സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച അഫ്ഗാനിസ്ഥാൻ താരങ്ങളുടെ ആഘോഷം
അബുദാബി: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സിംബാബ്വെയെ 158 റൺസിന് തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 136 റൺസിൽ ഓൾഔട്ടായി. 48 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്തർ റാസയും 31 റൺസ് വീതമെടുത്ത ബ്രയാൻ ബെന്നറ്റും റയാൻ ബേളും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാൻ നാല് വിക്കറ്റെടുത്തു. ഫസൽഹഖ് ഫറൂഖി രണ്ട് വിക്കറ്റും ഗസൻഫറും മുഹമ്മദ് നബിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 294 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. സെദിഖുള്ള അട്ടലിന്റെ സെഞ്ചുറിയും ഇബ്രാഹിം സദ്രാന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് അഫ്ഗാസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്.
സെദിഖുള്ള അട്ടൽ 102 റൺസും ഇബ്രാഹിം സദ്രാൻ 90 റൺസുമാണെടുത്തത്. ഹഷിമത്തുള്ള ഷഹിദി 28 റൺസും റഹ്മാനുള്ള ഗുർബാസ് 25 റൺസെടുത്തു.
ബ്രാഡ് ഇവാൻസും എർനെസ്റ്റ് മസുകുവും മൂന്ന് വിക്കറ്റ് വീതമെടുത്തു. ബ്ലെസിംഗ് മുസാറബനി രണ്ട് വിക്കറ്റും സിക്കന്തർ റാസ ഒരു വിക്കറ്റും വീഴ്ത്തി.
Tags : Cricket Afghanistan Zimbabwe tri-nation ODI series