പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കി. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർചാർജിലൂടെ നികത്താനാണ് തീരുമാനം.
അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർചാർജും നിലവിൽവരും. ഇതനുസരിച്ച് 2027-28 മുതൽ 2030-31 വരെയുള്ള നാലുവർഷത്തേക്ക് ഉപയോക്താക്കൾ സർചാർജും പുതിയ നിരക്കും നൽകേണ്ടിവരും. വ്യവസായ ഉപയോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർചാർജ്.
മറ്റുവിഭാഗങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിതശതമാനവും. അഞ്ചു വർഷത്തേക്കാണ് താരിഫ് നയം നടപ്പാക്കുന്നത്. കൂടാതെ, പീക്ക് സമയം വർധിപ്പിക്കാനും തീരുമാനിച്ചു. വൈകുന്നേരം ആറു മുതൽ രാത്രി 11.30 വരെയാണ് പുതിയ പീക്ക് സമയം. നേരത്തേ, ആറു മുതൽ രാത്രി പത്തുവരെയായിരുന്നു.
പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗത്തിന് കൂടുതൽ നിരക്ക് നൽകണം. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവിൽ ഇന്ധനവിലവർധനകൊണ്ടുള്ള അധികബാധ്യത ഈടാക്കാൻ മാസംതോറും ഇന്ധന സർചാർജ് ചുമത്താറുണ്ട്. ഇതുവരെ ദീർഘകാല വൈദ്യുതിക്കരാറുകളിൽ മാത്രമായിരുന്നു ഇത്തരത്തിൽ സർചാർജ് ചുമത്തിയിരുന്നത്.
ഇനി ഹ്രസ്വകാല, അടിയന്തര വാങ്ങലുകളിലും ഇന്ധന സർചാർജ് ഈടാക്കും. ഇത് കമ്മിഷന്റെ അംഗീകാരമില്ലാതെതന്നെ കമ്പനിക്ക് നേരിട്ട് ഈടാക്കാം. അധികബാധ്യത ഉടനെതന്നെ ഉപയോക്താക്കളിൽനിന്ന് ഈടാക്കാനാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്.
എന്നാൽ, ഇന്ധന സർചാർജായി ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ നേരിട്ട് ഈടാക്കുന്നതിനു നിയന്ത്രണമുണ്ടാകും.
വൈദ്യുതിവിതരണത്തിനുള്ള ചെലവിനനുസരിച്ച് നിരക്ക് നിശ്ചയിക്കണമെന്ന് സുപ്രീംകോടതി വിധി പാലിക്കണം. ഗാർഹിക ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാകണം. വീട്ടിൽ സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തി രാത്രിയിൽ വൈദ്യുതി ഗ്രിഡിലേക്കു നൽകുന്നവർക്ക് പ്രോത്സാഹനകരമായ വില നൽകണം തുടങ്ങിയ നിർദേശങ്ങളും പുതിയ താരിഫ് നയത്തിലുണ്ട്.
പുതിയ താരിഫ് നയത്തിലെ പ്രധാന വിവരങ്ങൾ
നഷ്ടം നികത്തൽ: കെഎസ്ഇബിയുടെ മുൻകാല നഷ്ടമായ 5000 കോടി രൂപ നാല് വർഷം കൊണ്ട് സർചാർജിലൂടെ ഉപയോക്താക്കളിൽനിന്ന് ഈടാക്കും.
നടപ്പിൽവരുന്ന തീയതി: പുതുക്കിയ നിരക്കും സർചാർജും അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും (2027-28 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക്). മൊത്തം താരിഫ് നയം അഞ്ചു വർഷത്തേക്കാണ്.
സർചാർജ് കണക്കാക്കുന്ന രീതി: വ്യാവസായിക ഉപയോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കും, മറ്റ് ഉപഭോക്താക്കൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെയും നിരക്കിന്റെയും നിശ്ചിത ശതമാനവുമാകും സർചാർജ്.
പീക്ക് സമയം നീട്ടി: വൈകുന്നേരം 6.00 മുതൽ രാത്രി 11.30 വരെയായി പീക്ക് സമയം വർധിപ്പിച്ചു (നേരത്തേ രാത്രി 10.00 വരെയായിരുന്നു). ഈ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് അധിക നിരക്ക് നൽകേണ്ടി വരും.
ഇന്ധന സർചാർജിലെ മാറ്റങ്ങൾ: ദീർഘകാല കരാറുകൾക്ക് പുറമെ ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകൾക്കും ഇന്ധന സർചാർജ് ചുമത്തും. കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെതന്നെ കമ്പനിക്ക് ഇത് നേരിട്ട് ഈടാക്കാം. എന്നാൽ, ശരാശരി വൈദ്യുതി വിലയുടെ നാലു ശതമാനത്തിൽ കൂടുതൽ ഇത്തരത്തിൽ നേരിട്ട് ഈടാക്കാൻ കഴിയില്ല.

പാലക്കാട്: യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയുമാണ് വൈദ്യുതി നിരക്ക് കൂട്ടുന്നതിലേക്കു നയിച്ചതെന്ന് മുൻ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്കുവർധനയും സർചാർജുകളും സാധാരണക്കാരുടെമേൽ അധികഭാരമാകുമെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തെ ഭരണകാലത്ത് കൃത്യമായ ആസൂത്രണത്തിലൂടെ സംസ്ഥാന വൈദ്യുതി ബോർഡിനെ ലാഭകരമായ സ്ഥാപനമാക്കി മാറ്റാൻ കഴിഞ്ഞതായി കൃഷ്ണൻകുട്ടി പറഞ്ഞു.
Tags : Surcharges ElectricityTariffs KSEB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash