ഇമ്മാനുവൽ മാക്രോൺ
പാരീസ്: രാജ്യത്തെ വിവിധ നഗരങ്ങളിൽ തുടരുന്ന വ്യാപകമായ പ്രക്ഷോഭങ്ങളും അക്രമങ്ങളും കൊള്ളയും തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി സമർപ്പിച്ച രാജി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തള്ളി.
രാജ്യത്ത് അടിയന്തരസാഹചര്യവും സുരക്ഷാഭീഷണിയും നിലനിൽക്കുന്ന ഘട്ടത്തിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ മാറ്റം പാടില്ലെന്നും ആഭ്യന്തരമന്ത്രി പദവിയിൽ തുടരണമെന്നും ചൂണ്ടിക്കാട്ടിയാണ് മാക്രോണിന്റെ ഓഫിസ് രാജി നിരസിച്ചത്.
കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലുണ്ടായ അക്രമസംഭവങ്ങൾക്കു പിന്നാലെയാണ് ആഭ്യന്തരമന്ത്രി രാജി സമർപ്പിച്ചത്. സംഭവങ്ങളുടെ സമ്പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മാധ്യമങ്ങളോടു വ്യക്തമാക്കിയ ലൊറന്റ് നൂനെസ്, ചില നഗരങ്ങളിൽ പൊലിസിന് പൂർണമായി നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുറന്നുസമ്മതിച്ചു.
അതേസമയം, പ്രക്ഷോഭം അടിച്ചമർത്തുന്നതിലുണ്ടായ രഹസ്യാന്വേഷണ-ആസൂത്രണ വീഴ്ചകളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താൻ മാക്രോൺ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങൾ നേരിടാൻ അടിയന്തരമായി പുതിയ സുരക്ഷാതന്ത്രങ്ങൾ നടപ്പിലാക്കാനും മാക്രോൺ നിർദേശിച്ചു. ഇതിന്റെ ഭാഗമായി മാഴ്സെ ഉൾപ്പടെയുള്ള അക്രമബാധിത നഗരങ്ങളിൽ പൊതുയോഗങ്ങളും പ്രതിഷേധ കൂട്ടായ്മകളും അധികൃതർ പൂർണമായി നിരോധിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നിർദേശം
അക്രമങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രാദേശികതലത്തിൽ അടിയന്തര കർഫ്യൂ ഏർപ്പെടുത്താൻ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു നിർദേശം നൽകി.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ അടിയന്തര യോഗത്തിനുശേഷമാണ് സംഘർഷാവസ്ഥ നിലനിൽക്കുന്ന മേഖലകളിൽ വളരെ നിയന്ത്രിതവും പ്രാദേശികവുമായ കർഫ്യൂ ഏർപ്പെടുത്താൻ പ്രാദേശിക ഭരണാധികാരികൾക്കു പ്രധാനമന്ത്രി നിർദേശം നൽകിയത്.
ശനിയാഴ്ച വൻതോതിലുള്ള അക്രമസംഭവങ്ങളും പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് കടുത്ത നാശനഷ്ടങ്ങളും സംഭവിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Tags : France Curfew immanualMacron protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash