നോവ സാബു, അഞ്ജലി എസ്. ജോയ്, സിവിൻ ജോണി
ന്യൂഡൽഹി: ജർമനിയിലെ ബോഹും നഗരത്തിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നു കേരളത്തിലെത്തിക്കും. കുടുംബങ്ങളുടെ അഭ്യർഥനയെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്താതെതന്നെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ എംബസി പൂർത്തിയാക്കിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ സർക്കാർ ഏർപ്പെടുത്തുന്ന ആംബുലൻസുകളിൽ അതത് വീടുകളിൽ എത്തിക്കും. ഓരോ മൃതദേഹവും നാട്ടിൽ എത്തിക്കുന്നതിനുള്ള ചെലവായ ഏകദേശം 3,000 യൂറോ (ഏകദേശം 3,00,000 രൂപ) വീതം കേരള സർക്കാർ വഹിക്കും.
കൊല്ലം പെരിനാട് (ചാമക്കട) സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ (ശാന്തിഗ്രാം) സ്വദേശി നോവ സാബു (25) എന്നിവരാണ് കഴിഞ്ഞ 15ന് പുലർച്ചെ 4.15ഓടെയുണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ച് മരിച്ചത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തടികൊണ്ടുള്ള പ്രധാന ഗോവണിപ്പടിക്ക് അയൽവാസി മനഃപൂർവം തീയിട്ടതിനെത്തുടർന്ന് തീ അതിവേഗം പടരുകയും കനത്ത വിഷപ്പുക മലയാളികൾ താമസിച്ചിരുന്ന രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലേക്ക് കയറുകയുമായിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം നടന്നു വരികയാണ്. ഫ്ലാറ്റ് ഉടമയും കസ്റ്റഡിയിലുള്ള റുമേനിയൻ പൗരനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യമാണ് തീവയ്പിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tags : Fire Germany Malayalis Home Bodies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash