അബ്ദുൽറഹ്മാൻ അൽഫൊസാൻ
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പൺഎഐയുടെ സാൻ ഫ്രാൻസിസ്കോ ഓഫീസിലെ കോൺഫറൻസ് റൂമിൽ രഹസ്യമായി റിക്കാർഡിംഗ് ഉപകരണം സ്ഥാപിച്ച മുൻ എഞ്ചിനീയർ അറസ്റ്റിൽ. സൗദി പൗരനായ അബ്ദുൽറഹ്മാൻ അൽഫൊസാൻ ആണ് ഒക്ടോബർ ഒൻപതിന് അറസ്റ്റിലായത്. സൗദി അറേബ്യയുടെ ഔദ്യോഗിക എഐ പദ്ധതിയിൽ ചേരാൻ സൗദി രാജകുടുംബാംഗം അദ്ദേഹത്തിന് മേൽ സമ്മർദം ചെലുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സൗദി അറേബ്യയിലേക്ക് മടങ്ങാനും രാജ്യത്തിന്റെ എഐ പദ്ധതിയിൽ ചേരാനും ആവശ്യപ്പെട്ട് സൗദി രാജകുടുംബത്തിലെ ഒരു അംഗം അൽഫൊസാനുമായി നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച 11 പേജുള്ള രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. "അമേരിക്കയേക്കാൾ കൂടുതൽ സൗദിക്ക് നിങ്ങളെ ആവശ്യമുണ്ട്!" എന്നായിരുന്നു രാജകുടുംബാംഗത്തിന്റെ സന്ദേശം. കമ്പനിയിലെ ഓഹരികൾ ലഭിച്ച ശേഷം തിരികെ വരാമെന്ന് അൽഫൊസാൻ സമ്മതിച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
കമ്പനിയുടെ എക്സിക്യൂട്ടീവ് കോൺഫറൻസ് റൂമിലെ ടെലിവിഷന്റെ യുഎസ്ബി പോർട്ടിലാണ് സെപ്റ്റംബർ 28-ന് രഹസ്യ ഉപകരണം ഘടിപ്പിച്ചത്. എൻക്രിപ്റ്റ് ചെയ്ത ഓഡിയോ റിക്കാർഡിംഗുകൾ സൂക്ഷിക്കാൻ പാകത്തിലുള്ളതായിരുന്നു ഈ ഉപകരണം. ഉന്നത ഉദ്യോഗസ്ഥരുടെയും സർക്കാർ പ്രതിനിധികളുടെയും രഹസ്യ മീറ്റിംഗുകൾ നടക്കുന്ന ഈ മുറിയിൽ നിന്നും സുപ്രധാന വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതായി സംശയിക്കുന്നു. ഒക്ടോബർ 12-ന് കുടുംബത്തോടൊപ്പം റിയാദിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അൽഫൊസാൻ പിടിയിലായത്.
Tags : OpenAI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash