ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 58 എൻജിനിയറിംഗ്, സാങ്കേതിക കോളജുകൾ ഘട്ടംഘട്ടമായി പൂട്ടാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) ഉത്തരവിട്ടു. വിദ്യാർഥികളുടെ കുറവ്, കൗൺസിൽ നിർദേശിച്ചിട്ടുള്ള അക്കാദമിക്-അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി. പൂട്ടുന്ന കോളജുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ളവ ഇല്ല.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോളജുകൾ പൂട്ടിയത്. രണ്ടു സംസ്ഥാനങ്ങളിലും 12 കോളജുകൾ വീതം അടച്ചുപൂട്ടി. മധ്യപ്രദേശിൽ എട്ടും തെലുങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നാലു വീതവും കോളജുകൾക്ക് പൂട്ടു വീണു.
ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നു വീതവും ഗുജറാത്ത്, കർണാടക, തമിഴ്നാട്, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ രണ്ടു വീതവും പുതുച്ചേരിയിൽ ഒരു സ്ഥാപനവും പൂട്ടി. പൂട്ടിയ 58 കോളജുകളിൽ മൂന്നെണ്ണം സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളും ബാക്കിയുള്ളവ സ്വകാര്യ മാനേജ്മെന്റുകൾക്കു കീഴിലുള്ളവയുമാണ്.
കോളജുകൾ പൂട്ടിയതിനു പുറമെ രാജ്യത്തുടനീളമുള്ള വിവിധ എൻജിനിയറിംഗ്-സാങ്കേതിക കോളജുകളിലായി 950ലധികം കോഴ്സുകളും ഈ അധ്യയനവർഷത്തിൽ നിർത്തലാക്കിയിട്ടുണ്ട്. കോളജുകൾ പൂട്ടുന്നത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിലവിലുള്ള വിദ്യാർഥികളുടെ പഠനത്തെ ഇതു ബാധിക്കില്ലെന്ന് എഐസിടിഇ വ്യക്തമാക്കി.
സ്ഥാപനങ്ങൾക്ക് ‘പ്രോഗ്രസീവ് ക്ലോഷർ’(ഘട്ടംഘട്ടമായുള്ള പൂട്ടൽ) ആണ് അനുവദിച്ചിട്ടുള്ളതെന്ന് എഐസിടിഇ അറിയിച്ചു. ഇതിലൂടെ നിലവിലുള്ള വിദ്യാർഥികളുടെ ഭാവി സുരക്ഷിതമായിരിക്കും. എന്നാൽ, ഈ അധ്യയനവർഷം മുതൽ ഈ കോളജുകളിൽ ഒന്നാംവർഷ വിദ്യാർഥികൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. നിലവിൽ വിവിധ പഠിച്ചുകൊണ്ടിരിക്കുന്ന ബാച്ചുകളിലെ വിദ്യാർഥികൾക്ക് അവരുടെ കോഴ്സുകൾ പൂർത്തിയാകുന്നതുവരെ ഈ കോളജുകൾ തുടർന്നു പ്രവർത്തിക്കും.