എയർ ചീഫ് മാർഷൽ ഷെയ്ഖ് അബ്ദുൾ ഹനാൻ
ദോഹ: കോടികളുടെ അഴിമതിക്കേസിൽ ബംഗ്ലാദേശ് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ഷെയ്ഖ് അബ്ദുൾ ഹനാൻ ഖത്തറിൽ അറസ്റ്റിലായി.
ബംഗ്ലാദേശിലെ അഴിമതിവിരുദ്ധ കമ്മിഷന്റെ അന്വേഷണത്തെത്തുടർന്ന് ഇന്റർപോൾ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ പൊലിസ് ഇദ്ദേഹത്തെ കഴിഞ്ഞ 15ന് കസ്റ്റഡിയിലെടുത്തത്.
വരുമാനത്തിൽ കവിഞ്ഞ് 3.28 കോടി രൂപയിലധികം സ്വത്ത് സമ്പാദിച്ചതായും ആറു വ്യക്തിഗത ബാങ്ക് അൗണ്ടുകൾ വഴി 27.63 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ നടത്തിയതായും അഴിമതിവിരുദ്ധ കമ്മിഷൻ കണ്ടെത്തി.
ഹനാന്റെ ഭാര്യയുടെ പേരിൽ 1.91 കോടി രൂപയുടെ അനധികൃത സ്വത്തുക്കളും 32 ബാങ്ക് അക്കൗണ്ടുകൾ വഴി 1.18 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇവരും കേസിൽ പ്രതിയാണ്. കാനഡയിലും ദുബായിലുമായി ഹനാന്റെ കള്ളപ്പണ നിക്ഷേപങ്ങളും മറ്റു മൂന്ന് രാജ്യങ്ങളിൽ മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്വത്തുക്കളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
യാത്രാവിലക്കും അഴിമതിക്കേസുകളും നിലനിൽക്കേയാണ് ഹനാൻ ബംഗ്ലാദേശ് വിട്ടുപോയത്.
മുൻ പ്രധാനമന്ത്രി ഹസീനയുടെ ഭരണകാലത്ത് വ്യോമസേന മേധാവിയായിരുന്ന ഹനാൻ 2024 ജൂൺ 11നാണ് വിരമിച്ചത്.
Tags : AirForceChief Arrested Qatar Bangladesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash