കിഫ്ബി
തിരുവനന്തപുരം: കിഫ്ബിക്ക് സര്‍ക്കാര്‍ ഗാരന്റി അനുവദിച്ചതില്‍ ഗുരുതരമായ ചട്ടലംഘനം നടന്നതായി കണ്ടെത്തല്‍. ധനവകുപ്പ് എക്സ്ഒഫീഷ്യോ സെക്രട്ടറി കൂടിയായ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം 18,450 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്റി നല്കി 2025 മാര്‍ച്ചില്‍ ഉത്തരവിറക്കിയത് നിയമപരമായ അധികാരമില്ലാതെയാണെന്നു വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്.
കിഫ്ബി സിഇഒ കൂടിയായ എക്സ് ഒഫീഷ്യോ സെക്രട്ടറി കെ.എം.ഏബ്രഹാമിന് 2025 ജൂണ്‍ വരെ സര്‍ക്കാര്‍ ഉത്തരവില്‍ ഒപ്പിടുന്നതിനുള്ള അധികാരമുണ്ടായിരുന്നില്ല. 2025 ജൂണ്‍ 13ന് സര്‍ക്കാര്‍ ഒരു പ്രത്യേക വിജ്ഞാപനം ഇറക്കിയാണ് കിഫ്ബി സിഇഒക്ക് സര്‍ക്കാര്‍ ഉത്തരവില്‍ ഒപ്പിടുന്നതിനുള്ള അധികാരം നല്‍കിയത്. റൂള്‍സ് ഓഫ് ബിസിനസ് പ്രകാരമാണ് ഒരു സെക്രട്ടറിക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിന് അധികാരം നല്‍കുന്നത്.
റൂള്‍സ് ഓഫ് ബിസിനസില്‍ പ്രത്യേക ഭേദഗതി(2) വരുത്തിയായിരുന്നു ഇത്തരത്തില്‍ അധികാരം നല്‍കിയത് . അതേസമയം ഇല്ലാത്ത പദവി ഉപയോഗിച്ചായിരുന്നു മാസങ്ങള്‍ക്കു മുന്‍പ് 2025 മാര്‍ച്ച് 24ന് ഇറക്കിയ സര്‍ക്കാര്‍ ഗാരന്റിയില്‍ കെ.എം. ഏബ്രഹാം ഒപ്പിട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അധിക ഗാരന്റി കിഫ്ബിക്ക് അനുവദിക്കാനാകില്ലെന്ന് അന്നത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നതായാണ് വിവരം. പിന്നീട് ഇല്ലാത്ത അധികാരം ഉപയോഗിച്ചായിരുന്നു വായ്പയ്ക്കുള്ള ഗ്യാരന്റിയില്‍ കെ.എം. ഏബ്രഹാം ഒപ്പിട്ടതെന്നാണ് കണ്ടെത്തല്‍. കിഫ്ബിയുടെ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാര്‍ വിജ്ഞാപനത്തിലെ വിശദീകരണക്കുറിപ്പില്‍ എക്സ് ഒഫീഷ്യോ സെക്രട്ടറി കൂടിയായ കിഫ്ബി സിഇഒക്ക് ഉത്തരവിറക്കാന്‍ അധികാരമില്ലാതിരുന്ന കാര്യം വിശദമാക്കുന്നുമുണ്ട്.
Tags : SeriousViolation Rules Government Guarantee KIIFB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash