സുധ ദീനദയാലൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ അസഭ്യ പരാമർശം നടത്തിയ സംഭവത്തിൽ ഡിഎംകെ വനിതാ നേതാവിനെതിരെ കേസെടുത്ത് പൊലിസ്. ചെന്നൈ പൊലിസ് ആണ് സുധ ദീനദയാലനെതിരെ കേസെടുത്തിരിക്കുന്നത്.
ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമാണ് സുധ ദീനദയാലൻ. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെ ആയിരുന്നു വിവാദ പരാമർശങ്ങൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരാമർശത്തിനെതിരെ മന്ത്രിമാരടക്കം രംഗത്തെത്തിയതിനു പിന്നാലെ രാത്രിയോടെയാണ് പൊലിസ് കേസെടുത്തത്.
പരിപാടിയിൽ പങ്കെടുത്ത കനിമൊഴി എംപി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Tags : DMK Police Tamilnadu JosephVijay TVK NewsUpdate Headlines