നിഷാദ് കുമാർ
നഗോയ: 2026 പാരാ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു ഗോള്‍ഡന്‍ ഡേ... ഗെയിംസിന്റെ ആദ്യദിനം ഇന്ത്യ നാലു സ്വര്‍ണം, അഞ്ചു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ 11 മെഡല്‍ സ്വന്തമാക്കി.
അത്ലറ്റിക്സില്നിന്നാണ് മൂന്നു സ്വര്‍ണമെത്തിയത്. പുരുഷന്മാരുടെ ലോംഗ്ജംപ് ടി 47ല്‍ നിഷാദ് കുമാര്‍ സ്വര്‍ണത്തില്‍ മുത്തമിട്ടു. പുരുഷ വിഭാഗം ജാവലിന്‍ ത്രൊ എഫ് 46ല്‍ റിങ്കു ഹൂഡയുടെ വകയായിരുന്നു മറ്റൊരു സ്വര്‍ണം.
വനിതകളുടെ 1500 മീറ്റര്‍ ടി 12-13 പോരാട്ടത്തില്‍ സൗമ്യയും ഇന്ത്യന്‍ അക്കൗണ്ടില്‍ അത്ലറ്റിക്സില്നിന്നു സ്വര്‍ണമെത്തിച്ചു.
വനിതകളുടെ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ്എച്ച് 1ല്‍ മൊണ അഗര്‍വാളിന്റേതായിരുന്നു ഇന്നലെ ഇന്ത്യന്‍ അക്കൗണ്ടിലെ ആദ്യ സ്വര്‍ണം.
വെള്ളി അഞ്ച്
ഇന്നലെ ലഭിച്ച അഞ്ചു വെള്ളിയില്‍ രണ്ട് എണ്ണം അത്ലറ്റിക്സില്‍നിന്നും ബാക്കി നീന്തല്‍, ജൂഡൊ, ഷൂട്ടിംഗ് വേദികളില്നിന്നുമായിരുന്നു. വനിതകളുടെ 1500 മീറ്റര്‍ ടി 12-13ല്‍ സൗമ്യക്കു പിന്നില്‍ രാധ വെങ്കടേഷ് രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു വെള്ളി സ്വന്തമാക്കി. ഈയിനത്തില്‍ ഇന്ത്യക്കു ഇരട്ടമെഡല്‍ നേട്ടം. പുരുഷന്മാരുടെ എഫ് 46 ജാവലിന്ത്രൊയിലും ഇന്ത്യ ഇരട്ടമെഡല്‍ നേടി. റിങ്കു ഹൂഡയുടെ സ്വര്‍ണത്തിനു പിന്നാലെ അജീത് സിംഗ് യാദവ് വെള്ളിയണിഞ്ഞു.
വനിതകളുടെ ഷൂട്ടിംഗ് റേഞ്ചിലും ഇന്ത്യക്ക് ഇന്നലെ ഇരട്ടമെഡല്‍ നേട്ടമുണ്ടായി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ്എച്ച് 1ല്‍ മോണ അഗര്‍വാളിന്റെ സ്വര്‍ണത്തിനു പിന്നാലെ ആവണി ലേഖറ വെള്ളി വെടിവച്ചിട്ടു. ജൂഡോയില്‍ (വനിതകളുടെ ജെ2 - 52 കിലോഗ്രാം) കോകില, പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എസ് 13 നീന്തലില്‍ രവി ബുഡിജിന എന്നിവരും ഇന്നലെ ഇന്ത്യന്‍ അക്കൗണ്ടിലേക്കു വെള്ളിയെത്തിച്ചു.
ഇരട്ട വെങ്കലം
അത്ലറ്റിക്സ്, ജൂഡോ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ ജെ 1 - 70 കിലോഗ്രാം വിഭാഗത്തില്‍ കപില്‍ പര്‍മര്‍ ഇന്ത്യക്കായി വെങ്കലമണിഞ്ഞു. വനിതകളുടെ 1500 മീറ്റര്‍ എം ടി11 ഓട്ടത്തില്‍ രാവണിയുടെ വകയായിരുന്നു ഇന്ത്യന്‍ അക്കൗണ്ടിലെത്തിയ മറ്റൊരു വെങ്കലം.

നഗോയ: ഏഷ്യന്‍ പാരാ ഗെയിംസ് അമ്പെയ്ത്തില്‍ ലോക റിക്കാര്‍ഡിനൊപ്പമെത്തിയ പ്രകടനവുമായി ഇന്ത്യയുടെ അദ്ഭുത താരം ശീതള്‍ ദേവി. വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്തില്‍ ആകെ നേടാന്‍ സാധിക്കുന്ന 720 പോയിന്റില്‍ 704ഉം കുറിച്ചാണ് പത്തൊമ്പതുകാരിയായ ശീതൾ ദേവി ലോക റിക്കാര്‍ഡിനൊപ്പം എത്തിയത്. ഇതോടെ ഏഷ്യന്‍ റിക്കാര്‍ഡും ശീതള്‍ സ്വന്തമാക്കി. 698 ആയിരുന്നു ഇതുവരെയുള്ള ഏഷ്യന്‍ റിക്കാര്‍ഡ്.
മത്സരത്തില്‍ ആകെയുള്ള 72 അമ്പുകളില്‍ 57ഉം പെര്‍ഫെക്ട് 10ല്‍ കൊള്ളിച്ചായിരുന്നു ശീതള്‍ ദേവിയുടെ റിക്കാര്‍ഡ് പ്രകടനം. 2024 പാരീസ് പാരാലിമ്പിക്സില്‍ തുര്‍ക്കിയുടെ ഒസ്നുര്‍ ഗിര്‍ദി കുറിച്ച 704 പോയിന്റ് എന്നതിനൊപ്പമാണ് ശീതള്‍ ദേവി എത്തിയത്.
നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ശീതള്‍, തന്റെ ഏഷ്യന്‍ ഗെയിംസ് പ്രകടനവും മെച്ചപ്പെടുത്തി. 680 പോയിന്റായിരുന്നു 2022 ഹ്വാങ്ഷൂ ഏഷ്യന്‍ പാരാ ഗെയിംസില്‍ ശീതള്‍ ദേവിയുടെ പ്രകടനം.