളുടെ വില്പനയാണ് നടന്നത്.