പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: കർണാടകയിൽ നടക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിൽ (എസ്ഐആർ) കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങൾ മരിച്ചുപോയെന്നും അതിനാൽ വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കുറഞ്ഞത് 37 പേരെങ്കിലും സ്വന്തം നിലയിൽ അപേക്ഷ നൽകിയതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രം നടത്തിയ അന്വേഷണാത്മക പഠനത്തിൽ വ്യക്തമാക്കുന്നു.
ഇതിനുപുറമെ 334 ജോഡി ആളുകൾ പരസ്പരം മരിച്ചതായി കാണിച്ച് അപേക്ഷ സമർപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതായത്, ഒരാൾ മറ്റൊരാൾ മരിച്ചുവെന്ന് കാണിച്ച് വോട്ടർപട്ടികയിൽനിന്ന് പേരു നീക്കാൻ ഫോം 7 സമർപ്പിക്കുമ്പോൾ, മരിച്ചതായി ആരോപിക്കപ്പെട്ട വ്യക്തി ആദ്യവ്യക്തി മരിച്ചുവെന്നു കാണിച്ച് തിരിച്ചും ഫോം സമർപ്പിക്കുന്ന അവസ്ഥയുണ്ടായി. ഇത്തരത്തിൽ പരസ്പരം ‘മരിച്ചു’ എന്ന് രേഖപ്പെടുത്തിയവർ എല്ലാവരുംതന്നെ ഒരേ പോളിംഗ് സ്റ്റേഷൻ പരിധിയിൽ ഉള്ളവരാണെന്നും മാൻഡേറ്റ് അനലിറ്റിക്സ് ആൻഡ് കൺസൾട്ടിംഗ് വിശകലനം ചെയ്ത തെരഞ്ഞെടുപ്പു കമ്മിഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു.
തീവ്ര വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചതായി ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷവും തങ്ങൾ ‘മരിച്ചതിനാൽ’ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന മൂന്ന് ഫോമുകളെങ്കിലും സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നത് കരട് പട്ടികയുടെ അപാകത വ്യക്തമാക്കുന്നു.
സോഫ്റ്റ്വേറിലെ സാങ്കേതിക തകരാറുകളാണ് ഇത്തരം വലിയ പിഴവുകൾക്കു കാരണമെന്നതിലേക്ക് വിരൽചൂണ്ടുന്ന ഉദാഹരണങ്ങളും റിപ്പോർട്ടിലുണ്ട്. ബ്യാതരായനപുരയിൽ 25കാരിയായ സുധ കെ.എൻ. എന്ന വ്യക്തിയാണ് താൻ മരിച്ചുവെന്ന് കാണിച്ച് ഫോം-7 സമർപ്പിച്ചതായി രേഖകളിലുള്ളത്. എന്നാൽ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ശ്രീകാന്ത് എന്ന വോട്ടറുടെ പേര് ഒഴിവാക്കാനായി അദ്ദേഹത്തിന്റെ ഭാര്യ സുധയാണ് അപേക്ഷ നൽകിയതെന്ന് ബിഎൽഒ വ്യക്തമാക്കി. എന്നാൽ വോട്ടർപട്ടികയിൽ ശ്രീകാന്തിന്റെ പേരിനു പകരം ‘സുധ കെ.എൻ.’ എന്നാണു രേഖപ്പെടുത്തിയിരുന്നത്. മുന്പുണ്ടായിരുന്ന വോട്ടർപട്ടികയിലെ പിഴവാണോ അതോ ഡാറ്റാ എൻട്രി സമയത്തുണ്ടായ സാങ്കേതിക തകരാറാണോ ഇതെന്ന കാര്യം തനിക്കറിയില്ലെന്നാണ് ബിഎൽഒ പ്രതികരിച്ചത്.
വോട്ടർപട്ടിക അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
സംസ്ഥാനത്ത് ഒരു കോടിയിലധികം വോട്ടർമാരെയാണ് ‘സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ട വോട്ടുള്ളവർ’ എന്നീ വിഭാഗങ്ങളിലായി ഉൾപ്പെടുത്തിയത്. കൂട്ടത്തോടെ ഫോം-7 ദുരുപയോഗം ചെയ്തു ചില പ്രത്യേക സമുദായങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളും പരാതികളും പ്രതിഷേധങ്ങളും നേരത്തേതന്നെ ഉയർന്നിരുന്നു.
വോട്ടർപട്ടികയിൽനിന്നു പേര് നീക്കം ചെയ്യാൻ മരണസർട്ടിഫിക്കറ്റോ നേരിട്ടുള്ള പരിശോധനയോ നിർബന്ധമാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഡാറ്റാ എൻട്രിയിലെ ഗുരുതരമായ പിഴവുകളാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. സോഫ്റ്റ്വേറിലെ തകരാറുകളാണോ അതോ മനഃപൂർവം നടത്തിയ അട്ടിമറിയാണോ ഇതിനു പിന്നിലെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ പരിശോധിച്ചുവരികയാണ്.
എസ്ഐആർ പ്രകാരമുള്ള അന്തിമ വോട്ടർപട്ടിക ഈമാസം 27ന് പ്രസിദ്ധീകരിക്കും. കർണാടകയിൽ സമർപ്പിക്കപ്പെട്ട 28,832 ഫോം-7 അപേക്ഷകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് മുന്പും റിപ്പോർട്ടുകൾ വന്നിരുന്നു. തങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ ഫോം-7 അപേക്ഷകൾ സമർപ്പിക്കപ്പെട്ടതറിഞ്ഞ് ഞെട്ടിയ സാധാരണ വോട്ടർമാർ, 3,000 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നതായി വെളിപ്പെടുത്തിയ ഡെപ്യൂട്ടി കമ്മിഷണർ, നീക്കം ചെയ്യാൻ അപേക്ഷ നൽകിയവരിൽ വലിയൊരു പങ്ക് മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടേതായിരുന്നു എന്ന കണ്ടെത്തൽ എന്നിവ ഇതിൽ ചിലതു മാത്രമാണ്.
Tags : VotterPattika Karnataka ElectoralRoll Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SIR