ഓപ്പറേഷൻ എന്റബെയിൽ ഉപയോഗിച്ച കറുത്ത മെഴ്സിഡസ് കാറിനൊപ്പം ഇസ്രേലി കമാൻഡോകൾ. ഉഗാണ്ടയുടെ ഭരണത്തലവൻ ഈദി അമീൻ ഉപയോഗിക്കുന്നതും മെഴ്സിഡസിന്റെ ഈ മോഡലാണ്.
ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രംഗങ്ങൾ; ചരിത്രം കണ്ട ഏറ്റവും സാഹസികവും നാടകീയവുമായ സൈനികനീക്കം, അതാണ് ഓപ്പറേഷൻ എന്റബെ അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്! നാലായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച്, മറ്റൊരു രാജ്യത്തിന്റെ അതീവസുരക്ഷയുള്ള വിമാനത്താവളത്തിനുള്ളിൽ ബന്ദിയാക്കിയ 106 പേര രക്ഷപ്പെടുത്താൻ ഇസ്രയേൽ കമാൻഡോകളുടെ മിന്നൽപ്പോര്; നടന്നത്, ഉഗാണ്ടയിൽ, അതേ ശത്രുക്കളെ കൊന്നുതിന്നിരുന്നുവെന്ന് പറയപ്പെടുന്ന, ലോകം കണ്ടതിൽ ഏറ്റവും വെറുക്കപ്പെട്ട ഭരണാധികാരി ഈദി അമീൻ എന്ന കൊടുംക്രൂരന്റെ നാട്..!
അന്പതു വർഷം മുന്പുനടന്ന ദൗത്യത്തെക്കുറിച്ചുള്ള ഇസ്രയേലിന്റെ അതീവ രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുയാണ് ജർമൻ മാധ്യമമായ വെൽറ്റ്. വെൽറ്റ് നൽകിയ ഔദ്യോഗിക അഭ്യർഥനയെത്തുടർന്ന്, ദൗത്യത്തിന്റെ അന്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ജർമൻ സർക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് ടീമിൽ നിന്നുള്ള രഹസ്യരേഖകൾ പരസ്യപ്പെടുത്തിയത്.
1977 ഏപ്രിലിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ (ഐഡിഎഫ്) തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് മാത്രം കടുത്ത സുരക്ഷാനിർദേശങ്ങളോടെ വ്യക്തിപരമായി വിതരണം ചെയ്ത 109 പേജുകളുള്ള ഹീബ്രു ഭാഷയിലുള്ള ബുക്ക്ലെറ്റിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്. ബുക്ക്ലെറ്റ് ലഭിക്കുന്ന ഓഫീസർ, തന്റെ യൂണിറ്റിലെ മറ്റ് ഉദ്യോഗസ്ഥർക്കോ പുറത്തുള്ളവർക്കോ ഇതു കൈമാറാൻ പാടില്ല എന്ന കർശനമായ വിലക്കോടെയായിരുന്നു നൽകിയിരുന്നത്.
ഭീതിയുടെയും അതിജീവനത്തിന്റെ 90 മിനിറ്റ്
1976 ജൂൺ അവസാനത്തോടെയാണ് ടെൽ അവീവിൽ നിന്ന് പാരീസിലേക്ക് ഏഥൻസ് വഴി പറന്ന എയർ ഫ്രാൻസ് ഫ്ലൈറ്റ് എഎഫ് 139 പാലസ്തീൻ-ജർമൻ ഭീകരർ തട്ടിക്കൊണ്ടുപോകുന്നത്. 248 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിൽ, ഇസ്രേലികളല്ലാത്തവരെ വിട്ടയച്ചു. എന്നാൽ, ഇസ്രേലികളെയും വിമാനത്തിലെ ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. നൂറിലധികം വരുന്ന ഇവരെ രക്ഷിക്കാൻ ഇസ്രേലി കമാൻഡോകൾ നടത്തിയ, ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന അതീവ രഹസ്യദൗത്യത്തിന്റെ അണിയറക്കഥകൾ, അതിന്റെ ആസൂത്രണം തുടങ്ങിയവ കമാൻഡോ ഓപ്പറേഷനുകൾക്കുള്ള ഗൈഡ് ആയി മാറി.
