ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന യെമൻ സൈനിക വാഹനം
കയ്റോ: തെക്കൻ യെമനിൽ സർക്കാർ സൈനിക ക്യാന്പിനു നേർക്കുണ്ടായ ഹൂതി ആക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു.
അടുത്തകാലത്തുണ്ടായ ഏറ്റവും മാരക ഹൂതി ആക്രമണമാണിത്. തെക്കൻ യെമനിലെ ഷബ്വ പ്രവിശ്യയിലെ അൽ-അലാം സൈനിക ക്യാന്പിനു നേർക്കാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.
ഇരുനൂറിലേറെ സൈനികർക്കു പരിക്കേറ്റു. പുതുതായി സൈന്യത്തിലെത്തിയവരാണു കൊല്ലപ്പെട്ടതെന്നു പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റഷാദ് അൽ-അലിമി പറഞ്ഞു.
പൊലിസിന്റെ പരിശീലനകേന്ദ്രത്തിലേക്ക് മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികൾ തൊടുത്തത്. ആക്രമണത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ സ്ഥിരീകരിച്ചു.
യുഎഇയുടെ പിന്തുണയുള്ള സായുധസംഘം മുന്പ് ഉപയോഗിച്ചിരുന്നതാണ് ആക്രമണം നടന്ന ക്യാന്പ്. ഞായറാഴ്ച സൗദിയുടെ നേതൃത്വത്തിലുള്ള സേനയുടെ ആക്രമണത്തിൽ അഞ്ചു കുട്ടികൾ ഉൾപ്പടെ ഒന്പതു പേർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ അറിയിച്ചു.
Tags : HouthiAttack MilitaryCamp Soldiers Killed Yemen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash