ജോബിന ജോണി, ജെയ്സിമോൾ മാത്യു
കോട്ടയം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശിനികളായ രണ്ടു നഴ്സുമാരുടെ സംസ്കാരം ഇന്നും നാളെയുമായി നടക്കും.
കോട്ടയം കിടങ്ങൂർ മറ്റത്തിൽ ഫ്രെഡി ജോസിന്റെ ഭാര്യ ജെയ്സിമോൾ മാത്യു (46), കോട്ടയം വേദഗിരി കുറുമുള്ളൂർ ആനചെരിഞ്ഞകുന്നേൽ ജോണിയുടെ മകൾ ജോബിന ജോണി (26) എന്നിവർ കഴിഞ്ഞ രണ്ടിനാണ് മക്ക പ്രവിശ്യയിലെ തായിഫ് റാനിയായിലുണ്ടായ അപകടത്തിൽ മരിച്ചത്.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകർ തമിഴ്നാട്ടിൽനിന്നുള്ള വിജയലക്ഷ്മി ജഗദീഷ് (36), തഞ്ചാവൂർ പട്ടുക്കോട്ടെ സ്വദേശിനി ഹെപ്സിബ ദേവമണി (33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരിച്ചിരുന്നു.
വാരാന്ത്യത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയയിലേക്കു പോകവെയാണ് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞത്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള തായിഫ് ഗവർണറേറ്റിലെ അൽ ഗഫ, അൽ അവെയ്ല സർക്കാർ ഡിസ്പെൻസറികളിലെ ജീവനക്കാരായിരുന്നു ഇവർ. ഔദ്യോഗിക നടപടികൾ പൂർത്തിയായ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നെടുന്പാശേരിയിലെത്തിക്കും.
ജോബിനയുടെ സംസ്കാരം ഇന്ന്
ഇന്നു പുലർച്ചെ 4.20ന് കൊച്ചി നെടുമ്പാശേരിയിലെത്തിക്കുന്ന ജോബിനയുടെ മൃതദേഹം ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വേദഗിരി സെന്റ് മേരീസ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. നാലിന് സംസ്കാരം. ജോബിനയുടെ അമ്മ: ബീന. സഹോദരൻ: ജോഷ്വാ.
ജെയ്സിയുടെ സംസ്കാരം നാളെ
നാളെ പുലർച്ചെ 4.20ന് കൊച്ചി നെടുമ്പാശേരിയിലെത്തിക്കുന്ന ജെയ്സിയുടെ മൃതദേഹം ഉച്ചകഴിഞ്ഞ് 3.30ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ സംസ്കരിക്കും. മറ്റക്കര കൊണ്ടൂർ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകളാണ് ജെയ്സിമോൾ. മക്കൾ: ജസ്റ്റീന, ജൂഡിത്, ജോഷ്വാ (മൂവരും വിദ്യാർഥികൾ).
Tags : Funerals Nurses RoadAccident SaudiArabia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash