വീണാ വിജയൻ.
കണ്ണൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയന് വിമർശനം. വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ചത് എന്തിനാണെന്ന് പ്രതിനിധികൾ ചോദിച്ചു. കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാർട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികൾ രംഗത്തെത്തിയത്.
വീണാ വിജയനെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി എന്തിനാണ് പ്രസ്താവനയിറക്കിയത്. കേസിൽ പാർട്ടി പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നുമാണ് യോഗത്തിൽ ചോദ്യമുയർന്നത്. മറ്റ് നേതാക്കളുടെ കുടുംബാംഗങ്ങൾക്കെതിരായ കേസുകളിൽ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനം വീണയുടെ കാര്യത്തിൽ സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും പ്രതിനിധികൾ ചോദിച്ചു.
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസിൽ വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ സമീപനമായിരുന്നു പാർട്ടിയുടേത്. എന്നാൽ വീണാ വിജയനെതിരായ കേസിൽ മാത്രം പാർട്ടി ഇടപെട്ട് പ്രതിരോധം തീർത്തത് എന്തിനാണെന്ന ചോദ്യമാണ് യോഗത്തിൽ ഉയർന്നത്.
Tags : cpm kannur district committee meeting Pinarayi Vijayan Kerala Politics CPM District Committee Meeting CPM Criticism Veena Vijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash