സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്നുവരുന്ന പ്രതിഷേധക്കൂട്ടായ്മ.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പാർലമെന്റിലേക്ക് മാർച്ച് നടത്തും. ‘ചലോ സൻസദ്’എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധറാലി രാവിലെ ഒന്പതിന് സമരവേദിയായ ജന്തർ മന്തറിൽനിന്നാണ് ആരംഭിക്കുക.
സാമൂഹികപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പ്രതിഷേധസ്ഥലത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികളും യുവാക്കളും രക്ഷിതാക്കളുമടങ്ങുന്ന വൻ ജനസാഗരമാണ് കഴിഞ്ഞ രണ്ടു ദിവസമായി ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.
വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് ഡൽഹി പോലീസ് തലസ്ഥാനത്ത് അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെത്തന്നെ തലസ്ഥാനനഗരത്തിന്റെ വിവിധ മേഖലകളിൽ അധിക സേനയെ വിന്യസിച്ച അധികൃതർ ജന്തർ മന്തറിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മാർച്ചിലെ ജനബാഹുല്യം മുന്നിൽക്കണ്ട് വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ റാലിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയേക്കുമെന്നാണ് സൂചന.
പ്രതിഷേധക്കാർ പാർലമെന്റിലേക്കു കടക്കാതിരിക്കാൻ അവിടെയും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കണ്ണീർ വാതക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വാഹനപരിശോധനയും കർശനമാക്കി.
Tags : CJP Parliament Parliament March Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Prohibition Order