പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: ചണ്ഡിഗഡിൽ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെയുണ്ടായ വെടിവയ്പിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരു വിദ്യാർഥിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സെക്ടർ 22 സ്വദേശി നൈതിക് (17) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി സെക്ടർ 22-ലെ ക്ഷേത്രത്തിന് സമീപമുള്ള പാർക്കിംഗിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന നൈതികിന് നേരെ സൈക്കിളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിലുള്ള മുൻവൈരാഗ്യവും തർക്കവുമാണ് ഈ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : StudentClash Shoot Kill CriticalCondition