കമാൻഡോകൾ തയാറാക്കിയ രക്ഷാപ്രവർത്തന പ്ലാനിനെ നാലു ഘട്ടങ്ങളായാണു തിരിച്ചിരുന്നത്. ഒന്നാം ഘട്ടം- പഴയ ടെർമിനൽ കെട്ടിടം സുരക്ഷിതമാക്കാൻ ഒരു സിംഗിൾ എയർക്രാഫ്റ്റ് ആദ്യം റൺവേയിൽ ഇറക്കുക. രണ്ടാം ഘട്ടം - ബാക്കിയുള്ള സൈനികരെ വിമാനത്താവളത്തിൽ ഇറക്കി റൺവേയും എയർപോർട്ടും പൂർണമായി നിയന്ത്രണത്തിലാക്കുക. മൂന്നാം ഘട്ടം ബന്ദികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുക. നാലാം ഘട്ടം- എല്ലാവരുമായി സുരക്ഷിതമായി അവിടെനിന്നും തിരികെ പറക്കുക.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്തസഹോദരൻ, യോനാഥൻ നെതന്യാഹുവിന്റെ നേരിട്ടുള്ള കമാൻഡിനു കീഴിലുള്ള സയറത് മത്കൽ എന്ന എലൈറ്റ് യൂണിറ്റിലെ മുപ്പത്തിനാല് പ്രമുഖ സൈനികരാണ് ആദ്യ ഘട്ടത്തിനു നിയോഗിക്കപ്പെട്ടത്. ഉഗാണ്ടൻ ഏകാധിപതി ഈദി അമീൻ ഉപയോഗിക്കുന്നതുപോലെയുള്ള കറുത്ത മെഴ്സിഡസ് 220 ഡി കാറിലും രണ്ട് ലാൻഡ് റോവറുകളിലുമാണ് ഇവർ വിമാനത്തിൽ നിന്നിറങ്ങി ടെർമിനലിലേക്ക് നീങ്ങിയത്. ഈദി അമീൻ വരുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് ഉഗാണ്ടൻ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം.
രണ്ടാം ഘട്ടത്തിൽ 152 സൈനികരാണ് പങ്കെടുത്തത്. മുൻപ് യോം കിപ്പുർ യുദ്ധത്തിൽ ഈജിപ്തിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുത്ത സോവിയറ്റ് നിർമിത ബിടിആർ-152 വാഹനങ്ങളും പ്യൂഷോ ലൈറ്റ് ട്രക്കുമാണ് ഇവർ ഉപയോഗിച്ചത്. പരിക്കേൽക്കുന്നവരെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരും മെഡിക്കൽ സംഘവും ഈ ദൗത്യത്തിനൊപ്പം ഉണ്ടായിരുന്നു.

യോനാഥൻ നെതന്യാഹുവിന്റെ വീരമൃത്യു
1976 ജൂലൈ മൂന്നിന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഇസ്രയേൽ സർക്കാരിന്റെ അനുമതിയോടെ നാല് സി-130 ഹെർക്കുലീസ് വിമാനങ്ങൾ എന്റബെ ലക്ഷ്യമാക്കി പറന്നത്. ചെങ്കടലിനു മുകളിലൂടെ അന്താരാഷ്ട്ര വ്യോമപാത വഴി, ജിബൂട്ടിക്ക് മുകളിലൂടെ പറന്ന്, എത്യോപ്യൻ അതിർത്തി വഴി അതീവ രഹസ്യമായാണ് വിമാനങ്ങൾ നീങ്ങിയത്.
രാത്രി കൃത്യം 11.01-ന് ആദ്യ ഹെർക്കുലീസ് വിമാനം റൺവേ തൊട്ടു. വിമാനത്തിൽനിന്ന് പാരച്യൂട്ട് വഴി ചാടിയ കമാൻഡോകൾ റൺവേയിലെ ലൈറ്റുകൾക്ക് പകരമായി ലാൻഡിംഗ് ലൈറ്റുകൾ സ്ഥാപിച്ചു. 11.08 ആയപ്പോഴേക്കും ബാക്കി വിമാനങ്ങളും നിലത്തിറങ്ങി. ലക്ഷ്യത്തിന് നൂറു മീറ്റർ അടുത്തെത്തുന്നതുവരെ കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ സുഗമമായിരുന്നു. എന്നാൽ വഴിയിൽ കാവൽ നിന്ന ഒരു ഉഗാണ്ടൻ സൈനികനുനേരേ നെതന്യാഹുവിന്റെ നിർദേശപ്രകാരം കമാൻഡോകൾ വെടിയുതിർത്തതോടെ കാര്യങ്ങൾ നാടകീയമായി മാറിമറിഞ്ഞു.
കമാൻഡോകൾ പഴയ ടെർമിനലിന്റെ ഹാളിലേക്ക് ഇരച്ചുകയറുകയും അവിടെയുണ്ടായിരുന്ന അഞ്ച് പാലസ്തീൻ ഭീകരരെയും രണ്ട് ജർമൻ ഭീകരരായ വിൽഫ്രഡ് ബോസ്, ബ്രിജിറ്റ് കുൽമാൻ എന്നിവരെയും വധിച്ചു. ഒരു മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന വെടിവയ്പിൽ ഹാളിലുണ്ടായിരുന്ന 105 ബന്ദികളിൽ മൂന്നു പേർ വെടിയേറ്റ് മരിച്ചു. പതിമൂന്നു പേർക്ക് പരിക്കേറ്റു. ഹാളിൽ വെളിച്ചമുണ്ടായിരുന്നതുകൊണ്ട് ഭീകരരെ പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞതും ഭൂരിഭാഗം ബന്ദികളും തറയിൽ കിടന്നതുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
ഈ പോരാട്ടത്തിനിടയിലാണ് ടീം ലീഡറായ യോനാഥൻ നെതന്യാഹുവിന് വിമാനത്താവളത്തിലെ കൺട്രോൾ ടവറിൽ നിന്നുള്ള ഉഗാണ്ടൻ സൈനികന്റെ വെടിയേൽക്കുന്നത്. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൺട്രോൾ ടവറിലുണ്ടായിരുന്ന എട്ട് ഉഗാണ്ടൻ സൈനികരെയും ഇസ്രയേൽ സൈന്യം പിന്നീടു വധിച്ചു.
ഇദി അമീന്റെ പ്രതികാരം
സൈനികനടപടിക്കുശേഷം രാത്രി 11.51-ന് ആദ്യ ഹെർക്കുലീസ് വിമാനം ബന്ദികളുമായി എന്റബെയിൽനിന്നു പറന്നുയർന്നു. മൂന്നു മിനിറ്റുകൾക്കുശേഷം ബാക്കി വിമാനങ്ങളും എന്റബെ വിട്ടു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനും കെനിയയിലെ നെയ്റോബി വിമാനത്താവളം ഉപയോഗിക്കാൻ കെനിയൻ സർക്കാർ രഹസ്യമായി അനുവാദം നൽകിയിരുന്നു. തുടർന്ന് അവിടെനിന്ന് ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽ ബന്ദികൾ സുരക്ഷിതമായി എത്തിച്ചേർന്നു. ഈ ദൗത്യത്തെ മനുഷ്യത്വപരവും ധാർമികവും സൈനികവുമായ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയം എന്നാണ് അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി യിഷാക് റാബിൻ വിശേഷിപ്പിച്ചത്.
എന്നാൽ ഈ നാണക്കേടിനു പകരമായി, ദൗത്യം നടക്കുന്ന സമയത്ത് ശ്വാസതടസം കാരണം ഉഗാണ്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോറ ബ്ലോച്ച് (74) എന്ന ബന്ദിയെ ഈദി അമീന്റെ അടുത്ത അനുയായികൾ ജൂലൈ നാലിന് ആശുപത്രിയിൽ കയറി ക്രൂരമായി കൊലപ്പെടുത്തി പ്രതികാരം വീട്ടി. ഈദി ആമീന്റെ ഈ പ്രതികാരം ക്രൂരതയുടെ മറ്റൊരു മുഖമായി ലോകം ഇന്നും കാണുന്നു.
Tags : OperationEntebbe YonatanNetanyahu Israel EntebbeAirport PalestinianMilitants GermanMilitants OperationThunderbolt OperationYonatan AirFranceAirbus IdiAmin